19 September Thursday

വ്യാജവാർത്ത പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണം: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കണ്ണൂർ> സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്‌ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിവേണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി  എ എ റഹീം ആവശ്യപ്പെട്ടു. ‘യൂത്ത്‌ സ്‌ട്രീറ്റ്‌’ പരിപാടിയുടെ പ്രചാരണത്തിനായി നടത്തിയ സംസ്ഥാനജാഥയോടുനുബ്ന്ധിച്ച്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റഹീം.

ഇടുക്കിയിൽനിന്നുള്ള വാർത്തകൾ ഏറെ ഗൗരവമുള്ളതാണ്‌. പോസ്‌റ്റ്‌ ഓഫീസിൽ അക്കൗണ്ടു തുടങ്ങിയാൽ നരേന്ദ്ര മോഡി നേരിട്ട് കാശ് നൽകുമെന്ന പ്രചരണത്തിൽ വീണുപോയാണ്‌ മൂന്നാറിൽ തോട്ടംതൊഴിലാളികൾ കൂട്ടത്തോടെയെത്തി അക്കൗണ്ടു തുടങ്ങാൻ തിക്കിത്തിരക്കിയത്‌. ദേവികുളത്ത്‌ സർക്കാർ ഭൂമി പതിച്ചുനൽകുന്നുണ്ടെന്നും രജിസ്റ്റർ ചെയ്യണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്ത വിശ്വസിച്ച നൂറുകണക്കിനാളുകൾ റവന്യു ഓഫീസിൽ കുതിച്ചെത്തി. രണ്ടു വാർത്തയും വ്യാജമായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനക്കൂട്ടത്തെ വല്ലാതെ സ്വാധിനിക്കുന്നുവെന്നതിന്റെ തെളിവാണ്‌ ഈ സംഭവങ്ങൾ.

സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയുടെ രൂപം വികൃതമായി അച്ചടിച്ചുവെന്ന വ്യാജപ്രചരണവും വ്യാപകമായി നടന്നു. ഇതിന്റെ ഉറവിടവും അഞ്ജാതമാണ്. വാട്‌സ്‌ആപ്‌ ഹർത്താലിന്റെ അനുഭവവും ദുരന്തവും  നമുക്ക് മുന്നിലുണ്ട്. രാജ്യത്ത് സമീപകാലത്ത് നടന്ന എല്ലാ വർഗീയ കലാപങ്ങളുടേയും തുടക്കം  സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ച വ്യാജവാർത്തകളിലൂടെയായിരുന്നു. ഇത്തരം സംഭവങ്ങളെ സർക്കാർ ജാഗ്രതയോടെ കാണണം.

കേരളത്തിൽ ദേശീയപാതാ വികസനം സംബന്ധിച്ച തടസ്സം നീങ്ങിയെന്ന  മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രതീക്ഷയോടെയാണ്‌ ഡിവൈഎഫ്‌ഐ കാണുന്നത്‌.  അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റം ഉണ്ടായാൽ മാത്രമേ വലിയ നിക്ഷേപങ്ങൾ ക്ഷണിക്കാൻ സാധിക്കൂ. ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ഈ തലമുറയിൽ വികസനം സാധ്യമാകില്ല. ഗെയിൽ പദ്ധതി, ദേശീയ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിലെ എല്ലാ സ്വപ്നപദ്ധതികളും യാഥാർഥ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്‌.

തൊഴിലില്ലായ്‌മയ്‌ക്കൊപ്പം തൊഴിലിടങ്ങളിലെ അടിമപ്പണിയും ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന മുഖ്യവിഷയമാണെന്ന്‌ എ എ റഹീം പറഞ്ഞു. ജാഥാ മാനേജർ കെ യു ജെനീഷ്‌ കുമാറും വാർ്ത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top