22 June Tuesday

നായനാർ 87ൽ മത്സരിച്ചില്ലെന്ന് മനോരമ; ഗൗരിയമ്മയുടെ മരണത്തിലും സിപിഐ എമ്മിനെ കുത്തി പച്ചനുണ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

കൊച്ചി> കെ ആർ ഗൗരിയമ്മയുടെ മരണത്തിലും സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത നിർമ്മിച്ച്‌ മലയാള മനോരമയുടെ നുണവ്യാപാരം. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പും ഗൗരിയമ്മയേയും പരാമർശിക്കുന്ന ‘കേരം  തിങ്ങും കേരള നാട്ടിൽ’ വാർത്തയിലാണ്‌ ആ തെരഞ്ഞെടുപ്പിൽ ഇ കെ നായനാർ മത്സരിച്ചിട്ടില്ലെന്ന നുണ മനോരമ കുത്തിക്കയറ്റിയത്‌.

തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇ കെ നായനാരെ ഇഎംഎസ്‌ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ച്‌ മുഖ്യമന്ത്രി സ്‌ഥാനം എൽപ്പിച്ചുവെന്നാണ്‌ മനോരമ വാർത്തയിൽ  പറയുന്നത്‌.  87 ലെ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽനിന്ന്‌ മത്സരിച്ച ജയിച്ച ഇ കെ നായനാരെയാണ്‌ മത്സരിക്കാതെ മുഖ്യമന്ത്രി ആയി എന്ന്‌ ആക്ഷേപിക്കുന്നത്. കോൺഗ്രസിന്റെ കെ കുഞ്ഞികൃഷ്‌ണനെതിരെ 56037 വോട്ടുകൾ നേടിയാണ്‌ അന്ന്‌ നായനാർ തൃക്കരിപ്പൂരിൽനിന്ന്‌ ജയിച്ചതും മുഖ്യമന്ത്രിയായതും. ഈ വസ്‌തുത മറച്ചുവെച്ചാണ്‌ മനോരമയുടെ നുണ.

1987 മാർച്ച്‌ 23ന്‌ ചീമേനിയിൽ തെരഞ്ഞെടുപ്പ്‌ ഫലം വിശകലനം ചെയ്യുകയായിരുന്ന സിപിഐ എം പ്രവർത്തകരെ പാർടി ഓഫീസിന്‌ തീവെച്ചും   വെട്ടിയും കൊലപ്പെടുത്തിയ സംഭവം അന്നുണ്ടായി. അഞ്ച്‌പേരാണ്‌ അന്ന്‌ രക്ഷസാക്ഷികളായത്‌.കോൺഗ്രസുകാരായിരുന്നു പ്രതികള്‍.ചീമേനിയിൽ അന്ന്‌ വീണ ചോരയും കരിഞ്ഞ മാംസവും കണ്ടാണ് നായനാർ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ആ നായനാരെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയാകാൻ വണ്ടി കയറിയ ആളാക്കി മനോരമ ചിത്രീകരിക്കുന്നത്.  പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നായനാരെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996 ലാണ്. അന്ന്‌ ഗൗരിയമ്മ സിപിഐ എമ്മിൽ ഇല്ല.

മനോരമ വാർത്തയെ കുറിച്ചു എൻ എൻ കൃഷ്‌ണദാസ്‌  എഴുതിയ പോസ്‌റ്റ്‌

ചരിത്രബോധത്തിന്റെ ഈ ആന മണ്ടത്തരം തിരുത്തി മനോരമ കേരളത്തോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുമോ?

സഖാവ്.ഗൗരിയമ്മക്ക് ഇന്നലെ കേരളം വീരോചിതമായ വിട നൽകി. COVID മഹാവ്യാധിക്കാലമല്ലെങ്കിൽ ലക്ഷോപലക്ഷം ആളുകൾ ആ വിലാപയാത്രയിൽ പങ്കാളികളായേനെ.!!

ഇന്ന് അച്ചടി മാധ്യമങ്ങൾ അർഹിക്കുന്ന പ്രധാന്യത്തോടെ തന്നെ ഗൗരിയമ്മയുടെ വിടവാങ്ങൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്കാര്യത്തിലും മനോരമ മുന്നിൽ തന്നെയുണ്ട്. എന്നാൽ അന്ധമായ മാർക്സിസ്റ്റ് വിരോധം അവരുടെ ചരിത്ര ബോധത്തെ അപമാനകരമായ വിധം അപകീർത്തിപ്പെടുത്തുന്നൊരു സ്പഷ്ട്ടമായ എഴുത്തുണ്ട് ഇന്നത്തെ മനോരമയുടെ നടുപ്പേജിലെ ഏറ്റവും പ്രധാന വാർത്താ രചനയിൽ. " കേരള രാഷ്ട്രീയത്തിലെ ചെങ്കതിർ" എന്ന തലക്കെട്ടിൽ എം.എ. അനൂജ് എന്നയാൾ പേര് വച്ചെഴുതിയ പ്രധാന "സ്റ്റോറി" യിൽ ആണ് ആ ഭീമാബദ്ധം.

"കേരം തിങ്ങും, കേരള നാട്ടിൽ" എന്ന ചെറു തലക്കെട്ടിലുള്ള പാരഗ്രാഫിൽ എഴുതിയിരിക്കുന്നു,... "1987ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇ.കെ.നായനാരെ ഇ.എം.എസ് തിരുവനന്തപുരത്തെക്ക് വിളിപ്പിച്ചു മുഖ്യ മന്ത്രി സ്ഥാനം ഏൽപ്പിക്കുകയായിരുന്നു", എന്ന്!!! ഇദ്ദേഹത്തിന്റെ ചരിത്ര ബോധം അപാരം. 1982 മുതൽ 87വരെയുള്ള കരുണാകര ഭരണം സംസ്ഥാന രൂപീകരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും സമരഭരിതമായ കാലമായിരുന്നു. (ഉദാഹരണങ്ങൾ ബോധപൂർവ്വം വിവരിക്കാതിരിക്കകയാണ്) ആ സമരഭരിത കാലത്തെ ഉജ്വലമായി നയിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് സ.ഇ.കെ.നായനാർ ആയിരുന്നു.

ആ പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പിൽ സ.നായനാർ തൃക്കരിപ്പൂരിൽ നിന്നു മത്സരിച്ചിരുന്നു എന്നറിയാത്ത ഏതെങ്കിലും ആൾ കേരളത്തിൽ ഉണ്ടാവും എന്ന് വിചാരിക്കാനാവില്ല. ആ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ ദിവസം വൈകുന്നേരം ആയിരുന്നു ചീമേനി പാർട്ടി ഓഫീസിൽ 5 സഖാക്കളെ കോൺഗ്രസ്സ് കിരാതന്മാർ തീയിട്ട് ചുട്ടു കൊന്നത്. ആ സംഭവത്തിന്റെ ഞട്ടലിൽ നിന്നു ഇന്നും കേരളം മോചിതമായിട്ടില്ല.

ഏറ്റവും സജീവമായ ഒരു സമരകാലത്ത് ജനങ്ങളെ നയിച്ച പ്രതിപക്ഷ നേതാവ് നയിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും ഭൂരിപക്ഷം കിട്ടിയാൽ സർക്കാരിനെയും നയിക്കുക എന്ന് രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏത് കൊച്ചു കുട്ടിക്കും അറിയാം. മാത്രമല്ല ; സ.ഇ.എം.സ് "വിളിച്ചു വരുത്തി" സ്വകാര്യമായി കൊടുക്കുന്ന "മിട്ടായി" പൊതിയാണ് മുഖ്യമന്ത്രി ചുമതല, അതും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നൊക്കെ എഴുതി വിടണമെങ്കിൽ അപാര "വൈഭവം" തന്നെ വേണം. മനോരമയുടെ മാർക്സിസ്റ്റ് വിരുദ്ധത കേരളത്തോളം പഴക്കമുള്ളതാണ്. ആ "കുപ്രസിദ്ധിക്ക്" ഈ തെരെഞ്ഞെടുപ്പിലും കോട്ടം വരാതിരിക്കാൻ അവർ നന്നായി ശ്രമിച്ചത് കേരളം കണ്ടതുമാണ്. അതിനുള്ള മനോരമയുടെ സ്വാതന്ത്ര്യത്തെ അകമഴിഞ്ഞ് ബഹുമാനിക്കുന്നു.

കേരളമാകെ വിതുമ്പലോടെ വിട നൽകുന്ന ഒരു നിര്യാണ വാർത്ത റിപ്പോർട്ട് ചെയ്യുന്ന വേളയിലും "മാർക്സിസ്റ്റ് വിരുദ്ധത" കാത്ത് സൂക്ഷിക്കാനുള്ള ആ പ്രതിബദ്ധതക്ക് നല്ല നമസ്കാരം. എന്നാൽ അതിനിടയിൽ മനോരമക്കുണ്ട് എന്ന് അവർ തന്നെ അവകാശപ്പെടുന്ന "പ്രൊഫണനലിസം" "ചരിത്രബോധം" ഇതൊക്കെ ഈ അന്ധമായ മാർക്സിസ്റ്റ് വിരോധത്തിൽ കൈമോശം വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചരിത്രത്തോട് ചെയ്ത ഈ നീതികേട് മനോരമ തിരുത്തുമോ?

മനോരമ വാർത്തയെ കുറിച്ചു എം സ്വരാജ്‌ എഴുതിയ പോസ്‌റ്റ്‌

ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയിൽ സിപിഐ എം ന്റെ  ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ട്.

അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ.....! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് .
ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ ... പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ?
 
സി പി ഐ എം വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.
1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു.  മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്,  അന്ന് ഗൗരിയമ്മ സി പി ഐ (എം) ൽ ഇല്ല.

ഇതാണ് സത്യം .
ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top