20 February Wednesday
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള സാധ്യത സംബന്ധിച്ച് നിയമോപദേശം തേടി

അഭിമന്യുവിനെ കുത്തിയത‌് പൊക്കം കുറഞ്ഞയാൾ; കേസിൽ 15 പ്രതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

കൊച്ചി > മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ ഒറ്റക്കുത്തിന‌് കൊന്നത‌് കറുത്തഷർട്ടിട്ട, പൊക്കം കുറഞ്ഞ മുഹമ്മദെന്നയാൾ.  പൊലിസ‌് കോടതിയിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിലാണ‌് ഇത‌് സംബന്ധിച്ച സൂചനയുള്ളത‌്. കൊലയാളി സംഘത്തിൽ  കോളേജിലെ മൂന്നാം വർഷ അറബിക‌്‌ വിദ്യാർഥിയായ ഒന്നാം പ്രതി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദും ഉണ്ടെന്നും ഇത‌് വ്യക്തമാക്കുന്നു.

അതിനിടെ ആദ്യം അറസ്റ്റിലായ രണ്ടും മൂന്നും നാലും പ്രതികളായ ബിലാൽ സജി(19), ഫറൂഖ് അമാനി(19), റിയാസ് ഹുസൈൻ(37) എന്നിവരെ ഏഴു ദിവസെത്ത പൊലീസ‌് കസ്റ്റഡിയിൽ വിട്ട് എറണാകുളം ചീഫ‌് ജുഡീഷ്യൽ മജിസ‌്ട്രേട്ട‌് കോടതി ഉത്തരവായി. ഇവരുടെ ഫോൺ നമ്പറും വാട‌്സ‌്ആപും പരിശോധിക്കണമെന്നും ഒളിവിലുള്ള മറ്റ‌് പ്രതികളെ തിരിച്ചറിയാൻ ഇവരെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പൊലീസ‌് നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വളരെ ആസൂത്രിതമായ ഗൂഡാലോചന കൊലപാതകത്തിനു പിന്നിലുണ്ട‌്. ഇതു സംബന്ധിച്ച‌് അറിയാനും ഇവരെ കൂടുതൽ  ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ‌്റ്റഡി അപേക്ഷയിൽ പറയുന്നു. കേസിൽ 15 പ്രതികളാണുള്ളത്.

അതിനിടെ അഭിമന്യുവിനെ കുത്തികൊന്ന കേസിൽ പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐക്കാരായ 22 പേരെ കൂടി എറണാകുളം സെൻട്രൽ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർക്ക‌് സംഭവത്തിൽ നേരിട്ട‌് പങ്കുണ്ടെന്നാണ‌് സുചന.  ഇതുകൂടാതെ കരുതൽ നടപടികളുടെ ഭാഗമായി മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽനിന്ന‌് 49 പേരെ കൂടി കസ‌്റ്റഡിയിൽ എടുത്തിട്ടുണ്ട‌്‌.

വ്യാഴാഴ‌്ച രാവിലെ ഡിജിപി ലോക‌് നാഥ‌് ബെഹ‌്റയുടെ നേതൃത്വത്തിൽ കേസ‌് അന്വേഷണ പുരോഗതി വിലയിരുത്തി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികൾക്കെതിരേ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച‌് നിയമോപദേശം തേടിയിട്ടുന്നെും ബെഹ‌്റ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.   ഇത‌് സംബന്ധിച്ച‌് ഡയറക‌്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ സി ശ്രീധരൻനായർ, അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് എന്നിവരുമായി ഡിജിപി ബെഹ്റ കൂടിക്കാഴ്ച നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ‌് സ‌്റ്റേഷനിലെത്തി കസ‌്റ്റിഡിയിലുള്ളവരെ ചോദ്യം ചെയ്തു. കേസിലെ തീവ്രവാദ ബന്ധം എൻഐഎ കൊച്ചി യൂണിറ്റ‌് അന്വേഷിക്കുന്നുണ്ട‌്. കേസിൽ അന്വേഷണ പുരോഗതിയുണ്ട‌്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്ന് സിറ്റി പൊലീസ‌് കമ്മീഷണർ എം പി ദിനേശ‌് പറഞ്ഞു.

കൊലപാതകത്തിൽ പങ്കെടുത്തവരുടെ തിരിച്ചറിയൽ പരേഡ‌് നടത്തേണ്ടതുണ്ട‌്. മൂർച്ചയുള്ള ആയുധങ്ങൾ കൂടാതെ ഇടിക്കട്ട, ട്യൂബ് ലൈറ്റ്, ഉരുട്ടിയെടുത്ത തടിക്കഷണം എന്നിവയും പ്രതികൾ ഉപയോഗിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഐപിസി120(ബി), 143,148,341,506,323,324,326,307,302,149 എന്നീ വകുപ്പുകൾ പ്രകാരമാണ‌് കേസെടുത്തിട്ടുള്ളത‌്. എറണാകുളം നോർത്തിൽ കാമ്പസ‌് ഫ്രണ്ടുകാർ നടത്തുന്ന കൊച്ചിൻ ഹൗസ‌് എന്ന ഹോസ‌്റ്റലിൽനിന്ന‌് മൂന്ന‌് പ്രതികളെ പിടികൂടിയത‌്. ഇവരുടെ മൊബെൽ ഫോൺ കോൾ ലിസ‌്റ്റ‌് പരിശോധിച്ചു വരികയാണ‌്. പ്രതികൾക്ക‌് മറ്റ‌് കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടായിരുന്നുവോയെന്ന‌് കണ്ടെത്താൻ വിരടയാളങ്ങളും പരിശോധിക്കും.

പ്രധാന വാർത്തകൾ
 Top