21 March Thursday

ആര്‍എസ്എസ് സായുധകലാപത്തെ പിന്തുണയ്ക്കുന്ന എന്‍എസ്എസ് നിലപാട് ആത്മഹത്യാപരം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

കോട്ടയം
ശബരിമല വിധിയുടെ മറവിൽ സംഘപരിവാർ നടത്തുന്ന കലാപത്തെ ന്യായീകരിച്ച് സംസ്ഥാന സർക്കാരിനെ പഴിചാരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാട് അപമാനകരവും ആത്മഹത്യാപരവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സായുധ കലാപങ്ങളെയാണ് അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുന്നത്.

ആർഎസ്എസിനെ വെള്ളപൂശാൻ വാർത്താക്കുറിപ്പ് തയാറാക്കുന്നതിന് മുമ്പ‌് അൽപം പിന്നിലേയ്ക്ക് അദ്ദേഹം തിരിഞ്ഞു നോക്കണം. എൻഎസ്എസിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം എംജി കോളേജിനെയും ധനുവച്ചപുരം കോളേജിനെയും ആയുധപ്പുരകളാക്കിമാറ്റി കലാപം ഉണ്ടാക്കുകയും പരസ്യമായി വെല്ലുവിളിയ്ക്കുകയും ചെയ്തത് ഇതേ ആർഎസ്എസാണെന്ന് സുകുമാരൻ നായർ മറക്കരുത്. വിമോചനസമരത്തിന്റെ ഓർമകളാണ് സുകുമാരൻനായരിൽ തികട്ടുന്നത്. കാലമെത്ര പുരോഗമിച്ചെന്നും കേരളമില്ലെങ്കിൽ എൻഎസ്എസുമില്ലെന്നും ഓർക്കുന്നത‌്നല്ലതാണ്.

നവോത്ഥാനത്തിന്റെ പേരിൽ സംസ്ഥാനസർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്ന എൻഎസ്എസ് ആരോപണം വിമോചനസമരത്തിന്റെ തനിമുദ്രാവാക്യമാണ്. ജനാധിപത്യസമൂഹത്തിൽ ജനങ്ങളുടെ മതവിശ്വാസത്തെയും ആചാരത്തെയും പറ്റി നല്ല ബോധ്യമുള്ള സ്ഥാപനമാണ് സുപ്രീംകോടതി. ആ സുപ്രീംകോടതിയെയാണ് സുകുമാരൻ നായർ ജനാധിപത്യം പഠിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രത്യക്ഷത്തിൽ  സുകുമാരൻ നായരുടെ നേതൃത്വത്തിൽ എൻഎസ്എസ് തുടർച്ചയായി കോടതിയലക്ഷ്യമാണ് നടത്തുന്നത്. ശബരിമല കേസിൽ കക്ഷിയായ എൻഎസ്എസാണ് കലാപങ്ങൾക്ക് പിന്തുണ നൽകുന്നതെന്നതും വൈരുധ്യം. സംസ്ഥാന സർക്കാരിനെതിരെ ആർഎസ്എസ്  സായുധകലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനൽകുറ്റമാണ്. 

യുവതി പ്രവേശനത്തിൽ എസ്എൻഡിപിയ്ക്ക് അവരുടേതായ നിലപാടുള്ളപ്പോൾ തന്നെ വർഗീയധ്രുവീകരണത്തിന് അവർ ശ്രമിച്ചില്ല. ആർഎസ്എസ് കലാപത്തെ അനുകൂലിച്ച് പത്രക്കുറിപ്പും ഇറക്കിയില്ല. ഇതാണ് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള വ്യത്യാസം. അക്രമങ്ങൾക്കെതിരെ അതേനാണയത്തിൽ പ്രതിരോധത്തിനല്ല ഡിവൈഎഫ്ഐ ശ്രമിക്കുന്നത്. ആർഎസ്എസിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധം തീർക്കാനാണ് ശ്രമം.

ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ വ്യാപക കലാപത്തിനാണ് ആർഎസ്എസ് ലക്ഷ്യമിട്ടിരുന്നത്. പലയിടത്തും ആയുധപ്പുരകൾ ഒരുക്കി. പൊലീസ് സ്റ്റേഷനുകൾ വരെ ബോംബാക്രമണത്തിന് വിധേയമായി. ആർഎസ്എസ്എസും ശബരിമല കർമ സമിതിയും നേതൃതലത്തിൽ തയ്യാറാക്കിയ കലാപ പദ്ധതിയാണിത്. ശബരിമലകർമ സമിതിയുടെ  നേതാവ് മുൻ ഡിജിപി ടിപി സെൻകുമാറാണ്. ഇദ്ദേഹം ഉൾപ്പെടെയുള്ള നേതൃത്വമാണ് പൊലീസ്സ്റ്റേഷനും പൊലീസുകാരെയും ആക്രമിക്കാൻ പ്രേരണ നൽകുന്നത്. ഹർത്താലിന്റെ മറവിൽ അക്രമം നടന്നാൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു സർവീസിലുള്ളപ്പോൾ സെൻകുമാറിന്റെ നിലപാട്. ഇതുതന്നെയാണോ ഇപ്പോഴത്തെയും നിലപാടെന്ന് സെൻകുമാർ വ്യക്തമാക്കണം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ മൗനം പാലിച്ച മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആർഎസ്എസ് പ്രചാരകനെപ്പോലൊണ് സംസാരിക്കുന്നത്. സംഘപരിവാറിന്റെ കലാപ ശ്രമങ്ങളെ കേരളം ഒരേ മനസ്സോടെ പ്രതിരോധിക്കണമെന്നും എ എ റഹിം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറി സജേഷ് ശശി, ട്രഷറർ അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top