16 February Saturday

അഭിമന്യുവിന്റെ കൊലപാതകം:സംഘർഷമല്ല; ഇത‌് വർഗീയ തീവ്രവാദി ആക്രമണം

മിൽജിത്ത‌് രവീന്ദ്രൻUpdated: Wednesday Jul 4, 2018

കൊച്ചി > മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവിന്റെ കൊലപാതകത്തെ ക്യാമ്പസ‌് സംഘർഷത്തെത്തുടർന്നുള്ള ചെയ‌്‌‌തിയായി ചുരുക്കുന്നത‌് യാഥാർഥ്യത്തിനു നേരെ കണ്ണടച്ച‌്. വ്യക്തമായ ലക്ഷ്യത്തോടെ വിദഗ‌്ധമായി ആസൂത്രണംചെയ‌്തു നടത്തിയ കൊലപാതകമാണ‌് അഭിമന്യുവിന്റേതെന്ന‌് പ്രമുഖർ പറയുന്നു. വർഗീയ തീവ്രവാദത്തിനു പ്രചാരണം നൽകുകയും സമൂഹത്തിൽ ഭീതിവിതയ‌്ക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ‌് പോപ്പുലർ ഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ നടപ്പാക്കിയത‌്. ആശയസംഘർഷങ്ങളും  കശപിശകളും മഹാരാജാസ‌് അടക്കമുള്ള ക്യാമ്പസുകളിൽ പതിവാണെന്നും ഉടൻ പ്രശ‌്നങ്ങൾ പരിഹരിച്ച‌് തോളിൽ കൈയിട്ട‌് പിരിയുന്ന വിദ്യാർഥികളെയാണ‌് തങ്ങൾ കണ്ടിട്ടുള്ളതെന്ന‌ും മഹാരാജാസിലെ മുൻ പ്രിൻസിപ്പലടക്കം ചൂണ്ടിക്കാട്ടുന്നു.

കെജിഎസ്‌

കെജിഎസ്‌

സംഘർഷമാണ‌് കൊലപാതകത്തിലേക്കു നയിച്ചതെന്ന തരത്തിലാണ‌് മാധ്യമങ്ങളും വാർത്ത ചമച്ചത‌്. .മഹാരാജാസിൽ ചോരവീണ ഒരു ദൃശ്യം തനിക്ക‌് സങ്കൽപ്പിക്കാനാകില്ലെന്ന‌് മുൻ പ്രിൻസിപ്പലായ കവി കെ ജി ശങ്കരപ്പിള്ള പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രേയസ്സ‌് ഇല്ലാതാക്കാനുള്ള പ്രവർത്തനമാണ‌് എല്ലാ ഫാസിസ‌്റ്റുകളും ചെയ്യുന്നതെന്നും അതാണ‌് മഹാരാജാസിൽ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    

എസ‌്എഫ‌്ഐയെ ആശയപരമായി കീഴ‌്പ്പെടുത്താനാകില്ലെന്നു മനസ്സിലാക്കി അവരെ ശാരീരികമായി ഇല്ലാതാക്കുക എന്നത‌് വർഷങ്ങളായി അവർ ചെയ‌്തുകൊണ്ടിരിക്കുന്നതാണ‌്. അൽപ്പാൽപ്പമായി ജനാധിപത്യത്തിന്റെ കൊലയാണ‌് ഇവിടെ നടക്കുന്നത‌്. മഹാരാജാസ‌്പോലൊരു ക്യാമ്പസ‌ിൽ ജനാധിപത്യത്തിന്റെ ഇടം വളരെ സർഗാത്മകവും സ്വതന്ത്രവും ജൈവവുമായ ഒന്നാണ‌്. അവിടെ ചോര വീഴ‌്ത്തുക എന്നത‌് ജനാധിപത്യത്തിന‌് ദ്രോഹംചെയ്യും. ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കും. നിരപരാധിയായ ഒരാളെ കൊല്ലുകവഴി എവിടെയും ആർക്കും എന്തും സംഭവിക്കാമെന്ന അനിശ‌്ചിതത്വമാണ‌് സൃഷ്ടിക്കുന്നത‌്. ഇത്തരം വികാരങ്ങൾ ജനാധിപത്യത്തെ വളരാൻ അനുവദിക്കാത്ത, സർഗാത്മകതയ‌്ക്ക‌് വിരുദ്ധമായ വികാരങ്ങളാണ‌്. അത‌് ഫാസിസം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആർഎസ‌്എസും അതാണ‌് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങളെ എതിർത്താൽ കായികമായി നേരിടും എന്നത‌് എല്ലാ തീവ്രവാദികളുടെയും ലക്ഷണമാണെന്നും മഹാരാജാസിൽ കണ്ടത‌് അതാണെന്നും കോളേജിലെ മുൻ അധ്യാപകനും സംസ‌്കൃത സർവകലാശാല മുൻ

കെ എസ്‌ രാധാകൃഷ്‌ണൻ

കെ എസ്‌ രാധാകൃഷ്‌ണൻ

വൈസ‌് ചാൻസലറുമായ ഡോ. കെ എസ‌് രാധാകൃഷ‌്ണൻ പറഞ്ഞു. അഭിമന്യുവിനോടുള്ള വിരോധംകൊണ്ടല്ല അവർ അവനെ കൊന്നത്. ഒരാളെ കൊല്ലാൻ തീരുമാനിച്ചെത്തി, അത‌് അഭിമന്യുവായി. എല്ലാ തീവ്രവാദികളും ഇതാണ‌് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസിലെ കൊലപാതകത്തിനുപിന്നിൽ പ്രത്യേക പരിശീലനം സിദ്ധിച്ച അക്രമിസംഘമാണെന്ന‌് കോളേജിലെ പൂർവവിദ്യാർഥി സംഘടനാ ഭാരവാഹിയായ മുൻ ജില്ലാ കലക്ടർ കെ ആർ വിശ്വംഭരൻ പറഞ്ഞു. കലാലയത്തിൽ കുട്ടികൾ തമ്മിലുള്ള വഴക്കും സംഘർഷവും സർവസാധാരണമാണ‌്. എന്നാൽ, ഇവിടെ നടന്നത‌് അതല്ല. പുറമെനിന്നുള്ള സംഘം കരുതിക്കൂട്ടി എത്തിയാണ‌് കൊല നടത്തിയത‌്. മഹാരാജാസിന്റെ അക്കാദമിക നിലവാരം ഉയർത്താനുള്ള പരിശ്രമത്തിലാണ്‌ തങ്ങളെല്ലാം. കുട്ടികൾ മഹാരാജാസിലേക്കു വരാൻ താൽപ്പര്യപ്പെടുന്നു. ഇവിടെ പഠിക്കുന്നത‌് അഭിമാനമായി കാണുന്ന സാഹചര്യത്തിലാണ‌് ഈ സംഭവമെന്നത‌് ഈ കലാലയത്തെ കളങ്കപ്പെടുത്താൻവേണ്ടികൂടിയാണ‌്. ഇത്തരം ശക്തികൾക്കെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രതികരിക്കണം. ഇനി ഒരു കലാലയത്തിലും ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
 Top