സ്‌കൂട്ടറിൽ ക്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം > സ്കൂട്ടറിൽ ക്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ പാണമ്പിയിലെ പുളിക്കൽ നജീബിന്റെയും ഫജീലയുടെയും മകൾ നേഹ (21)യാണ് മരിച്ചത്. അൽഷിഫ നഴ്സിങ് കോളേജിൽ ബിഎസ്‌സി വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച പകൽ രണ്ടരയോടെ പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം.
മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. വെട്ടത്തൂർ കാപ്പിലെ ബന്ധുവീട്ടിൽ വെള്ളിയാഴ്ച സൽക്കാരം കഴിഞ്ഞ് നേഹയെ കോളേജിൽ കൊണ്ടുവിടാൻ എത്തിയതായിരുന്നു അഷർ. സ്‌കൂട്ടർ യു ടോണിൽ തിരിക്കാനിരിക്കെ വേഗത്തിലെത്തിയ ക്രെയിൻ പിന്നിലിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയിൽപ്പെട്ടു. സ്വകാര്യ ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരങ്ങള്‍. മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ.
0 comments