19 January Tuesday

നാട് ഇരുട്ടിലേക്ക് പോയാലും പ്രതിപക്ഷത്തിന് വിഷമമില്ല; കേന്ദ്ര ഏജന്‍സികള്‍ കൂട്ടായി പ്രവര്‍ത്തിച്ച് കള്ളത്തെളിവുണ്ടാക്കുന്നു: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

തിരുവനന്തപുരം> സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായി പ്രതിപക്ഷം നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ഇടുങ്ങിയ രാഷ്ട്രീയ  ചിന്തയില്‍ ഈ  നാട് ഇരുട്ടിലേക്ക് പോയാലും  വിഷമമില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെതെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വികസനം വേണ്ട എന്ന സങ്കുചിത രാഷ്ട്രീയം പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫും ബിജെപിയും ഒരേ നിലപാടിലാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ നടക്കുന്ന വികസന വിരുദ്ധ നിലപാടിനെ ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാണിക്കും. എല്‍ഡിഎഫ് ഇത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 വികസന വിരുദ്ധമായ ഇത്തരം നിലപാടുകള്‍ക്കെതിരായി  ജനങ്ങളെയാക്കെ ഒന്നിപ്പിച്ച് വലിയ ബഹുജന സമരങ്ങള്‍ വരും ദിവസങ്ങളില്‍ നടത്താന്‍ ഇടതുമുന്നണി യോഗം ചേര്‍ന്ന് തീരുമാനത്തിലെത്തണം എന്നാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കേന്ദ്ര ഏജന്‍സികളെ  ഉപയോഗിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറക്കാനുമുള്ള പ്രവര്‍ത്തനം സീമകള്‍ ലംഘിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള സ്ഥലങ്ങളില്‍ എംഎല്‍എ മാരെ വിലക്ക് വാങ്ങി അധികാരം പിടിക്കാന്‍ മികച്ച ആസൂത്രണമാണ് കേന്ദ്രത്തിലെ ബിജെപി പ്രകടിപ്പിച്ചത്. ബിജെപിയുടെ ആ പ്രവര്‍ത്തനത്തിന്റെ ഇരയാണ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍.

 എന്നാല്‍ കേരളത്തില്‍ ആ നിലയില്‍ എംഎല്‍എ മാരെ വിലക്ക് വാങ്ങി സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനാകില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്.കേന്ദ്ര ഏജന്‍സി ഏറ്റവുമധികം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമായ സന്ദര്‍ഭമാണിത്. ഇഡി തലവന് കാലാവധി നീട്ടിക്കൊടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനം ഇത് വ്യക്തമാക്കുന്നു. വിവിധ   രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന നാടാണ് നമ്മുടേത്. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇത് വ്യക്തമാക്കിയതാണ്.

 ഭരണ നേതൃത്വത്തിനെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ഏജന്‍സികള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഈ തെറ്റുകള്‍ക്കെതിരായി, എല്‍ഡിഎഫ് സര്‍ക്കാരിനെ  പ്രതിരോധിച്ച് സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസമാണ് സിപിഐ എമ്മിനുള്ളത്.  യുഡിഎഫ് കേരളത്തിനകത്ത് രാഷ്ട്രീയമായി ദുര്‍ബലപ്പെട്ടു. കേരള കോണ്‍ഗ്രസും എല്‍ജെഡിയും യുഡിഎഫ് വിട്ടു. അതിന്റെ നല്ല ക്ഷീണത്തിലാണവര്‍. ഇതിന്റെ നിരാശയില്‍ നിന്നു തെറ്റായ രാഷ്ട്രീയത്തിലേക്ക് അവര്‍ നീങ്ങുകയാണ്.

മുസ്ലിം മൗലികവാദികളുമായി രാഷ്ട്രീയ സഖ്യത്തിലായി. ബിജെപിയുമായി ഉണ്ടാക്കാന്‍ പോകുന്ന രഹസ്യ ബാന്ധവത്തിന്റെ വിഷദാംശം വരും ദിവസങ്ങളില്‍ വ്യക്തമാകും. ലീഗിന്റെ 2 എംഎല്‍എമാര്‍ തെറ്റായ പ്രവര്‍ത്തനത്താല്‍ പ്രതിചേര്‍ക്കപ്പെടുകയാണ്. യുഡിഎഫ് എത്തിയ രാഷ്ട്രീയ ജീര്‍ണതയുടെ ഉദാഹരണമാണ് നാം കണ്ടത്.  അതിന്റെ നിരാശയാണ് യുഡിഎഫിനുള്ളത്. മതനിരപേക്ഷതയാണ് കേരളത്തിന്റെ കരുത്ത്. ആത്മവിശ്വാസത്തിന്റെ കേന്ദ്രമായി എല്ലാവര്‍ക്കും കേരളം മാറി.

എല്‍ഡിഎഫിന്റെ ഏറ്റവും വലിയ നേട്ടവുമാണത്. അതിനാല്‍ തന്നെ  ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഈ വികസന വിരുദ്ധ നിലപാടിനെതിരായി  ശക്തമായ പ്രചാരണങ്ങളും പ്രതിഷേധ സമരവും ആവിഷ്‌കരിച്ച് വലിയ ജനപിന്തുണയോടെ പ്രാവര്‍ത്തികമാക്കുമെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top