02 March Tuesday

ബിജെപിയിലേക്ക്‌ പോകാൻ നിൽക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറി : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

പാലക്കാട് > ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് നേതൃത്വം മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോണ്‍ഗ്രസ് പതുക്കെ ഇല്ലാതാകുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുമില്ല. ദക്ഷിണേന്ത്യയില്‍ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനം പോണ്ടിച്ചേരിയിലും കോണ്‍ഗ്രസിന് ഭരണം പോയി. അവിടെ ബിജെപി ഒരു രാഷ്ട്രീയ ശക്തിയല്ല. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വഴിയൊരുക്കി.

കേരളത്തില്‍ ബിജെപിയുമായുള്ള ധാരണ കാര്യപരിപാടിയായാണ് യുഡിഎഫ് നടപ്പാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് അത് പ്രയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായും ധാരണയുണ്ടാക്കി. ഇക്കാര്യം ജമാ അത്തെ ഇസ്ലാമി തന്നെ വ്യക്തമാക്കി. ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയില്‍നിന്ന് മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുമോ. ജമാ അത്തെ ഇസ്ലാമിയുമായി ധാരണയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ ചര്‍ച്ച ചെയ്താണ്. ഈ സഖ്യം തുടരുമോ എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. കേരളത്തില്‍ ട്രാക്ടര്‍ തള്ളുന്ന രാഹുല്‍ ഗാന്ധി രാജ്യത്ത് കര്‍ഷക നിയമം നടപ്പാക്കരുത് എന്ന് ആവശ്യപ്പെടുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളതാണ് ബിജെപി നടപ്പാക്കുന്ന കാര്‍ഷിക നിയമം. കോണ്‍ഗ്രസിന്റെ അവസരവാദ നടപടികളാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നത്. മൂല്യത്തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസാണ് ബിജെപിക്ക് വഴിയൊരുക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് കൂടുതല്‍ ദൂര്‍ബലപ്പെടുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേരളത്തില്‍ മത ധ്രുവീകരണം നടത്താനാണ് ബിജെപിയും മറ്റിതര വര്‍ഗീയ ശക്തികളും ശ്രമിക്കുന്നത്. ആ ഏകീകരണത്തെ അതിജീവിക്കാനുള്ള സഖ്യം രൂപീകരിക്കാനാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. അപകടകരമായ മതധ്രുവീകരണത്തെ ഒറ്റക്കെട്ടായി നേരിടണം. വര്‍ഗീയതയ്ക്കെതിരായ നിലപാടിന്റെ ഏറ്റവും വലിയ മാതൃകയാണ് കേരളമെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ധന വിലവര്‍ധന താങ്ങാനാകില്ല

പാലക്കാട് > ഇന്ധവില വര്‍ധന അനുദിനം വര്‍ധിക്കുന്നത് ദരിദ്രരാജ്യമായ ഇന്ത്യക്ക് താങ്ങാനാകില്ലെന്ന് എ വിജയരാഘവന്‍. കോര്‍പറേറ്റുകളുടെ ലാഭം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് പറയുന്ന ബിജെപി അത് മൊത്തത്തില്‍ കുറയ്ക്കാന്‍ എന്തുകൊണ്ട് കേന്ദ്രത്തോട് ആവശ്യപ്പെടുന്നില്ല. എല്ലാ നികുതിയും കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയുമല്ലോ എന്നും വിജയരാഘവന്‍ പറഞ്ഞു. പട്ടാമ്പിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top