27 June Thursday

കോണ്‍ഗ്രസ് സഖ്യത്തിന് ഇത് പന്ത്രണ്ടാം ജയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷം നേടിയത് നാലുതവണ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കൊച്ചി> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം നേടി. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ 1977 ല്‍ നേടിയ നേട്ടത്തിന് അടുത്തെത്തുന്ന വിജയം നേടാന്‍ അവര്‍ക്കായി. 1977 ല്‍ ഇന്ത്യ ഒന്നാകെ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞപ്പോള്‍ കേരളം അവര്‍ക്ക് 20 സീറ്റും നല്‍കി. ഇതുവരെ നടന്ന പതിനേഴ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതിമൂന്നെണ്ണത്തിലും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസ് സഖ്യമായിരുന്നു. നാലുതവണ ഇടതുപക്ഷം നേടി. ഒരിയ്ക്കല്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി.

യുഡിഎഫിനു വന്‍ വിജയം കൊയ്യാനായ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പലപ്പോഴും എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്. 1996 ലെ പോലെ ഒന്നിച്ച് ഇരു തെരഞ്ഞെടുപ്പുകളും നടന്നപ്പോള്‍ പോലും വ്യത്യസ്ത ഫലം ഉണ്ടായിട്ടുമുണ്ട്.

ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ ഇങ്ങനെ:

1951
രാജ്യത്ത്‌ 1951ൽ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ കേരളം നിലവിൽ വന്നിരുന്നില്ല. ഇന്നത്തെ കേരളം ഉൾപ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങളിലായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തു നിന്നും ഒരു ദ്വയാംഗ മണ്ഡലത്തില്‍ നിന്നുള്‍പ്പെടെ 13 അംഗങ്ങളും മദ്രാസ് സംസ്ഥാനത്തു നിന്നും ഒരു ദ്വയാംഗ മണ്ഡലം അടക്കം ആറ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. തിരു കൊച്ചിയില്‍ മീനച്ചിലും മലബാറില്‍ പൊന്നാനിയുമായിരുന്നു ദ്വയാംഗ മണ്ഡലങ്ങള്‍. ഈ 19 സീറ്റില്‍ രണ്ടിടത്ത് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂരില്‍ എ കെ ഗോപാലനും ആലപ്പുഴയില്‍ പി ടി പുന്നൂസും. കോണ്‍ഗ്രസ് എട്ടു സീറ്റില്‍ വിജയിച്ചു. ഒമ്പത് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ പങ്കിട്ടു. അന്നത്തെ ഫലം താഴെ:

 


1957
1957ലെ രണ്ടാം തെരഞ്ഞെടുപ്പിലാണ്‌ കേരളം എന്ന നിലയിൽ ആദ്യമായി മലയാളികൾ വോട്ടുചെയ്യുന്നത്‌. 1957ൽ രണ്ട്‌ ദ്വയാംഗമണ്‌ഡലങ്ങളിലടക്കം 18 ഇടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഒമ്പതു സീറ്റിലും പാർടി പിന്തുണച്ച സ്വതന്ത്രൻ ഒരിടത്തും ജയിച്ചു. തിരുവനന്തപുരത്ത്‌ ജയിച്ച ഈശ്വരയ്യരായിരുന്നു സ്വതന്ത്രൻ. കോൺഗ്രസിന്‌ ആറും പിഎസ്‌പിയ്‌ക്കും ലീഗിനും ഓരോ സീറ്റും ലഭിച്ചു.

1962
1962ലെ മൂന്നാം തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർടിയ്‌ക്ക്‌ ഒരു സ്വതന്ത്രനെയടക്കം ഏഴുപേരെ വിജയിപ്പിക്കാനായി. പ്രശസ്‌ത സാഹിത്യകാരൻ എസ്‌ കെ പൊറ്റക്കാടായിരുന്നു സ്വതന്ത്രൻ. കോൺഗ്രസ്‌ ആറ്‌ സീറ്റിലും ലീഗ്‌ രണ്ട്‌ സീറ്റിലും ആർഎസ്‌പിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.



1967
1967ൽ നാലാം ലോക്‌സഭയിലേക്ക്‌ സിപിഐഎമ്മും സിപിഐയും മുസ്ലിംലീഗും ഒക്കെ ഉൾപ്പെട്ട സപ്ത കക്ഷിമുന്നണിയായാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ആകെയുള്ള 19ൽ 18 സീറ്റും മുന്നണിയ്‌ക്ക്‌ ലഭിച്ചു. സിപിഐഎം 9, സിപിഐ ‐ 3, എസ്‌ആർപി 3, ലീഗ്‌ 2, ആർഎസ്‌പി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസിന്‌ ഒരു സീറ്റ് മാത്രമാണ് കിട്ടിയത്.



1971
1971ൽ അഞ്ചാം   ലോക്‌സഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ മുന്നണിബന്ധങ്ങൾ മാറി. സപിഐഎമ്മിന്‌ രണ്ടുസീറ്റേ കിട്ടിയുള്ളു. പാർടി പിന്തുണച്ച സ്വതന്ത്രൻ വി കെ കൃഷ്‌ണമേനോൻ തിരുവനന്തപുരം സീറ്റില്‍ വിജയിച്ചതോടെ മൂന്ന്‍ സീറ്റായി. മറുഭാഗത്ത്‌ ഒന്നിച്ചുനിന്ന പാര്‍ട്ടികളായ കോൺഗ്രസിന്‌ ആറും സിപിഐയ്‌ക്ക്‌ മൂന്നും ആർഎസ്‌പിയ്‌ക്കും   കേരള കോൺഗ്രസിനും മുസ്ലിം ലീഗിനും രണ്ടും വീതം സീറ്റ്‌ ലഭിച്ചു.



1977
1977ൽ ആറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പോടെയാണ്‌ മണ്‌ഡലങ്ങളുടെ എണ്ണം ഇരുപതായത്‌. അടിയന്തിരാവസ്‌ഥയ്‌ക്ക്‌ പിന്നാലെ നടന്ന ഈ തെരഞ്ഞെടുപ്പിൽ സിപിഐഎം നയിച്ച ഇടതുപക്ഷ മുന്നണിയ്‌ക്ക്‌ സീറ്റൊന്നും കിട്ടിയില്ല. ഇരുപത്‌ സീറ്റും കോൺഗ്രസ്‌ മുന്നണിയ്‌ക്കായി. കോൺഗ്രസ്‌ തനിയെ പതിനൊന്നും സിപിഐ നാലും ലീഗും കേരള കോൺഗ്രസും രണ്ടുവീതവും ആർഎസ്‌പി ഒരു സീറ്റും നേടി.



1980
1980ലെ ഏഴാം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മുന്നണിബന്ധങ്ങൾ ആകെമാറി. സിപിഐഎമ്മിനൊപ്പം കോൺഗ്രസിലെ എ കെ ആന്റണി വിഭാഗവും (കോൺഗ്രസ്‌  ‐ യു) സിപിഐയും കേരള കോൺഗ്രസിൽ ഒരു വിഭാഗവും ചേർന്നു. ആ തെരഞ്ഞെടുപ്പിൽ മുന്നണിയ്‌ക്ക്‌ 20ൽ 12 സീറ്റ്‌ കിട്ടി. സിപിഐഎം ഏഴും സിപിഐ ഒന്നും കോൺഗ്രസ്‌ യു മൂന്നും കേരള കോൺഗ്രസ്‌ എം ഒന്നും സീറ്റ്‌ നേടി. മറുഭാഗത്ത്‌ കോൺഗ്രസ്‌ ഐ അഞ്ച്‌ സീറ്റിലും ലീഗ്‌ രണ്ടിടത്തും ആ മുന്നണിയിലുണ്ടായിരുന്ന കേരള കോൺഗ്രസ്‌ വിഭാഗം ഒരു സീറ്റും നേടി.



1984
1984ലായിരുന്നു എട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌. കക്ഷിബന്ധങ്ങൾ പിന്നെയും മാറിയിരുന്നു. ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാജീവ്‌ഗാന്ധിയ്‌ക്കനുകൂലമായ സഹതാപതരംഗവും ഉണ്ടായതോടെ സിപിഐഎം ഉൾപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയ്‌ക്ക്‌ മൂന്നു സീറ്റേ കിട്ടിയുള്ളു. സിപിഐഎമ്മിനും കോൺഗ്രസ്‌ എസിനും ജനതാപാർടിക്കും ഓരോ സീറ്റ്‌ വീതം കിട്ടി. കോൺഗ്രസ്‌ മുന്നണിക്ക്‌ ബാക്കി 17 സീറ്റു ലഭിച്ചു. കോൺഗ്രസ്‌ 13ഉം ലീഗ്‌ രണ്ടും കേരള കോൺഗ്രസ്‌ രണ്ടും സീറ്റിൽ വിജയിച്ചു.



1989
1989ലെ ഒമ്പതാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ മൂന്ന്‌ സീറ്റേ കിട്ടിയുള്ളു. സിപിഐഎമ്മിന്‌ രണ്ടും കോൺഗ്രസ്‌ എസിന്‌ ഒന്നും സീറ്റ്‌ കിട്ടി. കോൺഗ്രസ്‌ പതിനാല്‌ സീറ്റിലും ഒപ്പം നിന്ന കേരള കോൺഗ്രസ്‌ ഒരു സീറ്റിലും ലീഗ്‌ രണ്ടുസീറ്റിലും വിജയിച്ചു.



1991
1991ലെ പത്താം ലോകസ്‌ഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ കഴിഞ്ഞായിരുന്നു രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടത്‌. അതിനുശേഷമായിരുന്നു കേരളത്തിൽ വോട്ടെടുപ്പ്‌. എൽഡിഎഫിന്‌ നാല്‌ സീറ്റേ കിട്ടിയുള്ളു. സിപിഐഎം മൂന്നിത്തേും കോൺഗ്രസ്‌ എസ്‌ ഒരിടത്തും ജയിച്ചു. മറുഭാഗത്ത്‌ കോൺഗ്രസ്‌ 13 സീറ്റിലും ലീഗ്‌ രണ്ട്‌ സീറ്റിലും കേരള കോൺഗ്രസ്‌ ഒരിടത്തും ജയിച്ചു.



1996

1996ൽ പതിനൊന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുമുന്നണികൾക്കും ഇരുപതിൽ പത്ത്‌ സീറ്റുവീതം ലഭിച്ചു. എൽഡിഎഫിൽ സിപിഐ എമ്മിന്‌ അഞ്ചും സിപിഐയ്‌ക്ക്‌ രണ്ടും ആർഎസ്‌പിയ്‌ക്കും ജനതാദളിനും ഒന്നും സീറ്റ്‌ കിട്ടി. എറണാകുളത്ത്‌ എൽഡിഎഫ്‌ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിൽ കോൺഗ്രസ്‌ എട്ട്‌ സീറ്റിലും ലീഗ്‌ രണ്ടിടത്തും കേരള കോൺഗ്രസ്‌ ഒരിടത്തും ജയിച്ചു.



1998
പതിനൊന്നാം ലോകസഭ കാലാവധി പൂർത്തിയാക്കിയില്ല. പന്ത്രണ്ടാം ലോകസഭയിലേക്ക്‌ 1998ൽ തെരഞ്ഞെടുപ്പ്‌ നടന്നു. എൽഡിഎഫിന്‌ ഇരുപതിൽ ഒമ്പത്‌ സീറ്റ്‌ കിട്ടി. യുഡിഎഫിന്‌ പതിനൊന്നും. സിപിഐഎം‐ 6, സിപിഐ‐ 2, ആർഎസ്‌പി ‐ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിൽ കോൺഗ്രസ്‌ ‐ 9, ലീഗ്‌ ‐ 2, കേരള കോൺഗ്രസ്‌ 1 എന്ന നിലയിലായിരുന്നു ഫലം.



1999
വാജ്‌പേയി നയിച്ച ബിജെപി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ലോക്‌സഭ പിരിച്ചുവിടപ്പെട്ടു. 1999ൽ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ വന്നു. എൽഡിഎഫ്‌ വീണ്ടും ഒമ്പത്‌ സീറ്റ്‌ നേടി. സിപിഐഎമ്മിന്‌ എട്ട്‌ സീറ്റ്‌ ലഭിച്ചു. ഒരു സീറ്റിൽ കേരള കോൺഗ്രസും വിജയിച്ചു. യുഡിഎഫിന്റെ പതിനൊന്ന്‌ സീറ്റിൽ കോൺഗ്രസിന്‌ എട്ടും ലീഗിന്‌ രണ്ടും കേരള കോൺഗ്രസ്‌ എമ്മിന്‌ ഒരു സീറ്റും ലഭിച്ചു.



2004
1967നുശേഷം എൽഡിഎഫിന്‌ ഏറ്റവും വലിയ വിജയം നേടിയ തെരഞ്ഞെടുപ്പാണ്‌ പതിനാലാം ലോക്‌സഭയിലേക്ക് 2004ൽ നടന്ന തെരഞ്ഞെടുപ്പ്‌. എൽഡിഎഫിന്‌ ഇരുപതിൽ പതിനെട്ട്‌ സീറ്റ്‌ നേടി. കോൺഗ്രസിന്‌ സീറ്റേ ഉണ്ടായില്ല.അത് കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. മുമ്പ് ദയനീയമായി തോറ്റ 1967 ല പോലും കോണ്‍ഗ്രസ് ഒരു സീറ്റില്‍ ജയിച്ചിരുന്നു. ലീഗിന്‌ ഒരു സീറ്റ്‌ കിട്ടി. ഒരു സീറ്റിൽ ഐഎഫ്ഡിപി സ്‌ഥാനാർഥിയായി മൽസരിച്ച പി സി തോമസ്‌ വിജയിച്ചു.



2009
2009ലെ പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചിത്രം വീണ്ടും മാറി. എൽഡിഎഫ്‌ വിജയിച്ചത്‌ നാല്‌ സീറ്റിൽ മാത്രം. നാലിടത്തും ജയിച്ചത്‌ സിപിഐഎം. 16 സീറ്റ്‌ നേടിയ യുഡിഎഫിൽ കോൺഗ്രസ്‌ പതിമൂന്നിടത്തും ലീഗ്‌ രണ്ടിടത്തും  കേരള കോൺഗ്രസ്‌ ഒരിടത്തും വിജയിച്ചു.



2014
2014ല്‍  നടന്ന പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ എട്ടും കോൺഗ്രസിന്‌ പന്ത്രണ്ടും എംപിമാരെ ലഭിച്ചു. സിപിഐഎം ‐ 5, സിപിഐഎം സ്വത ‐ 2, സിപിഐ‐ 1 എന്നിങ്ങനെയായിരുന്നു എൽഡിഎഫിലെ കക്ഷിനില. യുഡിഎഫിൽ കോൺഗ്രസ്‌ എട്ടിടത്തും ലീഗ്‌ ഒരിടത്തും ആർഎസ്‌പിയും കോൺഗ്രസും ഓരോ സീറ്റിലും വിജയിച്ചു.

 

2019

പതിനേഴാം  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ 19  എംപിമാരെ ലഭിച്ചു. എൽഡിഎഫ് ഒരുസീറ്റില്‍ ഒതുങ്ങി. യുഡിഎഫിൽ കോൺഗ്രസ്‌ പതിനഞ്ചിടത്തും ലീഗ്‌ രണ്ടിടത്തും ആർഎസ്‌പിയും കേരളകോൺഗ്രസും ഓരോ സീറ്റിലും വിജയിച്ചു. എല്‍ഡിഎഫില്‍ ഒരു സീറ്റില്‍ സിപിഐ എം ജയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top