26 May Sunday

വലതുപക്ഷവൽക്കരണത്തിനെതിരെ ശക്തമായ പ്രചാരണം നടത്തും ; എൽഡിഎഫ‌് ജാഥകൾ 14 നും 16 നും

പ്രത്യേക ലേഖകൻUpdated: Tuesday Feb 12, 2019

വലതുപക്ഷവൽക്കരണത്തിനും തീവ്ര വർഗീയതയ‌്ക്കും വിദ്വേഷ രാഷ‌്ട്രീയത്തിനുമെതിരായ ശക്തമായ പ്രചാരണമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രണ്ട‌് പ്രചാരണജാഥ നടത്തുകയെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.പ്രചാരണജാഥയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരായ ജനവികാരം വളർത്താനും കേരളത്തിന്റെ സർവതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുമായി പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ജാഥകൾ ലക്ഷ്യമിടുന്നു. ‘‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ..., വികസനം, സമാധാനം, സാമൂഹ്യപുരോഗതി, ജനപക്ഷം ഇടതുപക്ഷം’’ എന്നീ മുദ്രാവാക്യങ്ങളുയർത്തി ‘‘കേരള സംരക്ഷണ യാത്ര’’ എന്ന പേരിലാണ‌് ജാഥകൾ.  

ജനദ്രോഹ സാമ്പത്തികനയങ്ങൾ, തീവ്ര വർഗീയവൽക്കരണം, വിദ്വേഷരാഷ‌്ട്രീയം എന്നിവയ‌്ക്കെതിരെ രാജ്യത്ത‌് തുടർച്ചയായി ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നത‌് ഇടതുപക്ഷമാണ‌്. ഇതോടെ ഇടതുപക്ഷത്തെ ദുർബലമാക്കാൻ ആസൂത്രിതമായ വലതുപക്ഷ കേന്ദ്രീകരണമാണ‌് നടക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ മോഡിയുടെ തെറ്റായ നയങ്ങൾ തിരുത്തിയില്ലെങ്കിൽ രാജ്യം വലിയ ദുരന്തത്തിൽ ചെന്നെത്തും. തെറ്റായ നയങ്ങൾ തിരുത്തിക്കാൻ പാർലമെന്റിൽ ശക്തമായ പ്രവർത്തനം നടത്താൻ ഇടതുപക്ഷത്തിനേ കഴിയൂ. വലിയ തോതിലുള്ള ഇടതുപക്ഷ–-ജനാധിപത്യ ശക്തികളുടെ കൂട്ടായ‌്മയുണ്ടാക്കി ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട‌്. എൽഡിഎഫിന്റെ രണ്ട‌് ജാഥയും കേരളത്തിൽ അത്തരം പ്രചാരണം നടത്തും.

പിണറായി സർക്കാരിന്റെ നയവും തുടർച്ചയായ ഇടപെടലുംമൂലം കേരളത്തിന്റെ സകല മേഖലകളും കൈവരിച്ച പുരോഗതി അത്ഭുതാവഹമാണ‌്. ഏറ്റവും വലിയ പ്രളയത്തെ നേരിട്ട‌് അതിജീവനത്തിന്റെ ഉത്തമ മാതൃക സർക്കാർ സൃഷ‌്ടിച്ചു. ജാഥ വിജയിപ്പിക്കാൻ വലിയ തയ്യാറെടുപ്പുകളാണ‌് കേരളത്തിലാകെ നടക്കുന്നത‌്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘാടകസമിതികൾ രൂപീകരിച്ച‌് പ്രവർത്തനങ്ങൾ ഊർജിതമാക്കി. 14ന‌് വൈകിട്ട‌് നാലിന‌് തിരുവനന്തപുരം പൂജപ്പുര മൈതാനത്ത‌് സിപിഐ ജനറൽ സെക്രട്ടറി എസ‌് സുധാകർ റെഡ്ഡി ദക്ഷിണമേഖലാ ജാഥ ഉദ‌്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനാണ‌് ജാഥാ ക്യാപ‌്റ്റൻ. 16ന‌് വൈകിട്ട‌് നാലിന‌് മഞ്ചേശ്വരത്ത‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്തരമേഖലാ ജാഥ ഉദ‌്ഘാടനംചെയ്യും. കാസർകോട്ട‌് വലിയ റാലി നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ‌് ജാഥാ ക്യാപ‌്റ്റൻ. മാർച്ച‌് രണ്ടിന‌് ഇരു ജാഥയും തൃശൂരിൽ സംഗമിക്കും. തുടർന്ന‌്, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ പരിപാടികളുടെ തുടക്കമായിരിക്കും അവിടെ കുറിക്കുകയെന്ന‌് വിജയരാഘവൻ പറഞ്ഞു.

സീറ്റുവിഭജനം ഉടൻ പൂർത്തിയാക്കും: എൽഡിഎഫ‌്
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സീറ്റുവിഭജനം ഐക്യത്തോടെ ഉടൻ പൂർത്തിയാക്കാൻ കാനം രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. സീറ്റുവിഭജനത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങും. വർധിച്ച ഐക്യത്തോടെയാണ‌് തെരഞ്ഞെടുപ്പ‌് നേരിടുക. പല പാർടികളും മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട‌്.

ഇക്കാര്യത്തിൽ ജയസാധ്യതയാണ‌് കണക്കിലെടുക്കേണ്ടതെന്ന‌് ധാരണയായിട്ടുണ്ട‌്. ചില പാർടികൾ മത്സരിക്കാനില്ലെന്നും അറിയിച്ചു. ആർ ബാലകൃഷ‌്ണപിള്ള ഇങ്ങനെ അറിയിച്ചിട്ടുണ്ട‌്. എൽഡിഎഫിന‌് കേരളത്തിൽ ഏറ്റവും മികച്ച വിജയം ഉണ്ടാക്കുന്നതിന‌് സഹായകമായ രീതിയിൽ സീറ്റുചർച്ച നടത്താമെന്നാണ‌് ധാരണയായത‌്. നവോത്ഥാനമുന്നണി രാഷ‌്ട്രീയലക്ഷ്യത്തിനുള്ളതല്ല.

കേരളത്തിൽ നവോത്ഥാനമൂല്യങ്ങളെ തകർക്കാനുള്ള പരിശ്രമങ്ങളെ ചെറുക്കാനുള്ള പൊതുപ്രസ്ഥാനമാണത‌്. മതനിരപേക്ഷത സംബന്ധിച്ച‌് എൽഡിഎഫിന‌് കരുത്തുറ്റ നിലപാടാണ‌്.അക്കാര്യത്തിൽ ഒരു വിട്ടുവീഴ‌്ചയുമുണ്ടാകില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി സ‌്ത്രീകളുടെ പൊതുമുന്നേറ്റത്തിനും ജനാധിപത്യ അവകാശങ്ങൾക്കും തിരിച്ചടിയുണ്ടായി എന്ന‌് പ്രചരിപ്പിക്കുന്നത‌് ശരിയല്ല. ദേവികുളം സബ‌് കലക്ടറോട‌് മോശമായി സംസാരിച്ചെന്നത‌് നടന്നിട്ടുണ്ടെങ്കിൽ അത‌് ശരിയല്ല. സ‌്ത്രീകളോട‌് എംഎൽഎയടക്കം ആരും മോശമായി സംസാരിക്കാനും പെരുമാറാനും പാടില്ലെന്നാണ‌് എൽഡിഎഫിന്റെ നിലപാട‌്. മൂന്നാർ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട‌് എടുത്തിട്ടുണ്ട‌്. ഈ സംഭവത്തെ അതുമായി കൂട്ടിക്കുഴയ‌്ക്കേണ്ട ആവശ്യമില്ല.

ട്രാൻസ‌്പോർട്ട‌് തൊഴിലാളികളെ സഹായിക്കാമെന്ന പൊതുനിലപാടാണ‌് സർക്കാരിന‌്. എന്നാൽ, കോടതിനിർദേശങ്ങളുടെ സാങ്കേതികത കണക്കിലെടുക്കേണ്ടതുണ്ടെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top