വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് > വീഡിയോ ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര സ്വദേശി ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.
റോഡിന് നടുക്ക് ഡിവൈഡറിൽ നിന്നുകൊണ്ട് ആൽവിൻ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളുടെ ചോസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ അമിതവേഗത്തിലെത്തിയ വാഹനങ്ങളിൽ ഒന്ന് ആൽവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. അപകടത്തില്‍ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. ആൽവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
0 comments