21 February Thursday

സര്‍ക്കാര്‍ ആശുപത്രികളുടെ പൂമുഖം മിനുക്കാന്‍ 'ആര്‍ദ്രം'

സ്വന്തം ലേഖകന്‍Updated: Sunday Sep 18, 2016

തിരുവനന്തപുരം > സര്‍ക്കാര്‍ ആശുപത്രികളുടെ പൂമുഖം മിനുക്കാന്‍ 'ആര്‍ദ്രം' പദ്ധതി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അവസാനിക്കാത്ത ക്യൂ. അസുഖം ബാധിച്ച് അവശരായവര്‍പോലും വരിയില്‍നിന്ന് ഒപി ടിക്കറ്റ് എടുക്കണം. ഡോക്ടറെ കാണുന്നതുമുതല്‍ ലാബ് പരിശോധനകള്‍ക്കും മരുന്ന് വാങ്ങാന്‍വരെ ക്യൂതന്നെ ആശ്രയം. ആശുപത്രികളുടെ ഓരോ മൂലയിലും രോഗികളുടെ കൂട്ടം കാണാം. ആശുപത്രിക്കും രോഗിക്കും ഒരുപോലെ ശാപമാകുന്ന സംവിധാനങ്ങളില്‍ മാറ്റംവരുത്താനാണ് ആരോഗ്യവകുപ്പ് ആര്‍ദ്രം പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.

  കൌണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഫാര്‍മസിവരെ നീളുന്ന കാര്യങ്ങള്‍ സുതാര്യമായി നീങ്ങുന്ന രീതിയിലാണ് പുതിയ സംവിധാനം.  രോഗിയെ ആദ്യം പരിശോധിക്കുന്ന ഡോക്ടര്‍ രോഗവിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍പരിശോധനകള്‍ക്കും ഈ വിവരങ്ങള്‍തന്നെ മറ്റു ഡോക്ടര്‍മാര്‍ ഉപയോഗപ്പെടുത്തും. അവരും പരിശോധനാ വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തും. ലാബ് പരിശോധനയും ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങുന്നതുവരെ ഈ കംപ്യൂട്ടര്‍ ശൃംഖല നീളും. തുടര്‍ചികിത്സ ആവശ്യമാണെങ്കില്‍  രോഗിക്ക് ലഭിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് വഴി പഴയ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കും.

വിപുലമായ ഈ പദ്ധതിയുടെ ചെറിയ രൂപം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ തുടങ്ങി. കൂടുതല്‍ സുതാര്യമായ രീതിയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സന്ദര്‍ശിച്ചു. ഇതേ മാതൃകയില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. തുടക്കത്തില്‍ മെഡിക്കല്‍ കോളേജുകളിലാണ് പദ്ധതി നടപ്പാക്കുക. പൂര്‍ണമായ കംപ്യൂട്ടര്‍വല്‍ക്കരണം, ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കേണ്ടിവരും. കൂടാതെ  രോഗികള്‍ക്ക് സഹായകമാകുന്ന എല്‍ഇഡി ഡിസ്പ്ളെ,സൂചനബോര്‍ഡുകള്‍,  ഗൈഡ് മാപ്പ്,  ഹെല്‍പ് ഡെസ്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിവരും.

പ്രധാന വാർത്തകൾ
 Top