കൊച്ചി > അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിനാണ് അഭിമന്യു കൊലപാതകത്തില്‍ പങ്കുള്ളതായി അറിയിച്ചത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
കേസില്‍ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് മനാഫിന്റെയും പള്ളുരുത്തി സ്വദേശി ഷമീറിന്റെയും ഭാര്യമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഈ രണ്ട് ഹര്‍ജികളും, അഭിമന്യു വധക്കേസില്‍ പിടിയിലായ കാമ്പസ് ഫ്രണ്ട് നേതാവ് ആദിലിന്റെ മാതാവ് നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
കേസ് അന്വേഷണത്തെ തടസപ്പെടുത്താനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഭാര്യമാരുടെ ഫോണുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഫയല്‍ ചെയ്ത ഹര്‍ജികള്‍. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പൊലിസ് അറിയിച്ചു.
സ്ത്രീകളെ പൊലിസ് സ്റ്റേഷനിലേക്ക് വിളിക്കരുതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി നിരസിച്ചു. പൊലിസ് അധികാര പരിധി കടന്നുവെന്ന വാദം കോടതി തള്ളി. അന്വേഷണം തുടരുന്നതിനാല്‍ ഇടപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.