13 October Sunday
സമ്പർക്കപ്പട്ടികയിലെ ഏഴ് പേർ നെഗറ്റീവ്

നിപാ: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; അതീവ ജാഗ്രത

പി അഭിഷേക്‌Updated: Monday Jul 22, 2024

നിപാ ബാധിച്ച് മരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ മൃതദേഹം മലപ്പുറം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുന്നു

മലപ്പുറം > നിപാ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരണത്തിന്‌ കീഴടങ്ങി. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല്‍ 11.30നാണ്‌ മരിച്ചത്‌. രാവിലെ 10.50ന്‌ ഹൃദയാഘാതമുണ്ടായതോടെയാണ്‌ സ്ഥിതി കൂടുതൽ വഷളായത്‌. മൃതദേഹം ​നിപാ പ്രോട്ടോക്കോള്‍പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ ഖബറടക്കി.

മരിച്ച കുട്ടിയുടെ ഹൈ റിസ്‌ക്‌ സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാഫലം നെ​ഗറ്റീവാണ്‌. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുള്ള സുഹൃത്തുക്കളായ ആറു പേരുടെയും നേരിട്ട്‌ സമ്പർക്കമില്ലാത്ത, കോഴിക്കോട്‌ മെഡിക്കൽ കോളേജിലുള്ള പാണ്ടിക്കാട് സ്വദേശിയായ അറുപത്തെട്ടുകാരന്റെയും ഫലമാണ് നെഗറ്റീവായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
കുട്ടിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ പുരോഗമിക്കുന്നു. നിലവിൽ 380 പേരാണ് പട്ടികയിൽ. ഇതിൽ 68  ആരോഗ്യപ്രവർത്തകർ. 101 പേർ ഹൈ റിസ്‌ക്‌ വിഭാഗത്തിൽ. ഇവരുടെ സ്രവങ്ങൾ പരിശോധിക്കും. കുട്ടിയുടെ റൂട്ട് മാപ്പ് വിപുലീകരിച്ചു. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി(എൻഐവി)ൽനിന്നുള്ള മൊബൈൽ പരിശോധനാ ലാബ് തിങ്കളാഴ്ച കോഴിക്കോട്ടെത്തും. ചികിത്സയ്‌ക്കുള്ള മോണോക്ലോണൽ ആന്റിബോഡി ഞായറാഴ്ച എത്തി.
 
കനത്ത നിയന്ത്രണം 
തുടരുന്നു

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ  32,959  വീടുകളിൽ  ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും പൊലീസും സർവേ നടത്തും. ഇരു പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സമീപ പഞ്ചായത്തുകളായ വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പനി ക്ലിനിക് ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top