16 August Sunday

മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലം കാസർഗോഡ്‌; ആയംകടവ്‌ പാലം ജില്ലയുടെ സ്വപ്‌ന സാക്ഷാത്‌കാരം

രാജേഷ്‌ മാങ്ങാട്‌Updated: Saturday Dec 7, 2019

ഉദ്‌ഘാടനത്തിന്‌ ഒരുങ്ങിയ ആയംകടവ് പാലം

ഉദുമ > ഉയരത്തിലും പ്രകൃതിഭംഗിയിലും മനോഹരം ആയംകടവ് പാലം. മലബാറിലെ  ഏറ്റവും ഉയരം കൂടിയ  പാലം ജില്ലയുടെ സ്വപ്നപദ്ധതികൂടിയാണ്‌.  ഉദുമ മണ്ഡലത്തിലെ പുല്ലൂർ– പെരിയ പഞ്ചായത്തിനെയും ബേഡടുക്ക പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആയംകടവ് പാലം  കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 14 കോടി ചെലവിലാണ് നിർമിച്ചത്‌.  പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ  24 മീറ്റർ  ഉയരത്തിൽ നാല് തൂണുകളിലായി   25.32 മീറ്റർ  നീളത്തിലാണ്  പാലം.

11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തായുള്ള സ്ഥലം പ്രയോജനപ്പെടുത്തി  ഓപ്പൺ എയർ സ്റ്റേജ്, ഫുഡ്കോർട്ട്, ടോയിലറ്റ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തിൽ നിർമിക്കാനും രണ്ടാം ഘട്ടത്തിൽ പുഴ കാണുന്നതിന് ഗ്ലാസ്‌  ബ്രിഡ്ജ് നിർമിക്കാനുമുള്ള ഡിപിആർ  ഡിടിപിസി  ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. 3.800 കി.മീ മെക്കാഡം ചെയ്ത അപ്രോച്ച് റോഡ്‌ പ്രവൃത്തി പൂർത്തിയായി. ഇനി  പെരിയ ദേശീയപാതയിലെത്താൻ  രണ്ടര കിലോ മീറ്റർ റോഡ് കൂടി  അഭിവൃദ്ധിപ്പെടുത്തണം. ഈ പ്രവൃത്തി 2019‐20 സാമ്പത്തിക വർഷത്തെ കെഡിപി പാക്കേജിൽ ഉൾപ്പെടുത്താൻ നടപടിയായി.

ആയംകടവ് പാലത്തിന്റെ പ്രാധാന്യം അധികൃതർക്ക്‌ മനസിലാക്കി കൊടുക്കാൻ കെ കുഞ്ഞിരാമൻ എംഎൽഎ നിരന്തരം പ്രയത്‌നിച്ചു. കലക്ടർ ഡോ. ഡി സജിത് ബാബു പ്രത്യേക താൽപര്യമെടുത്തു.  ബേഡടുക്ക പഞ്ചായത്തിൽ  നിന്ന്‌ കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ പാലം കൂടുതൽ ഉപകരിക്കും. പെരിയ കേന്ദ്ര സർവകലാശാല, ഗവ. പോളിടെക്‌നിക്‌,  ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നവോദയ സ്‌കൂൾ  തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക്‌ വഴിയൊരുക്കും. പെരിയ പിഎച്ച്സി, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക്‌ വിവിധ  ആവശ്യങ്ങൾക്ക്‌ വരുന്നവർക്കും  പാലം  എളുപ്പവഴിയാകും. പന്ത്രണ്ട് വർഷം മുമ്പ് ബേഡടുക്ക പഞ്ചായത്തിൽ നിന്ന്‌ ഒരു യാത്രക്കാരന് പുല്ലൂർ– പെരിയ പഞ്ചായത്തിലെത്താൻ കരിച്ചേരി പൊയിനാച്ചി വഴി ചുറ്റി പോകണമായിരുന്നു. ഒന്നര മണിക്കൂർ സമയം വേണം. മൂന്നാംകടവ് പാലം വന്നപ്പോഴാണ്   ദൂരം കുറഞ്ഞത്‌. ആയംകടവ് പാലത്തിലൂടെയുള്ള യാത്രയിൽ വീണ്ടും ദൂരം കുറയും.

മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യം, ദേലമ്പാടി, കാറഡുക്ക,  മുളിയാർ, ബെള്ളൂർ പഞ്ചായത്തുകളിൽ നിന്നും വരുന്നവർക്ക് ബേക്കൽ ടൂറിസം കേന്ദ്രം, കേന്ദ്ര സർവകലാശാല, കാഞ്ഞങ്ങാട് ടൗൺ എന്നിവിടങ്ങളിലെത്താൻ ചെർക്കള വഴി ചുറ്റിത്തിരിയാതെ പാലം വഴി പെരിയയിൽ എത്താം. പാലത്തിന്‌  താഴെ ബിആർഡിസി കുടിവെള്ളത്തിനായി നിർമിച്ച ഡാമുണ്ട്‌. പലതവണ പണി നിർത്തിയ പാലം മനോഹരമായി പൂർത്തിയാക്കിയത്‌  ജാസ്മീൻ കൺസ്ട്രക്ഷൻ കമ്പനിയാണ്‌.
 


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top