08 August Saturday

സുനാമി ദുരന്തകാലത്തെ സിപിഐ എം പ്രവർത്തനം; പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷ മാതൃക

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

കൊച്ചി > സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും പ്രതിപക്ഷ സംഘടനകളും തെരുവിൽ സമരമെന്ന പേരിൽ അവരുടെ പ്രവർത്തനങ്ങൾ തുടരുകയാണ്‌. ലോകത്തിന്‌ തന്നെ മികച്ച പ്രതിരോധ മാതൃക സൃഷ്‌ടിച്ച സർക്കാരിനെ താറടിക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. സാമ്പത്തികമായി കേരളത്തെ പ്രതിരോധത്തിലാക്കുക എന്നത്‌ അടുത്തത്‌, ഇപ്പോൾ രോഗം വ്യാപിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ ആക്രമിക്കുക എന്നതാണ്‌ കോൺഗ്രസിന്റെ പ്രധാനലക്ഷ്യം.

കേരളം മുൻപും ദുരന്തങ്ങളെ നേരിട്ടിട്ടുണ്ട്‌. അതിജീവിച്ചിട്ടുണ്ട്‌. 2004 ൽ പ്രതിപക്ഷത്തായിരുന്ന എൽഡിഎഫും സിപിഐ എമ്മും സുനാമി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ്‌ സർക്കാരിനോട്‌ ചേർന്നാണ്‌ പ്രവർത്തനങ്ങൾ നടത്തിരുന്നത്‌.

സുനാമി തിരകൾ സംസ്ഥാനത്തിന് വലിയ നാശമുണ്ടാക്കിയ ഘട്ടത്തിൽ സിപിഐഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുന്നോട്ടുവെച്ച മാതൃക ഇതാണ്. പാർടിയുടെ ബഹുജന പരിപാടികൾ മാറ്റിവച്ചുകൊണ്ട് നാടിനെ സഹായിക്കാൻ സിപിഐഎം മുന്നോട്ടുവന്നു. സമ്മേളന റാലികളടക്കം മാറ്റിവെച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങാൻ അന്ന് സിപിഐ എം പ്രവർത്തകരോട് നിർദേശിച്ചു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്ന അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി.

യുഡിഎഫിനെതിരെ വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിലും നാടിൻ്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് സിപിഐഎമ്മിൻ്റെ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കാൻ തീരുമാനിച്ച സെക്രട്ടറിയേറ്റ് മാർച്ചും കലക്ട്രേറ്റ് മാർച്ചുമുൾപ്പെടെ മാറ്റി വെച്ച് ദുരന്തത്തിനിരയായവരെ സഹായിക്കാൻ എൽഡിഎഫ് പ്രവർത്തകർ അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് അന്ന് എൽഡിഎഫ് കൺവീനറായിരുന്ന പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടത്.

വിളിപ്പാടകലെ തൊട്ടടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പായിട്ടും ഇന്നത്തെ പ്രതിപക്ഷത്തെ പോലെ സർക്കാരിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ സ്വീകരിക്കാതെ, സർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണ കൊടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി നിന്ന അന്നത്തെ പ്രതിപക്ഷത്തെ ഓർക്കണം. 2004 ഡിസംബർ 26 നാണ് സുനാമി തിരമാലകൾ നമ്മുടെ തീരദേശ മേഖലകളിൽ ആഞ്ഞടിച്ചത്. തെക്കുകിഴക്കൻ ഏഷ്യയെ ഏറെക്കുറെ പൂർണ്ണമായും ദുരിതത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. അന്ന് കേരളത്തിൽ കൊല്ലത്തും, ആലപ്പുഴയിലും മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. അതിനുപുറമെ വീടുകളും, കടകളും, ബോട്ടുകളുമടക്കം വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായി. പോലീസും, ഫയർഫോഴ്സുമടക്കമുള്ള സംവിധാനങ്ങൾ നിസ്സഹായരായി നിന്നിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് ജനങ്ങൾ തന്നെയായിരുന്നു നേതൃത്വം കൊടുത്തത്.

ഇതിനുപുറമെ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ ആരോപണ വിധേയനായ വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയവുമായിരുന്നു അത്‌. അതിന്റെ ഭാഗമായി ചെറുതും, വലുതുമായ പ്രതിഷേധങ്ങൾ കേരളത്തിലുടനീളം നടക്കുന്നുണ്ട്. പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് നിരവധി വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകരും, നേതാക്കളും ആശുപത്രിയിലായി. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പലരെയും ജയിലിലടച്ചു. സുനാമിക്ക് മുമ്പുള്ള ദിവസങ്ങൾ യഥാർത്ഥത്തിൽ പോലീസ് രാജ് തന്നെയായിരുന്നു. മൊത്തത്തിൽ പ്രക്ഷുബ്ധമായ അന്തരീക്ഷം. ഒരു ശരാശരി യുഡിഎഫ് കാരന്റെ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ ഭരണപക്ഷത്തെ നന്നായി ആക്രമിക്കാൻ എന്തുകൊണ്ടും പറ്റിയ സമയം! പക്ഷേ, അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം പ്രക്ഷോഭങ്ങൾക്ക് താൽക്കാലിക അവധി നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി.

എൽഡിഎഫ് നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും, ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്താൻ തീരുമാനിച്ചിരുന്ന മാർച്ച് മാറ്റിവെച്ചു. സിപിഐ(എം) ഏരിയാ, ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയമായിരുന്നു. പലയിടങ്ങളിലും പ്രതിനിധി സമ്മേളനം മാത്രമായി നടത്തി. പൊതുസമ്മേളനങ്ങളും, റാലികളും ഒഴിവാക്കിയതായും പാർടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അറിയിച്ചു. ദുരന്തം നടന്ന് ദിവസങ്ങൾ കഴിയുമ്പോഴും മൃതദേഹങ്ങൾ തീരങ്ങളിൽ വന്നടിഞ്ഞുകൊണ്ടിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ ദുരന്തമേൽപ്പിച്ച ആഘാതത്തിൽ നിന്ന് മോചിതരാകാത്ത സമയത്തും മുഖ്യമന്ത്രി ഉമ്മൻചാണ്ടി എൻഎസ്എസ് ആസ്ഥാനത്ത് പരിപാടികളിൽ പങ്കെടുക്കുന്നതിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. മറ്റെല്ലാ പരിപാടികളും കഴിഞ്ഞ് ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ മന്ത്രിമാരെ പലയിടത്തും ജനങ്ങൾ തടയുന്ന സ്ഥിതിയുണ്ടായി.

എന്നാൽ സുനാമി ദുരന്തകാലത്ത് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടയുന്ന സംഭവങ്ങൾ തുടർന്നപ്പോൾ അത് ശരിയായ രീതിയല്ലെന്നും, അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നുമാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്  അച്ച്യുതാനന്ദൻ ജനങ്ങളോട് ആവശ്യപ്പെട്ടത്. ദുരന്തത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർക്കാർ ജീവനക്കാരും, മറ്റു മേഖലകളിൽ തൊഴിലെടുക്കുന്നവരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. ആ അഭ്യർത്ഥനയെ ഭരണപക്ഷത്തുള്ള സംഘടനകളേക്കാൾ ആവേശത്തോടെ സ്വീകരിച്ചത് പ്രതിപക്ഷത്തുള്ള സംഘടനകളായിരുന്നു. ഉമ്മൻചാണ്ടി പറയുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ പാർടിയും, വർഗ്ഗ-ബഹുജന-സർവ്വീസ് സംഘടനകളും രംഗത്തിറങ്ങി.

അന്ന് ഒരു ദിവസത്തെ വേതനത്തിന് പുറമേ പ്രതിപക്ഷ സംഘടനകൾ ഹുണ്ടിക പിരിവിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു. കൂടാതെ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യധാനങ്ങളും, പച്ചക്കറികളും, വസ്ത്രങ്ങളും നൽകി. കേരള എൻജിഒ യൂണിയൻ മാത്രം ജീവനക്കാരുടെ ഒരു ദിവസത്തെ വേതനത്തിന് പുറമേ 11.5 ലക്ഷം രൂപ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. കെജിഒഎ, കെഎസ്‌ടിഎ, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു), കേരള സെക്രട്ടേറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷൻ, ബിഎസ്എൻഎൽ എംപ്ലോയ്‌സ് യൂണിയൻ, കെഎംസിഎസ്യു, യൂണിവേഴ്‌സിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ തുടങ്ങി നിരവധി ഇടതുപക്ഷ സർവ്വീസ് സംഘടനകളും, സിഐടിയു, കർഷകസംഘം, കെ.എസ്.കെ.ടി.യു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും ഫണ്ട് സ്വരൂപിച്ച് നൽകി.

അത്തരത്തിൽ ആത്മാർത്ഥമായ ഇടപെടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിക്കൊണ്ട് പ്രതിപക്ഷം മാതൃകയായി. ഈ കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവനാളുകൾക്കും സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ച് അത് കൃത്യമായി വിതരണം ചെയ്‌തു. എന്നാൽ അന്നങ്ങനെയായിരുന്നില്ല. അന്ന് മുഖ്യമന്ത്രി തീരദേശ മേഖലയിലുള്ളവർക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ഉപഭോക്താക്കൾ റേഷൻ ലഭിക്കാൻ അർഹരായി ഉണ്ടായിരുന്നു. എന്നാൽ അത് തീരുമാനിച്ച രൂപത്തിൽ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞില്ല. പ്രഖ്യാപനം നടന്ന് ദിവസങ്ങളായിട്ടും സിവിൽ സപ്ലൈസ് വിഭാഗത്തിന് ഔദ്യോഗികമായി വിവരം കിട്ടാത്ത അവസ്ഥയായിരുന്നു. രക്ഷാപ്രവർത്തനങ്ങളിലും, പുനരധിവാസ പ്രവർത്തനങ്ങളിലും ഇത്രയധികം അലംഭാവങ്ങളുണ്ടായിട്ടും പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കാൻ മെനക്കെട്ടില്ല എന്നുമാത്രമല്ല പരമാവധി പിന്തുണ നൽകി സഹകരിച്ചു.

നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കിൽ ദുരിതബാധിതർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഞങ്ങൾ സ്വരൂപിച്ച് നൽകാമെന്ന് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‌ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും പ്രാഥമിക സഹായമായ സൗജന്യ റേഷൻ വിതരണം പോലും കൃത്യമായി നിർവ്വഹിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്‌. ദുരിതകാലത്ത് സർക്കാർ തീരുമാനങ്ങളോട് സഹകരണമനോഭാവം പുലർത്തിയ അന്നത്തെ പ്രതിപക്ഷത്തെ ഇപ്പോഴത്തെ പ്രതിപക്ഷം കണ്ടുപഠിക്കേണ്ടതാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top