13 October Sunday

26 ദിനം; താൽക്കാലിക പുനരധിവാസം പൂർണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൽപ്പറ്റ > മുണ്ടക്കൈ ഉരുൾപൊട്ടലിലെ മുഴുവൻ ദുരിതബാധിതരുടെയും താൽക്കാലിക പുനരധിവാസം പൂർത്തിയായി. ദുരിതാശ്വാസ ക്യാമ്പുകളിലെ 983 കുടുംബത്തെയും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.  ജൂലൈ 30നാണ്‌ ഉരുൾപൊട്ടലുണ്ടായത്‌. ഈ മാസം മുപ്പതിനകം പുനരധിവാസം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ സർക്കാർ സംവിധാനങ്ങൾ  എണ്ണയിട്ട യന്ത്രംപോലെ  പ്രവർത്തിച്ചതിനാൽ 26 ദിവസം കൊണ്ട്‌, നിശ്ചയിച്ചതിലും ആറുദിവസം മുമ്പേ ലക്ഷ്യം നേടി.

വെള്ളി വൈകിട്ട്‌ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 16 കുടുംബമാണ്‌ ഉണ്ടായിരുന്നത്‌. രാത്രിയോടെ 13 കുടുംബം മാറി. അവശേഷിച്ച മൂന്നു കുടുംബം ശനിയാഴ്‌ച ക്യാമ്പ്‌ വിട്ടു. ഇവർക്കും നേരത്തെ താമസസൗകര്യം കണ്ടെത്തിയിരുന്നു.  വാടകവീടും  ക്വാർട്ടേഴ്‌സും കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമുണ്ടാക്കി. തദ്ദേശസ്ഥാപനങ്ങളിൽ ‘ചൂരൽമലയിലെ ദുരിതബാധിതർക്കായി ഒരുവീട്‌’ ക്യാമ്പയിൻ നടത്തി.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവരുടെ സംഘം വാർഡ്‌ തോറും പരിശോധന നടത്തിയാണ്‌ വീട്‌ കണ്ടെത്തിയത്‌. അറ്റകുറ്റപ്പണി  യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി.  വാടകയായി പ്രതിമാസം ആറായിരം രൂപ സർക്കാർ നൽകും. പുനരധിവസിപ്പിച്ചവരുടെ ചുമതല അസിസ്റ്റന്റ്‌ കലക്ടർക്കാണ്‌. ആവശ്യങ്ങളും പരാതികളും അറിയിക്കാൻ 18002330221 എന്ന ടോൾഫ്രീ നമ്പറുമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top