ആലപ്പുഴ > എസി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഒന്നാംകര, മങ്കൊമ്പ് മേൽപ്പാലങ്ങളുടെ നിർമാണം 95 ശതമാനവും പൂർത്തിയായി. ഒന്നാംകരയിലെ വൈദ്യുതി ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഇതിനിടെ യാത്രാക്ലേശം രൂക്ഷമായ പണ്ടാരക്കളം മേൽപ്പാലത്തിന്റെ സർവീസ് റോഡ് ടാർചെയ്‌ത് ഗതാഗതയോഗ്യമാക്കി.
നീളംകൂടിയ മേൽപ്പാലമാണ് പണ്ടാരക്കളത്ത് പൂർത്തിയാകുന്നത്. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുഗമമായ യാത്ര മുൻനിർത്തിയാണ് പണ്ടാരക്കളം സർവീസ് റോഡ് ഗതാഗതയോഗ്യമാക്കിയത്. നസ്രത്ത്, ജ്യോതി മേൽപ്പാലങ്ങൾ പൂർണമായും ഗതാഗതത്തിന് തുറന്നുനൽകി. മങ്കൊമ്പ്, ഒന്നാംകര മേൽപ്പാലങ്ങളും കാലവർഷം ശക്തമാകുംമുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്ന് ഊരാളുങ്കൽ അധികൃതർ അറിയിച്ചു.
വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ട സ്ഥലങ്ങളിലാണ് മേൽപ്പാലങ്ങൾ നിർമിച്ചത്. മേൽപ്പാലങ്ങൾ കുട്ടനാടിന്റെ വ്യൂ പോയിന്റാകും. 2020 ഒക്‌ടോബർ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിർമാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. കിടങ്ങറ, നെടുമുടി വലിയപാലങ്ങളുടെ നിർമാണം 95 ശതമാനം പൂർത്തിയായി. ദേശീയജലപാതയിലെ പള്ളാത്തുരുത്തി പാലം നിർമാണത്തിന് രൂപരേഖയിലും മറ്റുമുണ്ടായ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും. വഴിവിളക്ക് സ്ഥാപിക്കലും സമാന്തരപാതകളുടെ നവീകരണവും പൂർത്തിയാകാനുണ്ട്. മനയ്‌ക്കച്ചിറ, കൊണ്ടൂർ, കിടങ്ങറ, രാമങ്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, മാതകശേരി, പണ്ടാരക്കളം, കൈതവന എന്നിവിടങ്ങളിലെ ചെറിയപാലങ്ങൾ പൂർത്തിയായി. കിടങ്ങറ ബസാർകിഴക്ക് പാലം കഴിഞ്ഞദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..