24 September Friday

എ.സി റോഡ്‌ നവീകരണം; അമ്പലപ്പുഴ–തിരുവല്ല 
പാതയിൽ വാഹനത്തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

അമ്പലപ്പുഴ–തിരുവല്ല പാതയിലെ ഗതാഗതക്കുരുക്ക്

ആലപ്പുഴ > എസി റോഡ്‌ നവീകരണം ആരംഭിച്ചതോടെ അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ വാഹനത്തിരക്കേറി. കാറുകൾ ഉൾപ്പടെ ചെറിയ വാഹനങ്ങളാണ് കൂടുതലായി എത്തുന്നത്. കളർകോട് നിന്ന് ദേശീയ പാതയിലൂടെ വളഞ്ഞവഴി എസ്എൻ കവല–- കഞ്ഞിപ്പാടം- വൈശ്യം ഭാഗം പാലം–- ചമ്പക്കുളം പള്ളി–- നെടുമുടി പൂപ്പള്ളി ജങ്ഷനിൽ എത്തി വാഹനയാത്രക്കാർക്ക് എ സി റോഡിലെത്താം.
 
ദേശീയപാത വഴി അമ്പലപ്പുഴ കച്ചേരി മുക്കിലെത്തുന്ന വാഹനങ്ങൾ എടത്വ വഴി കിടങ്ങറയിലേക്കും തിരുവല്ലയിലേക്കും എത്താമെന്നതിനാൽ ഈ റോഡാണ് ഏറെ തെരഞ്ഞെടുക്കുന്നത്. വാഹനത്തിരക്ക് തകഴി ഭാഗങ്ങളിൽ അപകട സാധ്യതയും കൂട്ടുന്നുണ്ട്. തകഴി റെയിൽവേ ക്രോസ് മുതൽ കേളമംഗലം പാലം വരെയുള്ള റോഡിന്റെ വിവിധഭാഗങ്ങളിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന്  അറ്റകുറ്റപ്പണികൾക്ക് ശേഷം ടാറിങ്ങിന് പകരം കോൺക്രീറ്റാണ് ചെയ്തിരിക്കുന്നത്. റോഡ് ഉറയ്ക്കാതെ കോൺക്രീറ്റ് ചെയ്‌ത‌തിനാൽ ഈ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ കയറിയിറങ്ങി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.  തകഴിയിലെ റെയിൽവേ ക്രോസും യാത്രക്കാർക്ക് തടസ്സമായേക്കാം. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ റെയിൽവേ ക്രോസ് അടക്കുന്നത്തോടെ നീണ്ട നിരയാണ്.
 
15 മുതൽ 20 മിനിറ്റ് വരെ ആണ് ട്രെയിൻ പോകുന്നതിനു വേണ്ടി കാത്തു കിടക്കേണ്ടി വരുന്നത്. ഡബിൾ ലൈൻ വന്നതോടുകൂടി ചില സമയങ്ങളിൽ അരമണിക്കൂറോളം കാത്തു കിടക്കേണ്ടി വരാറുണ്ട്. സാധാരണ കണ്ടെയ്നർ കയറ്റിയ ട്രെയിലറുകൾ ക്രോസ് കടന്നു പോകുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ളവ വന്നാൽ ഹൈറ്റ്ഗേജ് കടന്നുപോകുമോന്നുള്ളത് സംശയമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top