22 August Thursday

തെരഞ്ഞെടുപ്പുഫലം മോഡി സർക്കാരിനെതിരെയുള്ള ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

തിരുവനന്തപുരം> കേരളത്തിലെ തെരഞ്ഞെടുപ്പ്‌ഫലം നരേന്ദ്ര മോഡി സർക്കാരിനെതിരെയുള്ള ജനവിധിയായിരുന്നെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മോഡി സർക്കാരിനെതിരെയുള്ള പ്രചാരണം ഗുണം ചെയ്തത് യുഡിഎഫിനാണ്. വിശ്വാസികളായിട്ടുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അവർക്കായതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി. ഇടതുപക്ഷം ജനകീയ അടിത്തറ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം കേരളത്തിലെ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നുള്ളതാണ് പൊതുവെയുള്ള വിലയിരുത്തൽ. നരേന്ദ്ര മോഡി സർക്കാരിനെതിരെയുള്ള പൊതുവികാരമാണ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ കണ്ടത്. മോഡിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുക എന്ന പ്രചാരണമാണ് എൽഡിഎഫും യുഡിഎഫും നടത്തിയതെന്ന് വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഒരു മതേതര സർക്കാർ എന്ന ലക്ഷ്യമാണ് ഇടതുപക്ഷം മുന്നോട്ടുവെച്ചത്. എന്നാൽ ആ പ്രചാരണത്തെക്കാൾ ബിജെപിക്ക് ബദലായി മറ്റൊരു സർക്കാർ എന്ന പ്രചാരണം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതോടെ ഇവിടെ ഉണ്ടാക്കിയെടുക്കാൻ കോൺഗ്രസിനായി. അതുകൊണ്ട് കേന്ദ്രത്തിൽ ഒരു സർക്കാരുണ്ടാക്കാൻ കഴിയുന്നത് എൽഡിഎഫിനല്ല യുഡിഎഫിനാണ് എന്ന ചിന്ത മതേതര ചിന്താഗതിയുള്ളവരുടെ മനസ്സിൽ വന്നു. അത് യുഡിഎഫിന് വോട്ട് ചെയ്യുന്നതിലേക്ക് എത്തുകയും ചെയ്തു.

അതോടൊപ്പം രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയായി കേരളത്തിൽ മത്സരിക്കുന്നു. കേന്ദ്രത്തിൽ ഭൂരിപക്ഷം ഉള്ള പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ഗവർണർ ക്ഷണിക്കും എന്നുള്ള പ്രചാരണവും അവർക്ക് ഗുണം ചെയ്തു. ശബരിമല വിഷയവുമായി ബന്ധപെട്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചു. ഭരണഘടന ബെഞ്ചിന്റെ വിധി ആയതിനാൽ ആ വിധിക്കൊപ്പം നിൽക്കുക എന്നതിനപ്പുറം മറ്റൊരു മാർഗം സർക്കാരിനില്ല.

ആദ്യഘട്ടത്തിൽ വിധിയെ സ്വാഗതം ചെയ്ത യുഡിഎഫും ബിജെപിയും പിന്നീട് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. അതിന്റെ ഭാഗമായി സർക്കാരിനെതിരായ അക്രമ സമരങ്ങളും പ്രചാരണ പ്രവർത്തങ്ങളും തെരഞ്ഞെടുപ്പ് ഘട്ടത്തിലും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ അതിനെ മറികടക്കാൻ കഴിയുന്ന തരത്തിലുള്ള പ്രചാരണം നടത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. അതിന്റെ ഉപഭോക്താവായി യുഡിഎഫ് മാറുന്ന സ്ഥിതിയുണ്ടായി. എൽഡിഎഫ് സംസ്ഥാന സമിതിയിൽ ഈ വിഷയം ചർച്ച ചെയ്യുകയും എൽഡിഎഫിനൊപ്പം നിന്ന തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളെ തിരിച്ച് മുന്നണിയോടപ്പം എത്തിക്കാനുള്ള പ്രചാരണം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ ഇടയിൽ സർക്കാരിന് നല്ല അഭിപ്രായമാണ് ഉള്ളത്. നല്ല നിലയിൽ തന്നെ സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുക എന്നാണു ആലോചിക്കുന്നത്. സർക്കാർ നല്ല പ്രവർത്തനം നടത്തിയെങ്കിലും അത് ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നില്ലെന്നും അഭിപ്രായം ഉയർന്നു വന്നു. അതുകൊണ്ട് സർക്കാരിന്റെ പ്രവർത്തങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ പ്രചാരണം നടത്തണമെന്നും യോഗം തീരുമാനിച്ചു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ വിപുലമായ പ്രചാരവേലകൾ സംഘടിപ്പിക്കാനും അതോടൊപ്പം ഓരോ കക്ഷികളും അവരുടെ കരുത്താകെ സ്വതന്ത്രമായ പ്രചാരണ പ്രവർത്തങ്ങൾക്ക് ഉപയോഗപ്പെടുത്താനുമുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്നും അതുവഴി പൊതുജനങ്ങളുടെ ഇടയിൽ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top