01 March Monday

തെരഞ്ഞെടുപ്പ് കാലത്തും ശേഷവും സിപിഐ എമ്മിനെതിരെ വലിയ അക്രമം അഴിച്ചുവിട്ടു; മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല: വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

തിരുവനന്തപുരം> സംസ്ഥാനത്ത് മികച്ച വിജയമാണ് ഇടതുപക്ഷത്തിന് ലഭിച്ചതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ഏത് കാലഘട്ടത്തേക്കാള്‍ മികച്ച ജനകീയ  അംഗീകാരം ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ കിട്ടി.വലിയ തോതിലുള്ള ശിഥിലീകരണത്തിലേക്ക് യുഡിഎഫ് പോവുകയാണ്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടുകൂടി യുഡിഎഫിന്റെ തകര്‍ച്ച ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 ആ തകര്‍ച്ചയുടെ വേഗത ഈ തെരഞ്ഞെടുപ്പോടെ  വര്‍ധിക്കും എന്നാണ് സിപിഐ എം വിലയിരുത്തിയത്. ബിജെപിയ്ക്കും കേരളത്തില്‍ മുന്നേറാനായില്ല.  ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത അതാണ്.  തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പിന് ശേഷവും വലിയ അക്രമമാണ് സിപിഐ എമ്മിനെതിരെ കെട്ടഴിച്ചുവിട്ടത്.  ആറ് സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനേയും കൊലപ്പെടുത്തി.

 തികഞ്ഞ സംയമനമാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്.ജനങ്ങളുടെ പിന്തുണയോടെ ബഹുജങ്ങളെ അണിനിരത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. ജനുവരി 24 മുതല്‍ 31 വരെ ഗൃഹ സന്ദര്‍ശന പരിപാടി നടത്തും. ജനങ്ങളുമായി ആശയ വിനിമയം നടത്തും. സാധാരണ മനുഷ്യന്റെ താല്‍പര്യം സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഈ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി പങ്കുവക്കാനും ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദര്‍ശനം സഹായകരമായി മാറും.

കര്‍ഷക സമരത്തെ പിന്തുണച്ചുള്ള രാജ്ഭവന് മുന്നിലെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.പഞ്ചായത്തുകള്‍ തോറും സമരത്തോട് അഭിവാദ്യം അര്‍പ്പിക്കുകയാണ്. ഇതിന് ജനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സിപിഐ എം അഭ്യര്‍ഥിക്കുന്നു. ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല.  മതപരമായ ഏകീകരണം കേരളം അംഗീകരിച്ചിട്ടില്ല.മതേതര സ്വഭാവമുള്ള ഒരാളും ബിജെപിയെ പിന്തുണക്കില്ല. അതിനാലാണ്  ബിജെപിക്ക് വലിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനാകാതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.

 തെരഞ്ഞെടുപ്പ് ഫലം ബിജെപി മുന്നേറ്റമുണ്ടാക്കിയതായി അടയാളപ്പെടുത്തിയിട്ടില്ല. ഇടതുപക്ഷത്തിന്റെ വോട്ട് ഈ സമൂഹത്തിലെ തൊഴിലാളികളും  കര്‍ഷകരുമായ  അധ്വാനിക്കുന്ന മനുഷ്യരുടെ വോട്ടാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തുടര്‍ന്ന അവസരവാദ നയത്തിന് ജനം അംഗീകാരം നല്‍കിയിട്ടില്ല. ഒരു വര്‍ഗീയവാദത്തിന്റെയും കൂടെ നില്‍ക്കാനാവില്ല. മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും വിജയരാഘവന്‍ വ്യക്തമാക്കി

24 മുതൽ 31 വരെ ഗൃഹസന്ദർശനം
യുഡിഎഫിന്റെയും, എൻഡിഎയുടെയും  ജനവിരുദ്ധ നടപടികളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന ക്ഷേമപദ്ധതികളെപ്പറ്റിയും സിപിെഎ എം പ്രവർത്തകർ ജനങ്ങളുമായി സംവദിക്കുമെന്ന്‌  എ വിജയരാഘവൻ പറഞ്ഞു. ഇതിന്‌ 24 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി ഗൃഹസന്ദർശനം നടത്തും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തദ്ദേശ സാരഥികളും  ജില്ലാ, സംസ്ഥാന നേതാക്കളും പങ്കെടുക്കും.

ജനങ്ങളിലേക്ക്‌ കൂടുതൽ ഇറങ്ങിച്ചെന്ന്‌ അവർക്കൊപ്പം നിൽക്കാനാണ്‌ സിപിഐ എം ശ്രമിക്കുന്നത്‌. ജനങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും കൂടുതൽ ജനവിഭാഗങ്ങളെ എൽഡിഎഫിലേക്ക്‌ ആകർഷിക്കാനും ഇത്‌ സഹായിക്കും. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ദിവസേന വിലകൂട്ടുന്ന, കർഷകരെ ദ്രോഹിക്കുന്ന, കോർപറേറ്റ്‌, സമ്പന്ന താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രചാരണം സംഘടിപ്പിക്കും. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന സർവതലസ്പർശിയായ വികസന, ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top