18 May Tuesday

യുഡിഎഫിനും ബിജെപിക്കും 
ഒരേ വാക്കും വാചകവും : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


തിരുവനന്തപുരം
ഒരേ വാക്കും വാചകവും മത്സരിച്ച്‌ ഉപയോഗിച്ചാണ്‌ സർക്കാരിനെയും മുഖ്യമന്ത്രിയെയും യുഡിഎഫും ബിജെപിയും കടന്നാക്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ ബിജെപി ഏറ്റെടുക്കുകയാണ്‌. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധംചെയ്യുന്ന രീതി പ്രതിപക്ഷനേതാവും കേന്ദ്ര സഹമന്ത്രിയും ഒരേപോലെ തുടരുന്നു. ഇവർ വഹിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം പ്രസ്താവനകളിൽ നിഴലിക്കുന്നില്ലെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷനേതാവ് ഭ്രാന്തമായ രീതിയിൽ പ്രസ്താവനകൾ ആവർത്തിക്കുന്നു. ഇതിന്റെ അനുരണനമാണ് വി മുരളീധരന്റെ പ്രസ്താവനയിലും. മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിക്കൽ വകുപ്പിന്റെ മന്ത്രിയായി മാറിയ മുരളീധരന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണെന്നും വസ്തുതാപരമായി ശരിയല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ വിജയരാഘവൻ പ്രതികരിച്ചു.

ഏറ്റവും കൃത്യമായി കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നയാളാണ്‌ മുഖ്യമന്ത്രി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌. പാർടി നേതാവായതുകൊണ്ടാണ്‌ അദ്ദേഹത്തെ ലക്ഷ്യമിടുന്നത്‌. മുമ്പും ഇത്തരത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്‌. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ്‌ നേതാക്കളും ചില മാധ്യമപ്രവർത്തകരുമടക്കം അതിൽ പങ്കാളികളായിരുന്നു. എൻഎസ്എസുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ എമ്മിന്റെ നിലപാടാണ് ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കിയത്. തന്നെക്കുറിച്ചടക്കം എല്ലാ കാര്യത്തിലും നിലപാട്‌ പറയാൻ എൻഎസ്എസിന് അവകാശമുണ്ട്. വ്യക്തിജീവിതത്തിൽ മാന്യത പുലർത്തി മാതൃകാപരമായ പൊതുജീവിതം നയിക്കുന്നയാളാണ്‌ കെ ടി ജലീൽ.  പരാമർശം ഉണ്ടായപ്പോൾ ധാർമികത ഉയർത്തിപ്പിടിച്ചാണ്‌ അദ്ദേഹം രാജിവച്ചത്‌. മുസ്ലിംലീഗിലെ പല എംഎൽഎമാർക്കെതിരെയും കള്ളപ്പണവും തട്ടിപ്പും സംബന്ധിച്ച കേസുകളുണ്ട്‌. ചിലർ ജയിലിലുമായി. ലീഗ്‌ എത്തിച്ചേർന്ന ജീർണതയുടെ പ്രതിഫലനമാണിത്‌.

വോട്ടർപട്ടികയിലെ വിവരങ്ങൾ വിദേശസെർവറുള്ള വെബ്‌സൈറ്റിലേക്ക്‌ പ്രതിപക്ഷനേതാവ്‌ കൈമാറിയ സംഭവത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ നടപടിയെടുക്കേണ്ടത്‌. എൽഡിഎഫ്‌ സർക്കാരാണ്‌ വോട്ടർപട്ടിക ഉണ്ടാക്കുന്നതെന്ന ധ്വനിയിലാണ്‌ പ്രതിപക്ഷനേതാവ്‌ ആക്ഷേപമുന്നയിച്ചത്‌. വോട്ടർമാരുടെ സ്വകാര്യത ഹനിക്കപ്പെട്ട സംഭവത്തിൽ മറുപടി പറയേണ്ടതും പരിഹാരം കാണേണ്ടതും തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌.മാധ്യമരംഗത്തെ പ്രതിനിധികളെ രാജ്യസഭയിലേക്ക് മുമ്പും സിപിഐ എം അയച്ചിട്ടുണ്ടെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി വിജയരാഘവൻ പറഞ്ഞു. അവരെല്ലാം മികച്ച പാർലമെന്റേറിയന്മാരായി പ്രവർത്തിച്ചു. അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം‌.  രാജ്യസഭാംഗമായി മികച്ച പ്രകടനം കാഴ്‌ചവച്ച കെ കെ രാഗേഷ്‌ കർഷകപ്രക്ഷോഭത്തിലും മാതൃകാപരമായി ഇടപെട്ടയാളാണ്‌. പുതുതായി നിയോഗിക്കപ്പെട്ട രണ്ടുപേരും പാർലമെന്റിലും പുറത്തും അത്തരം പ്രവർത്തനം തുടരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top