Deshabhimani

വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകം: നാലംഗസംഘം പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 01:20 PM | 0 min read

കാസർകോട് > പ്രവാസി വ്യവസായി ബേക്കൽ പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തു. മന്ത്രവാദം നടത്തുന്ന ജിന്നുമ്മ എന്ന ഷെമീമ, ഇവരുടെ ഭർത്താവ് ഉബൈദ്,  പൂച്ചക്കാട് സ്വദേശി അൻസിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

2023 ഏപ്രിലിലാണ് സംഭവം നടന്നത്. ഏപ്രിൽ 14ന് പുലർച്ചെയാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും വീട്ടിൽ നിന്ന് 600 പവനോളം വരുന്ന സ്വർണം കളവു പോയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകം സംശയിക്കുന്നത്.

ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. 596 പവനാണ് വീട്ടിൽനിന്നും നഷ്ടമായത്. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് സ്വർണം ഇവർ ഗഫൂറിൽനിന്നു തട്ടിയെടുത്തിരുന്നു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം.

പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് ക്ഷതമേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മരിച്ച ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറിൽനിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും ലഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home