13 May Thursday

അഭിമന്യു കൊലപാതകം: പ്രതികളില്‍ പ്രധാനി സജയ്‌ ജിത്ത് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; ക്യാമ്പില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കൊലപാതകിയെന്ന് സംശയിക്കുന്ന സജ് ജിത്ത് ആര്‍എസ്എസ് ക്യാമ്പില്‍ പരിശീലനത്തില്‍

ആലപ്പുഴ > വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് ആവര്‍ത്തിക്കുമ്പോള്‍  സംഭവത്തില്‍ പ്രധാനിയെന്ന് സംശയിക്കുന്ന സജയ്‌ ജിത്ത് ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന  ചിത്രങ്ങള്‍ പുറത്തുവന്നു. ആര്‍എസ്എസ് ശാഖാ പരിശീലനത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.കൊലപാതകത്തില്‍ ആര്‍എസ്എസിനെ രക്ഷിച്ചെടുക്കാന്‍ മാധ്യമങ്ങളും സംഘ്പരിവാറും ശ്രമം നടത്തുമ്പോഴാണ് പ്രതികളിലൊരാളുടെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.

തങ്ങളുടേത്‌  സിപിഐ എം  കുടുംബമാണെന്നും അഭിമന്യു സ്‌കൂളില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനുമാണെന്ന്‌ അച്‌ഛൻ അമ്പിളികുമാർ വ്യക്തമാക്കിയിരുന്നു. പലപ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്റെ വാഹനം തകര്‍ത്ത സംഭവത്തിലും വീടിന് നേരെ നടന്ന അക്രമത്തിലും പോലീസില്‍ കേസ് നല്‍കിയിരുന്നു.ഈ വൈരാഗ്യമാണ് അഭിമന്യുവിനെ കൊലപെടുത്തിയതിന്‌ പിന്നിലെന്നും അമ്പിളി കുമാർ പറഞ്ഞു.

മൂത്തമകന്‍ അനന്തു  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. മകന്‍ അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആണോ എന്നാണ് മാധ്യമങ്ങള്‍ തന്നോട് ചോദിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല എന്നും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആണ് എന്നുമാണ് താന്‍ പറഞ്ഞതെന്നും അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാര്‍ പറഞ്ഞു. തങ്ങളുടേത്‌  പാരമ്പര്യ കമ്യൂണിസ്റ്റ് കുടുംബമാണെന്നും, കൊച്ചുമകന്‍ എസ് എഫ് ഐ പ്രവര്‍ത്തകനുമായതാണ് ആര്‍ എസ് എസ് സംഘം അവനെ കൊല്ലാന്‍ കാരണമെന്ന് മുത്തച്ഛന്‍ ദിവാകരന്‍ പറഞ്ഞു.
     
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവച്ച് അഭിമന്യുവിന്റെ വയറിന്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. നാല് സെന്റീമീറ്റര്‍ വ്യാസത്തില്‍ വയറില്‍ കത്തി ആഴ്ന്നിറങ്ങി.
 
ബുധനാഴ്ച വൈകിട്ട് നാലോടെ ഒരുസംഘമാളുകള്‍ ക്ഷേത്രപരിസരത്തെ കടകള്‍ക്ക് പിന്നില്‍ മാരകായുധങ്ങള്‍ ഒളിപ്പിച്ച് വച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് അക്രമം വല്ലതും നടന്നോയെന്ന്  ചിലര്‍ വിളിച്ചന്വേഷിച്ചതായി പൊലീസ് പറഞ്ഞു. ആര്‍എസ്എസ് ക്രിമിനല്‍ സംഘവുമായി ബന്ധമുള്ള, കാപ്പ ചുമത്തി ജില്ലയില്‍നിന്ന് പുറത്താക്കിയ ചിലര്‍  സമീപ ദിവസങ്ങളില്‍ പ്രദേശത്തുണ്ടായിരുന്നതായും  പറയപ്പെടുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുത്തിയത് ഒരാളാണെങ്കിലും നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ആര്‍എസുഎസുകാരായ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അറിയുന്നു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ജോസ്, അഡീഷണല്‍ എസ്പി നസീം മാവേലിക്കര സിഐ പ്രൈജു, വള്ളികുന്നം സിഐ മിഥുന്‍, നൂറനാട് സിഐ ഷിബുകുമാര്‍, കുറത്തികാട് സിഐ സാബു, വെണ്‍മണി സി ഐ ഷിഹാബുദ്ദീന്‍, ചെങ്ങന്നൂര്‍ സിഐ ബിജുകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍. ഇവര്‍ക്ക് പുറമേ ഷാഡോ പൊലീസ് സംഘവും സൈബര്‍ സെല്‍ സംഘവും അന്വേഷണത്തിനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top