19 September Thursday

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ സര്‍ക്കാർ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ദുബായി> കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഗൾഫ് മേഖലയിൽ തൊഴിലവസരം ഉറപ്പുവരുത്താനുള്ള നടപടികൾ പൂർത്തിയാക്കിയതായി സംസ്ഥാന പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി എ കെ ബാലൻ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി  പരിശീലനം പൂർത്തിയാക്കിയ 1500 ഓളം പട്ടികജാതി-പട്ടികവർഗ യുവാക്കൾക്ക് വിദേശ തൊഴിൽ ലഭിക്കുവാനുffനടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ നൽകാൻ സന്നദ്ധത അറിയിച്ച തൊഴിൽദാതാക്കളുടെ യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ദുബായിലും അബുദാബിയിലും നടത്തി. പട്ടികജാതി പട്ടികവർഗ്ഗ വികസന ഡയറക്ടർ അലി അസ്ഗർ പാഷയും യോഗത്തിൽ ഒപ്പമുണ്ടായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ഭാഗത്തെ നൈപുണ്യ വികസനത്തിലൂടെ ശാക്തീകരിച്ച് തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന പദ്ധതി ലോകത്തിൽ ആദ്യമാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. 2500 അഭ്യസ്തവിദ്യരായ പട്ടികജാതി-പട്ടികവർഗക്കാർക്ക്  വിദേശത്ത് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഓയിൽ & റിഗ് മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ആണ് കൂടുതലും തൊഴിൽ ഉറപ്പാക്കിയിട്ടുള്ളത്. കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി ദുബായ് അബുദാബി മേഖലകളിൽ എഴുപതോളം സംരംഭകരെ വിളിച്ചുചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ പൂർണ സഹകരണം ആണ് സംരംഭകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. 1300 പേർക്ക് തൊഴിൽ കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ വർഷം സർക്കാരിന് ഉണ്ടായിരുന്നത്. അത് നിർവഹിക്കാൻ ആവുന്ന വിധത്തിൽ ഉള്ള ഉറപ്പാണ്‌ പങ്കെടുത്ത എഴുപതോളം സ്ഥാപനങ്ങളുടെ ഉടമകൾ നൽകിയത്.

സർക്കാർ കഴിഞ്ഞ മൂന്നുവർഷമായി നടപ്പിലാക്കിയ നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴിൽ കണ്ടെത്താൻ ഉള്ള സഹായം നൽകുന്ന പദ്ധതി മുഖാന്തിരവും വിവിധ തൊഴിലുകൾക്കായി 2357 യുവാക്കൾക്കാണ് പരിശീലനം നൽകിയത് എന്നും മന്ത്രി പറഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസികളുടെ സംഘം മന്ത്രിയെ കണ്ട് 500 പേർക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിൽ ആദ്യഘട്ടം എന്ന നിലയ്ക്ക് 250 പേർക്ക് ഉടനെ തൊഴിൽ ലഭ്യമാക്കുമെന്നും പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.

വിദേശത്ത് തൊഴിൽ ലഭിക്കുന്നതിനുള്ള സേവനം നൽകുന്നതിനോടൊപ്പം ആഭ്യന്തരമായി തൊഴിൽ നേടുന്നതിന് 23 സ്ഥാപനങ്ങളുടെ സേവനം സംസ്ഥാനസർക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്. ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനങ്ങൾ തന്നെ പലപ്പോഴും ജോലി നൽകുകയും ചെയ്യുന്നുണ്ട്.  വിദേശത്തുള്ള തൊഴിൽ വൈദഗ്ധ്യത്തിനുള്ള പരിശീലനം നാട്ടിൽ തന്നെയാണ് നൽകുന്നത്. അങ്കമാലിയിലെ എക്സ്പോർ കമ്പനിയാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള  പരിശീലനമാണ് ഇവിടെ നൽകുന്നത് എന്നും ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കേംബ്രിഡ്ജ് സർവകലാശാലയുമായി സഹകരിച്ചാണ് ഇവിടെ പരിശീലനം നടത്തുന്നത് എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തൊഴില്‍ പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് അറബി ഭാഷകള്‍ കൂടി പഠിപ്പിച്ചാണ് യുവാക്കളെ ഗള്‍ഫിലേക്ക് ജോലിക്ക് അയക്കുക എന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top