16 December Monday

മോഡിയുടെ 15 ലക്ഷം കിട്ടുമെന്ന്‌ വ്യാജ പ്രചാരണം: പോസ്റ്റ്‌ ഓഫീസിലേക്ക്‌ ഒഴുകിയെത്തി ആളുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

മൂന്നാർ> നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 15 ലക്ഷം കിട്ടുമെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് മൂന്നാറിലെ പോസ്റ്റ് ഓഫീസ് പരിസരം ആളുകളെ കൊണ്ട് നിറഞ്ഞു. 15 ലക്ഷം പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഉള്ളവർക്ക് ലഭിക്കും എന്നാണ് വ്യാജ പ്രചാരണം ഉണ്ടായത്. ഇതോടെ ജോലിക്ക്‌ പോകാതെ ലീവെടുത്ത് വരെ ആളുകൾ അക്കൗണ്ട് എടുക്കാൻ പോസ്റ്റ് ഓഫീസിൽ എത്തുകയായിരുന്നു.

പോസ്റ്റ് ഓഫീസിലെ അക്കൗണ്ടുകൾ വഴി പ്രധാനമന്ത്രി പറഞ്ഞ 15 ലക്ഷം കിട്ടില്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ ഉദ്യോഗസ്ഥർക്ക് പൊലീസിനെ വിളിക്കേണ്ടിവന്നു. പൊലീസ് എത്തിയിട്ടും ആളുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.

പോസ്റ്റ് ഓഫീസിന്റെ സേവിങ്സ് അക്കൗണ്ട് പദ്ധതി കഴിഞ്ഞ ദിവസമാണ് മുന്നാറിൽ പ്രവർത്തനം ആരംഭിച്ചത്. നൂറുരൂപയും ആധാർ കാർഡും, രണ്ട് ഫോട്ടോയും ഉണ്ടെങ്കിൽ ആർക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങാം. ഒരു ലക്ഷം രൂപവരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. നെറ്റ്ബാങ്കിങ്‌ ഉൾപ്പടെയുള്ള സേവനങ്ങളും ലഭ്യമാണ്. പ്രചാരണം വിശ്വസിച്ച് തോട്ടം മേഖലയിൽനിന്നുപോലും ആളുകൾ ലീവെടുത്ത് അക്കൗണ്ട്‌ എടുക്കാൻ മൂന്നാറിൽ എത്തുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top