25 April Thursday

'പത്മവ്യൂഹത്തിലെ അഭിമന്യു': മാതൃഹൃദയത്തിന്റെ തേങ്ങലായി എച്‌ സലാമിന്റെ കവിത: video

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ആലപ്പൂഴ > നെഞ്ചുപൊട്ടിയുള്ള അഭിമന്യുവിന്റെ അമ്മയുടെ തേങ്ങലാണ്‌  സലാമിനെ ' പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന  കവിതയെഴുതാന്‍ പ്രേരിപ്പിച്ചത്.ഹൃദയത്തില്‍ നേരിട്ട് അനുഭവപ്പെട്ട വേദനയും വികാരങ്ങളും അക്ഷരങ്ങളായി രൂപപ്പെട്ടപ്പോള്‍ അത് മികച്ച കവിതയും അഭിമന്യുവിന് നിതാന്ത സ്മാരകവുമായി മാറുകയായിരുന്നു.

കവിതയ്ക്കു ലഭിച്ച സ്വീകരണവും ഇതുതന്നെയായിരുന്നു വ്യക്തമാക്കിയത്‌.   ഫേസ്‌ബുക്കിലും യു ട്യൂബിലും ഇതിനകം അരലക്ഷംപേരാണ് 'പത്മ്യൂഹത്തിലെ അഭിമന്യു' എന്ന സിപിഐ ഐം ജില്ലാ കമ്മറ്റി അംഗം എച് സലാമിന്റെ  കവിത വായിച്ചത്‌. വാട്‌സ് ആപ്പ് വഴിയും ആയിരങ്ങള്‍ കവിതയുടെ വീഡിയോ പങ്കുവെക്കുന്നു.

'ഞാന്‍ പെറ്റ മകനേ എന്റെ പൊന്‍ കിളിയേ
നെഞ്ചു പിളര്‍ന്നമ്മ തേങ്ങുന്ന നോവേ
മലയോളം സ്വപ്‌നങ്ങള്‍ നെഞ്ചില്‍ നിറച്ചും
മലയിറങ്ങീടും മലഞ്ചിറക്കിന്മേലേ
കയറിക്കുലുങ്ങി നീ യാത്ര ചെയ്‌തെത്തുന്ന
പൊരുതും കലാലയം തേങ്ങീടുന്നോ'

എന്നു തുടങ്ങുന്ന വരികള്‍
ചെഞ്ചുവപ്പേ..ഇട നെഞ്ചിനുള്ളിലെ ചങ്കിടിപ്പേ എന്ന് വിളിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

കവിതയ്ക്ക് സംഗീതം നല്‍കിയ സജീഷ് പരമേശ്വരന്‍ തന്നെയാണ് ആലാപനം നടത്തിയതും. അമ്മയുടെ നിലവിളിക്കൊപ്പം അഭിമന്യുവിന്റെ നിഷ്‌കളങ്കമായ മുഖവും ജീവിത ചുറ്റുപാടുകളും  മനസിനെ വല്ലാതെ ഉലച്ചുവെന്ന് സലാം പറഞ്ഞു.  അന്ത്യയാത്ര ടി വിയില്‍ കണ്ട് ഒറ്റക്കിരുന്നു കരഞ്ഞു. ആ വേദന കവിതയാക്കാം എന്നു കരുതി എഴുതിയതാണ്.

പ്രസിദ്ധീകരിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചില്ല.അമ്മ, അയ്‌ലാന്‍ കുര്‍ദ്ദി, പ്രണയം, പെങ്ങള്‍, പുന്നപ്ര വയലാര്‍ തുടങ്ങിയ കവിതകളും സലാം എഴുതിയിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിനുവേണ്ടി ' ആലപ്പുഴയുണരുന്നു....' എന്ന സ്വാഗതഗാനം സലാം രചിച്ചു.ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴയില്‍  എച്ച് സലാം  ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു . കേരള സര്‍വ്വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ചേതന പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്.  വീഡിയോ കണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അടക്കമുള്ള നേതാക്കള്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് സലാം പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരും മുന്‍ പ്രവര്‍ത്തകരും മഹാരാജാസ് കോളേജിനു സമീപം തൊഴിലെടുക്കുന്ന ചുമട്ടുതൊഴിലാളികളടക്കം സലാമിനെ വിളിച്ച് അഭിനന്ദനം അറിയിച്ചുകവിത വായിക്കാം

പത്മവ്യൂഹത്തിലെ അഭിമന്യു

ഞാന്‍ പെറ്റ മകനെ
എന്റെ പൊന്‍ കിളിയേ
നെഞ്ച് പിളര്‍ന്നമ്മ
തേങ്ങുന്ന നോവേ

മലയോളം സ്വപ്നങ്ങള്‍
നെഞ്ചില്‍ നിറച്ചും
മലയിറങ്ങീടും മലഞ്ചരക്കിന്‍ മേലെ
കയറി കുലുങ്ങി നീ
യാത്രചെയ്തെത്തുന്ന
പൊരുതും കലാലയം
തേങ്ങിടുന്നു..

അരവയര്‍ നിറയാതെ
ശാസ്ത്രജ്ഞനാകുവാന്‍
സ്വപ്നങ്ങള്‍ ചൂടി
പറന്നണഞ്ഞു
നിന്‍ഗന്ധം നിറയുന്ന
രസതന്ത്ര ലാബിലും
രാസമാറ്റങ്ങള്‍
നിലച്ചുപോയി

നീ ചൊല്ലും പാട്ടിന്റെ
നാടനാം ശീലുകള്‍
കേട്ടു വളര്‍ന്നൊരാ
ചെമ്പകപ്പൂമരം

തളിരിട്ട നാമ്പുകള്‍
കൊഴിയുന്നു പതിയുന്നു
നിന്‍ പാദമാഴ്ന്നൊരാ
മണ്ണിലാകെ

ഉയരുന്ന മുഷ്ടികള്‍
നീ തന്നമുദ്രകള്‍
നെഞ്ചിലായ് എരിയുന്ന
വിപ്ലവകനലുകള്‍
ചങ്കില്‍ നിറച്ചു വിളിച്ച
മുദ്രാവാക്യം
ഇനിയൊന്നു കേള്‍ക്കുവാന്‍
എന്നു കാണാന്‍

ചുവരില്‍ ചുവക്കുന്ന
നിന്റെ കൈയക്ഷരം
നാടിന്റെ സിരകളില്‍
കത്തുന്ന വാക്കായ്...

 നിറയട്ടെ ചുവരുകള്‍
മതതീവ്രവാദത്തി
നന്ത്യംകുറിക്കുവാന്‍
നീ തന്ന വാക്കുകള്‍

അടരാടി വീണവന്‍
അഭിമന്യുവെന്നോ
കൊടിമരചോട്ടില്‍
പൂക്കും സഖാവെ

നീ തന്ന സ്‌നേഹവും
നീ കൊണ്ട സഹനവും
നീ തന്ന സമരവും
നീ തന്ന പ്രാണനും
ഹൃദയം നുറുങ്ങുന്ന നൊമ്പരപ്പൂവായ്

പിരിയുവാനാകില്ല
അനുജന്‍  സഖാവെ    
ഇല്ലയെന്‍ പ്രാണന്റെ
പ്രാണന്‍ സഖാവെ
കരളിന്റെയുള്ളിലെ
നെഞ്ചിടിപ്പേ..
ഇട നെഞ്ചിനുള്ളിലെ ചങ്കിടിപ്പേ...

പ്രധാന വാർത്തകൾ
 Top