10 August Monday

അഭിമന്യു കൊലക്കേസ്: രണ്ടാം പ്രതി മുഹമ്മദ് ഷഹിം ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2019

കൊച്ചി> മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഷഹിം ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍. കൊലയ്ക്ക് ശേഷം കേരളത്തില്‍ നിന്നും രക്ഷപെട്ട ഇയാള്‍ സാംഗ്ളിയിലെ മാര്‍ക്കറ്റില്‍ മാതള നാരാങ്ങ വില്‍പ്പന നടത്തുകയായിരുന്നു. ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന്  പൊലീസ് വ്യക്തമാക്കി.

 ഷഹിമിനെ ചൊവ്വാഴ്ച മഹാരാജാസിലെത്തിച്ച് തെളിവെടുത്തു.2018 ജൂലൈ രണ്ടിന് രാത്രി 12.45ന് മഹാരാജാസ് കോളേജിന് പുറകിലെ കവാടത്തിന് സമീപത്ത് വച്ചാണ് കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ അര്‍ജുന്‍ കൃഷ്ണയെ കുത്തിയത് ഷഹീമാണ്.

സംഭവത്തിന് ശേഷം നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നിര്‍ദേശിച്ചു. അന്ന് രാത്രി തന്നെ തൃശൂരിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും മാറി. മൂന്നിന് ബംഗളുരുവില്‍ തങ്ങി. ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. പ്രതികളില്‍ ചിലര്‍ അറസ്റ്റിലായിയെന്നും അവിടെ നിന്നും മാറി നില്‍ക്കണമെന്നും വീട്ടുകാര്‍ അറിയിച്ചതോടെ മഹാരാഷ്ട്രയിലേക്ക് പോയി.

സാംഗ്ളി നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാതള നാരങ്ങ മൊത്തവ്യാപാരിയായ സൂര്യ കിരണിനെ പരിചയപ്പെട്ടു. ഇത്രയും നാള്‍  ഇയാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുകയുമായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഷഹിം പറഞ്ഞതായി അന്വേഷണ ചുമതലയുള്ള എസിപി എസ് ടി സുരേഷ് കുമാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് ഷഹീമിനെ എത്തിച്ച് തെളിവെടുത്തു. അഞ്ച് ദിവസത്തേക്കാണ് ഷഹിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.

ലോറി ജീവനക്കാരനായിരുന്ന ഷഹിം നേരത്തെ സാംഗ്ളി സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പരിചയംവച്ചാണ് കൊലപാതകത്തിന് ശേഷം ഇവിടെയെത്താന്‍ പ്രേരിപ്പിച്ചത്. ഇതിനിടെ ഒരു പ്രാവശ്യം കേരളത്തിലെത്തി. എന്നാല്‍ കേസിലെ പല പ്രതികളെയും  പിടികൂടിയതറിഞ്ഞ് തിരിച്ചു പോയി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമ ഉപദേശം ലഭിച്ചതിനാല്‍ അവിടെ തന്നെ തങ്ങി. അഭിമന്യുവിനെ കുത്തിയ നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ (21), അര്‍ജുനെ കുത്തിയ ചേര്‍ത്തല പാണാവള്ളി സ്വദേശി തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അഭിമന്യുവിനെ കുത്താന്‍ പിടിച്ച് നിര്‍ത്തി കൊടുത്ത പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി എന്‍ ഷിഫാസ് (23) ഉള്‍പ്പെടെ പലരും പൊലീസില്‍ കീഴടങ്ങി. കേസില്‍ നേരിട്ട് പങ്കാളികളായ 16ല്‍ 15 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സഹല്‍ ഹംസ ഇപ്പോഴും ഒളിവിലാണ്. 16 പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ 85ാം നാള്‍  കുറ്റപത്രവും നല്‍കി. വിചാരണയ്ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top