20 April Saturday

3 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ ; കൊലപാതക സംഘത്തിൽ 20 പേർ

സ്വന്തം ലേഖകൻUpdated: Tuesday Jul 3, 2018


കൊച്ചി
എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ‌് കോളേജ‌് രണ്ടാംവർഷ ബിരുദ വിദ്യാർഥിയുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പോപ്പുലർ ഫ്രണ്ട‌്‐ ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ പിടിയിൽ. കോട്ടയം സ്വദേശി ബിലാൽ, മഹാരാജാസിൽ ഒന്നാംവർഷ ബിരുദത്തിന‌ുചേർന്ന പത്തനംതിട്ട സ്വദേശി ഫറൂഖ‌്, ഫോർട്ട‌്കൊച്ചിയിലെ റിയാസ‌് എന്നിവരാണ‌് പിടയിലായത‌്.

അഭിമന്യുവിനൊപ്പം, തീവ്രവാദിസംഘം കുത്തിവീഴ‌്ത്തിയ അർജുന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ‌്. അർജുന്റെ കരളിലാണ‌് കത്തി തുളഞ്ഞുകയറിയത‌്.  കുത്തേറ്റ മറ്റൊരു വിദ്യാർഥി വിനീതും ചികിത്സയിലാണ‌്. ഇരുപതംഗസംഘമാണ‌് ആക്രമണം നടത്തിയതെന്ന‌് പൊലീസ‌് പറഞ്ഞു. ഇവർ വന്ന എട്ടു ബൈക്കുകൾ പിടിച്ചെടുത്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

തിങ്കളാഴ‌്ച ക്യാമ്പസിലേക്കെത്തുന്ന ഒന്നാംവർഷ ബിരുദവിദ്യാർഥികളെ സ്വീകരിക്കാനുളള എസ‌്എഫ‌്ഐ പ്രവർത്തകരുടെ ഒരുക്കത്തിനിടെയാണ‌് ഞായറാഴ‌്ച രാത്രി പുറത്തുനിന്നെത്തിയ പോപ്പുലർ ഫ്രണ്ട‌് തീവ്രാദിസംഘം ആക്രമണം അഴിച്ചുവിട്ടത‌്. നെഞ്ചിന‌ു കുത്തേറ്റ അഭിമന്യുവിന്റെ ഹൃദയത്തിലേക്കാണ‌് കത്തി തുളഞ്ഞുകയറിയത‌്. കൊലപാതകത്തിൽ പ്രതിഷേധിച്ച‌് സംസ്ഥാനത്തെ വിദ്യാർഥികൾ ഒന്നടങ്കം തിങ്കളാഴ‌്ച പഠിപ്പുമുടക്കി.

ജനറൽ ആശുപത്രിയിൽ പോസ‌്റ്റ‌്മോർട്ടത്തിന‌ുശേഷം പകൽ 10.30ഓടെ മഹാരാജാസിൽ പൊതുദർശനത്തിന‌ുവച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും പൊതുപ്രവർത്തകരുമടക്കം നൂറുകണക്കിന‌ുപേർ അന്ത്യാഞ‌്ജലി അർപ്പിച്ചു. മന്ത്രിമാരായ ഡോ. തോമസ‌് ഐസക‌്, എം എം മണി, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ അന്ത്യാഞ‌്ജലിയർപ്പിച്ചു. അഭിമന്യുവുമായി ആത്മബന്ധം പുലർത്തിയ സൈമൺ ബ്രിട്ടോയുടെ അന്ത്യാഭിവാദ്യം വികാരഭരിതമായി. പതിനൊന്നരയോടെ മൃതദേഹം സ്വദേശമായ ഇടുക്കി വട്ടവടയിലേക്ക‌് കൊണ്ടുപോയി.

നേര്യമംഗലം, അടിമാലി, മൂന്നാർ, മാട്ടുപ്പെട്ടി, ടൗൺ സ‌്റ്റേഷൻ, കോവിലൂർ എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനക്കൂട്ടം കാത്തുനിന്നിരുന്നു. വൈകിട്ട‌് അഞ്ചരയോടെ മൃതദേഹം കൊട്ടക്കാമ്പൂരിലെത്തിച്ചു.

പൊതുശ‌്മശാനത്തിലേക്കാണ‌് നേരിട്ട‌് കൊണ്ടുപോയത‌്. ആയിരക്കണക്കിന‌് പേർ യുവസുഹൃത്തിന‌് കണ്ണീരിൽ കുതിർന്ന അന്ത്യാഭിവാദ്യമേകി. വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ്‌ ആർ മനോഹരന്റെ മകനാണ്‌ അഭിമന്യു. ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ്‌ സമ്മേളനം ഉദ്‌ഘാടനംചെയ്‌തശേഷം ഞായറാഴ്‌ച വൈകിട്ട്‌ നാലോടെയാണ്‌ കോളേജിലേക്ക്‌ മടങ്ങിയത്‌. തിങ്കളാഴ്‌ച പരീക്ഷയുള്ളതായി സുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു. അമ്മ: ഭൂപതി. സഹോദരൻ: പരിജിത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്‌. സഹോദരി: കൗസല്യ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top