13 October Sunday

റൗൾ ദ റോക്ക്‌സ്റ്റാർ: കൊച്ചിയിലെ പത്താം ക്ലാസ്സുകാരൻ അമേരിക്കക്കാർക്ക് അധ്യാപകൻ

എസ്‌ ശ്രീലക്ഷ്‌മിUpdated: Monday Aug 26, 2024

കൊച്ചി > സ്കൂളിൽനിന്നെത്തിയാൽ പിന്നെ പത്താംക്ലാസുകാരനായ റൗൾ അധ്യാപകനാണ്‌. വിദ്യാർഥികൾ വിദേശത്തുള്ളവരും. നിർമിത ബുദ്ധിയെക്കുറിച്ചുള്ള (എഐ) ക്ലാസ്‌ ചിലപ്പോൾ രാത്രിവരെ നീളും. ഇടപ്പള്ളിയിലെ പൊതുവിദ്യാലയത്തിൽനിന്ന്‌ ഭാവി സാങ്കേതികവിദ്യയുടെ പുതിയ ആകാശങ്ങളിലേക്ക്‌ പറക്കുകയാണ്‌ റൗൾ ജോൺ അജു.

ചെറുപ്പംമുതൽ പുതിയ സങ്കേതങ്ങളോട്‌ റൗളിന്‌ താൽപ്പര്യമുണ്ടായിരുന്നു. "റൗൾ ദ റോക്ക്‌സ്റ്റാർ' എന്ന യുട്യൂബ്‌ ചാനലിലാണ്‌ തുടക്കം. യുട്യൂബ്‌ വീഡിയോകൾ തയ്യാറാക്കുന്നതിനിടെയാണ്‌ നിർമിത ബുദ്ധിയെക്കുറിച്ച്‌ അറിയാനും പഠിക്കാനും താൽപ്പര്യമുണ്ടാകുന്നത്‌. പിന്നീട്‌, എന്താണ്‌ നിർമിത ബുദ്ധി, എഐയുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോകൾ പങ്കുവച്ചു. ഇൻസ്റ്റഗ്രാം വീഡിയോ കണ്ടാണ്‌ യുഎസിൽനിന്ന്‌ വിദ്യാർഥികൾക്ക്‌ ക്ലാസെടുക്കാൻ അവസരമൊരുങ്ങിയത്‌. എഐ കൺസൾട്ടന്റ്‌ എന്ന നിലയിലും പ്രവർത്തിക്കുന്നു.

"പുതിയ കാലത്തെ മികച്ച സങ്കേതമായി നിർമിത ബുദ്ധി വളരുകയാണ്‌. അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്‌ വേണ്ടത്‌'' - റൗൾ പറഞ്ഞു. അഞ്ചുമുതൽ നോർത്ത്‌ ഇടപ്പള്ളി ഗവ. വിഎച്ച്‌എസ്‌എസിലാണ്‌ പഠിക്കുന്നത്‌. അധ്യാപകരും മികച്ച പിന്തുണ നൽകുന്നു. കേരളത്തിലും വിവിധയിടങ്ങളിൽ നിർമിത ബുദ്ധിയെക്കുറിച്ച്‌ ക്ലാസെടുക്കാൻ പോകാറുണ്ട്‌. എഐ അടിസ്ഥാനപ്പെടുത്തി രണ്ട്‌ റോബോട്ടുകളും രൂപകൽപ്പന ചെയ്തു. അച്ഛൻ അജുവും അമ്മ ഷീബ ആനും മകന്റെ സ്വപ്‌നങ്ങൾക്കൊപ്പംനിന്ന്‌ പ്രോത്സാഹിപ്പിക്കുന്നു.

ന്യായ്‌ സാഥിയും മീ ബോട്ടും

റൗൾ ആദ്യം നിർമിക്കുന്നത്‌ മീ ബോട്ടാണ്‌. തുടക്കത്തിൽ കംപ്യൂട്ടർ ഗെയിംപോലെ രൂപകൽപ്പന ചെയ്ത മീ ബോട്ടിനെ എഐ സഹായത്തോടെ കൂടുതൽ മികച്ചതാക്കി. ക്ലാസെടുക്കുന്ന സമയങ്ങളിൽ റൗൾ ഇല്ലെങ്കിൽ റൗളിന്റെ ശബ്‌ദത്തിൽ റോബോട്ട്‌ ഉത്തരം നൽകുന്ന രീതിയിലായിരുന്നു ക്രമീകരണം. എല്ലാവർക്കും സൗജന്യമായി നിയമോപദേശം നൽകുന്ന രീതിയിൽ വികസിപ്പിച്ചതാണ്‌ 'ന്യായ്‌ സാഥി'. കേസുകളിൽ നിയമസഹായം വേണ്ടവർക്ക്‌ എന്തെല്ലാം ചെയ്യണമെന്ന്‌ നിർമിത ബുദ്ധി സംവിധാനം പറഞ്ഞുതരും. മാത്രമല്ല, പേഴ്‌സ്‌, ഫോൺ തുടങ്ങിയവ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി എന്തുചെയ്യണമെന്നെല്ലാം ന്യായ്‌ സാഥി പറഞ്ഞുതരും.

ബിഎൻഎസ് പരിചിതമാകുന്നതിന് പൊലീസുകാർക്കും അഭിഭാഷകർക്കുംവരെ റോബോട്ട്‌ സഹായകരമാണെന്നതാണ്‌ പ്രത്യേകത. മന്ത്രി പി രാജീവിനെ കണ്ട്‌ റൗൾ 'ന്യായ്‌ സാഥി'യെക്കുറിച്ച്‌ സംസാരിച്ചു. ലോകത്തെമ്പാടുമുള്ളവർക്ക് എഐയിൽ ക്ലാസെടുക്കുന്ന പ്രതിഭയ്ക്ക്‌ എല്ലാ പിന്തുണയും ഉറപ്പുനൽകി മന്ത്രി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ പങ്കുവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top