19 January Tuesday

അന്വേഷണ ഏജൻസികൾ രാഷ്‌ട്രീയ ദൗത്യവുമായി നീങ്ങിയാൽ ശക്‌തമായ പ്രതിരോധം തീർക്കും: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

തിരുവനന്തപുരം> അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താതെ  സർക്കാരിനെതിരെ രാഷ്‌ട്രീയദൗത്യവുമായി നീങ്ങിയാൽ ശക്‌മായ പ്രതിരോധം  തീർക്കേണ്ടിവരുമെന്ന്‌  സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

ശരിയായ അന്വേഷണം വേണമെന്നാണ്‌ മുഖ്യമന്ത്രി ആഗ്രഹിച്ചത്‌. അതിനാണ്‌ ഏജൻസികൾ വരണമെന്നാവശ്യപ്പെട്ടത്‌. വളഞ്ഞവഴികൾ സ്വീകരിക്കാത്ത  രാഷ്‌ട്രീയ  നേതൃത്വമാണ്‌ അദ്ദേഹത്തിന്റെത്‌.  എന്നാൽ സർക്കാരിനെതിരെ  മൊഴികൾ ഉണ്ടാക്കിയെടുക്കാനാണ്‌  അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്‌.  അവർ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണിവിടെ

ഇതിനകം അന്വേഷണ ഏജൻസികൾ നടത്തിയ പല അന്വേഷണ രീതികളേയും നോക്കിയാൽ മുഖ്യമന്ത്രിയെ  കുടുക്കാനാവുമോ എന്ന നിലയിലേക്ക്‌ ആണ്‌ അവർ നീങ്ങുന്നത്‌.പുറത്തുവന്ന്‌ കൊണ്ടിരിക്കുന്ന വസ്‌തുതകളിൽനിന്നാണ്‌ ഇത്‌ പറയുന്നത്‌. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി  പ്രതിരോധം തീർക്കും. ജനങ്ങളെ അണിനിരത്തിയുള്ള വിപുലമായ പ്രചരണമാണ്‌ നടത്തുക. അടുത്ത്‌ ചേരുന്ന എൽഡിഎഫ്‌ യോഗം അതു‌ തീരുമാനിക്കും.

ഇപ്പോൾ ശബ്‌ദ രേഖ വന്നു എന്ന്‌  പറയുന്ന വനിതയുടേതായിട്ട്‌ പല പ്രസ്‌താവനകളും മുമ്പും പുറത്തുവന്നിട്ടുള്ളത്‌ മാധ്യമങ്ങളും പ്രതിപക്ഷവും കൊടുത്തിട്ടുള്ളതാണ്‌ . അന്ന്‌  മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും അവയുടെ ആധികാരികതയിൽ സംശയം ഉണ്ടായിരുന്നില്ലല്ലോ. അവക്കുണ്ടായിരുന്ന  ആധികാരികത തന്നെയാണ്‌ ഇപ്പോൾ  പുറത്തുവന്നിട്ടുള്ളതിനും ഉള്ളത്‌.

വികസനത്തെ തടയുവാനാണ്‌ പ്രതിപക്ഷം കിഫ്‌ബിക്കെതിരെ തിരിയുന്നത്‌. ഇത്ര വലിയ മൂലധന നിക്ഷേപം ദീർഘകാല പദ്ധതികളിൽ നിക്ഷേപിച്ച്‌ വൻ വികസനത്തിന്‌ പദ്ധതി ഒരുക്കുന്നതാണ്‌ കിഫ്‌ബിയുടെ ഏറ്റവും വലിയ ഗുണം. അതിന്റെ  നേട്ടങ്ങൾ കൺമുന്നിൽതന്നെയുണ്ട്‌. അതിനെതിരെ തിരിഞ്ഞ്‌ വികസന പദ്ധതികൾ അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌. സിഎജി റിപ്പോർട്ടിന്റെ  അവകാശലംഘനമൊക്കെ നിയമസഭയുമായി ബന്ധപ്പെട്ടവയാണ്‌. അത്‌ അവിടെ പരിഗണിക്കും.

കുറ്റം തെളിയിക്കപ്പെട്ടതിന്റെ ഭാഗമായാണ്‌  ലീഗിന്റെ 2 എംഎൽഎമാർ അറസ്‌റ്റിലായത്‌. ഒരു കേസിൽ ലീഗ്‌കാർ തന്നെയാണ്‌ പരാതികാർ. പാണക്കാട്‌നിന്നാണ്‌ കേസിൽ മധ്യസ്‌ഥൻമാരെ നിയോഗിച്ചത്‌. ലീഗ്‌ തന്നെ നൽകിയ പരാതിയാണത്‌. അതിനെ എങ്ങിനെയാണ്‌ രാഷ്‌ട്രീയ പ്രേരിതം എന്ന്‌ പറയുന്നത്‌.

എല്ലാ പ്രാദേിക തെരഞ്ഞെടുപ്പ്‌ കാലത്തും ചില  സീറ്റുകളിൽ സിപിഐഎം എതിരില്ലാതെ ജയിക്കാറുണ്ട്‌.  സിപിഐഎമ്മിന്‌  ജനപിന്തുണ നല്ല നിലയിൽ ഉള്ള പ്രദേശങ്ങളാണ്‌ അവിടം. നോമിനേഷൻ കൊടുക്കാൻ സമ്മതിച്ചില്ല എന്ന്‌ എല്ലാ തവണയും പ്രതിപക്ഷം ഉന്നയിക്കാറുണ്ട്‌.  എന്നാൽ വസ്‌തുകകളുടെ ഒന്നും പിന്തുണയില്ല. നോമിനേഷൻ കൊടുക്കാൻ പോയ ഒരാളും അനുമതി നിഷേധിച്ചതായി  ഇത്‌ വരെ പറഞ്ഞിട്ടില്ല.

കോടിയേരി ബാലകൃഷ്‌ണന്റെ  ആരോഗ്യ വിഷയങ്ങളിലെ  പ്രയാസങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്‌. ആ നിലയിൽ ചില ക്രമീകരണങ്ങൾ ചില ഘട്ടത്തിൽ പാർടിയിൽ  ആവശ്യമായി വരും. അതുകൊണ്ടാണ്‌ മാറി നിൽക്കുന്നത്‌.  അതിന്‌ മറ്റ്‌ മാനങ്ങൾ നൽകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി വിജയരാഘവൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top