01 April Wednesday

സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറഞ്ഞ് 195 കുടുംബങ്ങള്‍; സ്‌പോര്‍ട്‌‌സ്‌ ക്വാട്ട നിയമന ഉത്തരവ് വ്യാഴാഴ്ച്ച കൈമാറും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

തിരുവനന്തപുരം > സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറയുകയാണ് 195 കുടുംബങ്ങളും കായിക ലോകവും. സര്‍ക്കാര്‍ സര്‍വീസില്‍ സ്പോട്സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലെ നിയമന ഉത്തരവ് വ്യാഴാഴ്ച്ച താരങ്ങള്‍ക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് കൈമാറുക. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്പോട്സ് ക്വാട്ടയില്‍ നിയമനം നല്‍കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2010-14 കാലയളവില്‍) മുടങ്ങിക്കിടന്ന നിയമനമാണിത്. കായികലോകം ആഹ്ലാദത്തോടെയാണ് സര്‍ക്കാര്‍ നടപടിയെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയകളില്‍ കായിക വകുപ്പിനും കായിക മന്ത്രി ഇപി ജയരാജനും സര്‍ക്കാരിനും അഭിനന്ദനപ്രവാഹമാണ്. 195 കുടുംബങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനൊപ്പം വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഒന്നടങ്കം സമ്മതിക്കുന്നു.

195 താരങ്ങള്‍ക്കും നിയമന ഉത്തരവ് കൈമാറുന്നതോടെ ഈ സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ നിയമനം നല്‍കിയവരുടെ എണ്ണം 440 ആകും. സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇതിനോടകം ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒപ്പം കേരളാ പോലീസില്‍ 58 കായികതാരങ്ങളും നിയമിതരായി. ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം നേടിയ 83 കായികതാരങ്ങളെ എല്‍ ഡി സി തസ്തികയില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ അയച്ചു തുടങ്ങും.

കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം 110 താരങ്ങള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഒരു വര്‍ഷം 50 പേരെയാണ് സ്പോട്സ് ക്വാട്ടയില്‍ നിയമിക്കേണ്ടിയിരുന്നത്. ഇതുപ്രകാരം 2010 മുതല്‍ 2014 വരെയുള്ള അഞ്ചുവര്‍ഷത്തെ നിയമനത്തിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ കണക്കു പ്രകാരം 250 പേര്‍ക്ക് നിയമനം നല്‍കണം. ഒരു തസ്തികയില്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഒരേ കായികതാരം തന്നെ ഒന്നിലധികം വര്‍ഷങ്ങളിലെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 195 പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തെ റാങ്ക് പട്ടികയിലുമായി ആകെ ഉള്ളത്. അതത് വര്‍ഷങ്ങളിലെ ബാക്കി വന്ന ഒഴിവുകളിലേക്ക് നിയമനത്തിന് വൈകാതെ നടപടി സ്വീകരിക്കും. ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ നേരത്തെ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റി പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കും.


പ്രധാന വാർത്തകൾ
 Top