04 June Sunday

ബിജെപി ഭരണത്തിൽ പൗരന്റെ സ്ഥാനം പശുവിനേക്കാൾ താഴെ: എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

പെരിന്തൽമണ്ണ> രാജ്യം ഭയാനകമായ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നതെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ പൗരന്റെ സ്ഥാനം പശുവിനേക്കാൾ താഴെയാണെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. ഇ എം എസ്‌ സ്‌മാരക ഗവേഷണ ട്രസ്റ്റ്‌ സംഘടിപ്പിച്ച ഇ എം എസ്‌ അനുസ്‌മരണവും നേതൃത്വ പഠനക്ലാസും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മനുഷ്യനേക്കാൾ പ്രാധാന്യം പശുവിനാണ്‌. ഗോ സംരക്ഷകർക്ക്‌ പ്രത്യേക നിയമ പരിരക്ഷയാണ്‌ ലഭിക്കുന്നത്‌. ചിലയിടങ്ങളിൽ സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ 30 ശതമാനം പശുസംരക്ഷണത്തിനാണ്‌ വിനിയോഗിക്കുന്നത്‌. വാർഷിക ബജറ്റിൽ ഗോ സംരക്ഷണത്തിന്‌ ആയിരവും രണ്ടായിരവും കോടി  നീക്കിവയ്‌ക്കുന്നു.

രാജ്യത്ത്‌ ന്യൂനപക്ഷ വിരുദ്ധമായാണ്‌ കാര്യങ്ങൾ നടക്കുന്നത്‌. വലിയ രീതിയിൽ മത– ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. പല ഭാഗത്തുനിന്നും അപായകരമായ സൂചനകളാണ്‌ ഉയരുന്നത്‌. രാജ്യത്ത്‌ എറ്റവും കൂടുതൽ എൻകൗണ്ടർ കൊലപാതകങ്ങൾ നടക്കുന്നത്‌ ഉത്തർപ്രദേശിലാണ്‌. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയുള്ള നാട്ടിൽ കുറ്റാരോപിതരെപോലും വെടിവച്ച്‌ കൊല്ലുകയാണ്‌. മൗലികാവകാശങ്ങൾ  ലംഘിക്കപ്പെടുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തവർതന്നെ അത്‌ തകർക്കാനും മുൻകൈയെടുക്കുന്നു. ഇന്ത്യൻ ദേശീയ സമരത്തിലെ ജനകീയ പങ്കാളിത്തത്തെ നിരാകരിക്കുന്നവരാണ്‌ ആർഎസ്‌എസുകാർ. രാജാവിനെയും പ്രജകളെയും വീണ്ടെടുക്കാനാണ്‌ അവരുടെ ശ്രമം. ആർഎസ്‌എസ്‌ തീവ്ര ജാതിബോധം സൃഷ്‌ടിക്കുന്നത്‌ എളുപ്പത്തിൽ അധികാരത്തിലെത്താൻ വേണ്ടിയാണ്‌.

എന്നാൽ ലോകത്തിനുമുന്നിൽ ബദൽ മാതൃക സൃഷ്ടിച്ചുകൊണ്ടാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ബിജെപിയും യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചാലും സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.  ഏലംകുളം ഇ എം എസ്‌ സ്മാരക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അധ്യക്ഷനായി. ‘സാർവദേശീയ രാഷ്‌ട്രീയം: ഒരു ഇടതുപക്ഷ വിശകലനം’ വിഷയത്തിൽ വി ബി പരമേശ്വരനും ‘ഹിന്ദുത്വ– പ്രയോഗവും പ്രത്യയശാസ്‌ത്രവും’ വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്രയും ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം വി രമേശൻ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top