20 March Wednesday
ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട കുറ്റപത്രം പിന്നീട് നല്‍കും

അഭിമന്യു വധം: കൊല്ലാന്‍ തീരുമാനിച്ചത് ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി

സ്വന്തം ലേഖികUpdated: Tuesday Sep 25, 2018

കൊച്ചി > അഭിമന്യുവിന്റെ കൊലപാതകം ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമെന്ന് കുറ്റപത്രം. ജനാധിപത്യ അന്തരീക്ഷം നിലനില്‍ക്കുന്ന മഹാരാജാസ് കോളേജില്‍ ഏതുവിധേനയും സ്വാധീനമുറപ്പിക്കാന്‍ കൊലപാതകംവരെ നടത്താനുള്ള ജില്ലാ കമ്മിറ്റി തീരുമാനം അഭിമന്യുവിന്റെ കൊലപാതകത്തിലാണ് കലാശിച്ചതെന്നും  കുറ്റപത്രത്തില്‍ പറയുന്നു.

മഹാരാജാസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എം അഭിമന്യുവിനെ  കുത്തിക്കൊന്ന കേസിലെ ആദ്യഘട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്‍ട്രോള്‍ റൂം എസിപി എസ് ടി സുരേഷ്‌കുമാറാണ് ചൊവ്വാഴ്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  ഒന്നുമുതല്‍ 16 വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം. 16 പേരും അഭിമന്യുവിന് കുത്തേല്‍ക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. ഇതില്‍ ഏഴുപേര്‍ ഒളിവിലാണ്. കേസില്‍ ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട കുറ്റപത്രം പിന്നീട് നല്‍കുമെന്ന് എസ് ടി സുരേഷ്‌കുമാര്‍ പറഞ്ഞു.  കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്.  ഇതില്‍ 19 പേരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുന്ന ഏഴുപേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേസിലെ ഗൂഢാലോചനയെക്കുറിച്ചും പ്രതികള്‍ക്ക് അഭയം നല്‍കിയവരെക്കുറിച്ചുമുള്ള അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് പൂര്‍ത്തിയാകുന്നമുറയ്ക്ക് രണ്ടാംഘട്ട കുറ്റപത്രം കോടതിയില്‍ നല്‍കുമെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. 

മുഖ്യപ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് തെളിവുനശിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍,  മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍, എന്നിവ ഉള്‍പ്പടെ 13 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് സെക്രട്ടറി ചേര്‍ത്തല അരൂക്കുറ്റി വടുതല ജാവേദ് മന്‍സിലില്‍ ജെ ഐ മുഹമ്മദ് , ആലുവ ചുണങ്ങംവേലി ചാമക്കാലയില്‍ ആരിഫ് ബിന്‍ സലിം, ഫോര്‍ട്ടുകോച്ചി കല്‍വത്തി പുതിയാണ്ടി വീട്ടില്‍ റിയാസ് ഹുസൈന്‍,  കോട്ടയം കങ്ങഴ ചിറക്കല്‍വീട്ടില്‍ ബിലാല്‍ സജി, പത്തനംതിട്ട കുളത്തൂര്‍ കാട്രിന്‍  ഫറൂഖ് അമാനി, മരട് മഹല്ല് ആഡിറ്റോറിയത്തിനു സമീപം പെരിങ്ങോട്ടുപറമ്പില്‍ റജീബ്, മരട് പുറക്കാട്ട് റോഡ് പെരിങ്ങാട്ടുപറമ്പില്‍ നാച്ചുവെന്ന അബ്ദുള്‍ നാസര്‍ പി എ, ആലുവ ചുണങ്ങംവേലി ചാമക്കാലയില്‍ ആദില്‍ ബിന്‍ സലീം, പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് ചിപ്പു എന്ന  വി എന്‍ ഷിഫാസ്, നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ, പള്ളുരുത്തി വെളി പൈപ് ലൈന്‍ പുതുവീട്ടില്‍ പറമ്പ് ജിസാല്‍ റസാഖ്, ചേര്‍ത്തല പാണാവള്ളി സ്വദേശി തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം,  പള്ളുരുത്തി പുളിക്കനാട്ടു വീട്ടില്‍ സനീഷ് പി എച്ച്,  ആലുവ ഉളിയന്നൂര്‍ പാലിയത്ത് പി എം ഫയാസ് ഫെയ്‌സി,  നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തന്‍സീല്‍ മുഹമ്മദ്കുട്ടി, നെട്ടൂര്‍ മേക്കാട്ട് സനിദ് ഹംസ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

 ഇടുക്കി ദേവികുളം കൊട്ടക്കമ്പൂര്‍ സൂപ്പി വീട്ടില്‍ എം അഭിമന്യു (20)വിനെ 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവരെ സംഘം കുത്തിപരിക്കേല്‍പിക്കുകയും ചരിത്ര വിദ്യാര്‍ത്ഥി രാഹുലിനെ ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും ചെയ്തു.
 


പ്രധാന വാർത്തകൾ
 Top