13 October Sunday

ഭിന്നശേഷി വിഭാഗത്തിലെ 1204 പേരെ സ്കൂളുകളിൽ നിയമിച്ചു: വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

നടക്കാവ്‌ > ഇടതുസർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്കൂളുകൾ നിയമിച്ചു. വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ്പ്ഡസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.  

വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. "എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്,’–- മന്ത്രി വ്യക്തമാക്കി.

മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ
നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിർമ്മിതി ബുദ്ധി ആദ്യമായ് വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ ഫയലുകൾ അതിസങ്കീർണമാണ്‌. എന്നാൽ, എറണാകുളത്തും കൊല്ലത്തും നടന്ന അദാലത്തുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ഫയലുകളാണ് തീർപ്പാക്കിയത്. ഇത് വളരെ പോസിറ്റീവായ സമീപനമാണ്.  30,000 നിയമനങ്ങൾ ഇടതുസർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിൽ നടന്നെന്നും മന്ത്രി റിയാസ് പറഞ്ഞു.

പരിപാടിയിൽ വെച്ച് പത്തോളം അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ്  നേരിൽ കൈമാറി.  ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി.  ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചത്‌.

മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, മുൻ എംഎൽഎ എ പ്രദീപ്‌കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ സംബന്ധിച്ചു.  പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതവും വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു നന്ദിയും പറഞ്ഞു.  

പരിപാടിയിൽ പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top