21 March Thursday

പെങ്ങളുടെ കല്യാണം, നാടിന് ലൈബ്രറി, അടച്ചുറപ്പുള്ള വീട്.. അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം

കെ ടി രാജീവ്Updated: Monday Jan 14, 2019

ഇടുക്കി > പ്രിയ സഹോദരിയുടെ വിവാഹം, അടച്ചുറപ്പുള്ള വീട്, വട്ടവടയുടെ മക്കള്‍ക്ക് വായിക്കാന്‍ വായനശാലയും പുതുതലമുറയ്ക്ക് പഠിക്കാന്‍ പരിശീലന  കേന്ദ്രവും. അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി കേരള ജനത സാക്ഷാത്കരിക്കുകയായിരുന്നു.

തന്റെ പ്രതീക്ഷകളെ മുളയിലെ അറുത്തുമാറ്റിയ തീവ്രവാദശക്തികള്‍ക്ക് താക്കീതായി സംഘടിത പ്രസ്ഥാനവും കേരളം ഒന്നാകെയും കൈകോര്‍ക്കുകയായിരുന്നു. നാടിനുവേണ്ടി പോരാടി രക്തസാക്ഷിയായ അഭിമന്യുവിന്റെ സ്വപ്നം സഫലമാക്കുമെന്നും ആ കുടുംബം അനാഥമല്ലെന്നും പ്രഖ്യാപിച്ച് കഴിഞ്ഞ ജൂലൈ 23ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലയിട്ട വീടാണ് നിര്‍മാണമെല്ലാം പൂര്‍ത്തികരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി താക്കോല്‍ കൈമാറിയത്.


  ഫണ്ട് സമാഹരണത്തിന് ഉള്‍പ്പെടെ നാടിന്റെയാകെ അകൈതവ പിന്തുണയും ലഭിക്കുകയുണ്ടായി. സിപിഐ എം  ഇടുക്കി- എറണാകുളം  ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്. കുടുംബസഹായ നിധിയിലേക്ക് മറ്റിടങ്ങളില്‍ നിന്നും അക്കൗണ്ടില്‍  പണം ലഭിച്ചു. വീടിന് തറക്കല്ലിട്ട് അഞ്ചുമാസത്തിനുള്ളില്‍ 1256 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കാനായി.
 
ഉറ്റവരോടും കൂട്ടുകാരോടും അഭിമന്യു പറയാറുണ്ടായിരുന്നത് ഏക സഹോദരി കൗസല്യയുടെ വിവാഹകാര്യമായിരുന്നു. മരിക്കുന്നതിന് മുമ്പേ വിവാഹ കാര്യം തീരുമാനിച്ചിരുന്നു.  മരണശേഷം വിവാഹ തീയതി മാറ്റി. ഇക്കഴിഞ്ഞ നവംബര്‍ 11ന് വന്‍ ജനസഞ്ചയത്തെ സാക്ഷിയാക്കി വട്ടവട  ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഹാളില്‍ കൗസല്യയുടെ വിവാഹം നടന്നു.

 സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം  എം വി ഗോവിന്ദന്‍ മാസ്റ്റര്‍  താലിയും മാലയും  കൈമാറിയാണ് വിവാഹം  നടത്തിയത്.
 സംസ്ഥാനത്തിന്റെ ശീതക്കാലപച്ചക്കറി കലവറയാണ് വട്ടവട. സാധാരണ കര്‍ഷകരുടെ മക്കള്‍ക്ക് വായിച്ച് പഠിച്ച് ഉന്നത ഉദ്യോഗതലത്തില്‍ എത്തണമെന്ന അദമ്യമായ ആഗ്രഹം അഭിമന്യൂ ഗ്രാമസഭകളില്‍ പ്രകടിപ്പിച്ചിരുന്നു. വായനശാലയും പിഎസ്സി  പരിശീലന കേന്ദ്രവുമെന്ന സ്വപ്നവും ഇപ്പോള്‍ യാഥാര്‍ഥ്യമാക്കി.


എല്ലാം സജ്ജീകരണത്തോടും കൂടിയ കംപ്യൂട്ടറൈസ്ഡ് വായനശാലയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനവും  സാധ്യമാകുന്ന ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുള്ള സംസ്ഥാനത്തെ ഏകവായനശാലയെന്ന പദവിയും അഭിമന്യൂ മഹാരാജാസ് എന്ന ലൈബ്രറിക്കുണ്ട്.

അഭിമന്യുവിന്റെ  ജ്യേഷ്ഠന്‍ പരിജിത്തിന് മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയും നല്‍കി.  അഭിമന്യു എക്കാലവും
 ജനമനസുകളില്‍ ജീവിക്കുമെന്നും കുടുംബത്തെ പൂര്‍ണമായി സംരക്ഷിക്കുമെന്നുമുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
 

 


പ്രധാന വാർത്തകൾ
 Top