16 June Sunday

'സംസാരിക്കാന്‍ ഒരു 30 സെക്കന്റ് പോലും അനുവദിക്കാത്ത ഫാസിസ്റ്റാണോ അഭിലാഷേട്ടാ..'; വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019

മലപ്പുറം > 'അഭിലാഷേട്ടനോടാണ് എന്റെ ചോദ്യം. താങ്കള്‍ നയിച്ച ഒരു ചര്‍ച്ചയില്‍ ഒരാള്‍ 30 സെക്കന്റ് തരൂ എന്ന് കെഞ്ചുന്നത്  കണ്ടു. സംസാരിക്കാന്‍ 30 സെക്കന്റ് പോലും അനുവദിക്കാത്ത താങ്കള്‍ ഒരു ഫാസിസ്റ്റാണോ'? ദേശാഭിമാനി ക്യാമ്പസ് ശില്‍പ്പശാലയിലെ ക്ലാസിനിടെ മലപ്പുറം ഗവ. കോളേജിലെ അജിത്താണ് ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനനോട് ഇങ്ങനെ ചോദിച്ചത്. ചോദ്യം  അഭിലാഷിനെയും സദസ്സിനെയും ചിരിപ്പിച്ചു. 

'ഷോയില്‍ സംസാരിക്കുമ്പോള്‍ ആരായാലും ജനാധിപത്യമര്യാദ പാലിക്കണം. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നുവെങ്കില്‍ നിര്‍ത്താന്‍ പറയേണ്ടിവരും. അതൊരു ഫാസിസമായി കാണരുത്. ചാനല്‍ ചര്‍ച്ചയിലെ ചോദ്യങ്ങളാല്‍  കൈയടി നേടാറുള്ള അഭിലാഷ് എഡിറ്റേഴ്‌സ് അവറിന്റെ തലയെടുപ്പില്ലാതെ ഓരോ വിദ്യാര്‍ഥിയുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 

രാഷ്‌ട്രീയ അക്ഷേപഹാസ്യ പരിപാടികളെക്കുറിച്ചായിരുന്നു അടുത്ത സംശയം. ചില ദിവസങ്ങളിലെ ആക്ഷേപഹാസ്യം അതിരുകടക്കാറില്ലേ എന്നും നേതാക്കന്മാര്‍ ഇതിനെതിരെ പരാതി നല്‍കില്ലേ എന്നും ചോദ്യകര്‍ത്താവ്. ആക്ഷേപഹാസ്യത്തിന് തീര്‍ച്ചയായും പരിധികളുണ്ടെന്നും അത് വ്യക്തിഹത്യയിലേക്ക് മാറിയാല്‍ കേസ് കൊടുക്കാം. ഇവ പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ടെന്നും അഭിലാഷ് പറഞ്ഞു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വാര്‍ത്തകളില്‍ പത്രങ്ങളേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കിയത് ചാനലുകളാണെന്ന് മുഹമ്മദ് സക്കരിയ വാദിച്ചു. പത്രങ്ങളുടെ ക്രോസ് ചെക്കിങ് സാധ്യതയെക്കുറിച്ച് അഭിലാഷ് സംസാരിച്ചു. ടെലിവിഷനേക്കാള്‍ ഈ സാധ്യത കൂടുതല്‍ പത്രങ്ങള്‍ക്കാണ്.  വാര്‍ത്തകളെ നന്നായി വിശകലനംചെയ്യാന്‍ പത്രങ്ങള്‍ക്ക് സമയമുണ്ട്. വോട്ടിങ് മെഷീന്‍ വാര്‍ത്തയില്‍ സംഭവിച്ചതും ഇതാണ്. ആദ്യം ഒരുപാട് വാര്‍ത്തകള്‍ ചാനലുകള്‍ നല്‍കി. ഇവിഎം വാര്‍ത്തയില്‍ ആധികാരികതയില്ലെന്ന്  വൈകിയാണ് മനസ്സിലാക്കിയത്. എന്നാല്‍  പത്രങ്ങള്‍ വിശകലനം നടത്തി കുറച്ചുമാത്രം വാര്‍ത്ത നല്‍കി. ഇക്കാരണത്താലാണ് പത്രങ്ങള്‍ ഈ വാര്‍ത്ത കൈകാര്യംചെയ്തത് കുറഞ്ഞെന്ന് പറയുന്നത്.

പരമ്പരാഗത മാധ്യമങ്ങളില്‍നിന്നും സമൂഹ മാധ്യമങ്ങളിലേക്ക് കാലം മാറിനടക്കുകയാണ്. സമൂഹവളര്‍ച്ചയില്‍ ഈ മാധ്യമങ്ങള്‍ക്ക് പങ്കെത്രയുണ്ടാവുമെന്ന സംശയം സദസ്സില്‍ നിന്നെത്തി. സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ പങ്കിനെ വിലയിരുത്താം. ഇത്തരം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ ഓഡിറ്റ് ചെയ്യാന്‍  സാധിക്കണം. പലപ്പോഴും തെറ്റിദ്ധാരണ പരത്തുന്നത് ഇതുവഴി തടയാനാകും. ഓഡിറ്റ് ചെയ്യപ്പെടാത്ത സമൂഹമാധ്യമ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മലപ്പുറത്ത് ഹിന്ദുക്കളെ കൊല്ലുന്നുവെന്ന വ്യാജവാര്‍ത്ത സീ ന്യൂസ് പ്രചരിപ്പിച്ചത് ഇതിന് ഉദാഹരണമാണ് അഭിലാഷ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തിപരമായ രാഷ്‌ട്രീയം പറഞ്ഞ് നേരിടുമ്പോള്‍ എന്താണ് തോന്നാറുള്ളത് എന്നായിരുന്നു ഒരു വിദ്യാര്‍ഥിയുടെ ചോദ്യം. അങ്ങനെ പറയുന്നത് അവരുടെ ആശയം തീര്‍ന്നുപോയി എന്നതിനാലാണെന്നായിരുന്നു മറുപടി. പിന്നീട് മാധ്യമ ധാര്‍മികതയിലേക്ക് ചോദ്യകര്‍ത്താക്കള്‍ നീങ്ങി.  ഒരു ചാനല്‍ നടത്തിയ മോശം പ്രവണതയിലൂടെ മന്ത്രി രാജിവയ്‌ക്കേണ്ടി വന്നു. ഇത്തരം മാധ്യമപ്രവര്‍ത്തനം അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ആ പ്രവര്‍ത്തനത്തെ ഒരിക്കലും  അംഗീകരിക്കാനാവില്ല. ഇതേ വിഷയത്തില്‍  ചാനല്‍ ചര്‍ച്ചയിലൂടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top