05 June Monday

മൂന്നാംദിനവും തോരാദുരിതംഎടിഎം കാലി; 4 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2016

ഹരിപ്പാട് / തലശേരി > കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ അസാധുവാക്കിയതും പണം പിന്‍വലിക്കുന്നതിനും വിനിമയം ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ കടുത്തനിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കി. മൂന്നുദിവസം പിന്നിട്ടിട്ടും ഭൂരിഭാഗം എടിഎമ്മുകളും തുറന്നില്ല. എടിഎം കൌണ്ടറുകള്‍ വെള്ളിയാഴ്ച തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം കൌണ്ടറുകളും അടഞ്ഞുകിടന്നു. അതിനിടെ വെള്ളിയാഴ്ച നാലുജീവനുകള്‍ പൊലിഞ്ഞു.

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എസ്ബിടി ശാഖയ്ക്കു മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു.  ഹരിപ്പാട്  കുമാരപുരം പൊത്തപ്പള്ളി തെക്ക് തകിടിയില്‍ തെക്കതില്‍ കാര്‍ത്തികേയന്‍ (72) ആണ് മരിച്ചത്. തലശേരിയില്‍  നോട്ട് മാറുന്നതിന് ബാങ്കിലെത്തിയ കെഎസ്ഇബി ഓവര്‍സിയര്‍ ബാങ്ക് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു. പിണറായി സബ്സ്റ്റേഷനിലെ ഓവര്‍സിയര്‍ മക്രേരി പിലാഞ്ഞിയിലെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ കെ ഉണ്ണി (48) ആണ് മരിച്ചത്. നോട്ട് മാറിവാങ്ങാന്‍ ബാങ്കില്‍ പോകുന്നതിനിടെ അങ്കമാലി പട്ടണത്തില്‍ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു. പീച്ചാനിക്കാട് ചാക്കരപ്പറമ്പ് കൊരട്ടികുന്നേല്‍ ജോഷിയുടെ ഭാര്യ സുജ(43) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.  കൈയിലുണ്ടായിരുന്ന 2000 രൂപ മാറ്റിവാങ്ങാന്‍ രാവിലെമുതല്‍ ഹരിപ്പാട് ഡാണാപ്പടിയിലെ ബാങ്ക്ശാഖയില്‍ ക്യൂ നില്‍ക്കുകയായിരുന്നു കാര്‍ത്തികേയന്‍. 12.30 ഓടെ മാത്രമാണ് ഇദ്ദേഹത്തിന് ബാങ്കിനുള്ളിലേക്ക് കടക്കാനായത്. കൌണ്ടറിനടുത്തെത്തുന്നതിനുമുമ്പ് കുഴഞ്ഞുവീണു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ഭാരതി. മക്കള്‍: സുരേഷ്, രഘു, മധു, ശോഭ. മരുമക്കള്‍: രാജേഷ്, ഉഷ, സുശീല, രാജേഷ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയിലേക്കു മാറ്റി. 

തലശേരിയില്‍ വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തലശേരി ശാഖാ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് ചാടിയാണ് കെഎസ്ഇബി ഓവര്‍സിയര്‍ കെ കെ ഉണ്ണി ജീവനൊടുക്കിയത്. അഞ്ചരലക്ഷത്തിന്റെ നോട്ടുകെട്ടുകളടങ്ങിയ സഞ്ചിയും ഇവ മാറാനുള്ള ബാങ്ക് കൂപ്പണും മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനശേഷം മാനസിക സംഘര്‍ഷത്തിലായിരുന്നു.

പിഎഫില്‍നിന്ന് വായ്പയെടുത്ത നാലു ലക്ഷംരൂപ എസ്ബിടി തലശേരി ശാഖയുടെ എസ്ബി അക്കൌണ്ടില്‍നിന്ന് ചൊവ്വാഴ്ച പകല്‍ പിന്‍വലിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ എസ്ബിടി ശാഖയിലെത്തി ഈ തുക നിക്ഷേപിച്ചു. നിക്ഷേപിച്ച തുക ഉടന്‍ പൂര്‍ണമായി മാറ്റി ലഭിക്കില്ലെന്നറിഞ്ഞതോടെ കടുത്ത ആശങ്കയിലായിരുന്നു. വെള്ളിയാഴ്ച ബാങ്കിലെത്തിയപ്പോഴും പതിനായിരം രൂപയേ തിരികെ ലഭിക്കൂവെന്നാണ് വ്യക്തമായത്. കെഎസ്ഇബി പിണറായി, ധര്‍മടം, കാടാച്ചിറ  സെക്ഷന്‍ ഓഫീസുകളിലും ഏഴിമല സബ്സ്റ്റേഷനിലും ജോലിചെയ്തിട്ടുണ്ട്.  അമ്മ: ദേവകി അമ്മ. ഭാര്യ: റീന. മക്കള്‍: അര്‍ജുന്‍, അക്ഷയ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രഘുനാഥന്‍ (മിലിറ്ററി), മിനി, ജാനകി. മൃതദേഹം തലശേരി ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍.
കൈയ്യിലുള്ള പണം മാറ്റി വാങ്ങാനാകാത്ത വിഷമത്തില്‍ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ചവറ തേവലക്കര അരിനല്ലൂര്‍ അരീക്കാവ് കാവിന്റെ കിഴക്കതില്‍ വര്‍ഗീസ്(55) ആണ് മരിച്ചത്.

100 രൂപ നോട്ടുകളുടെ ക്ഷാമം രൂക്ഷമായതോടെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളില്‍ തികഞ്ഞ മരവിപ്പാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ വെള്ളിയാഴ്ച കമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ചരക്കുഗതാഗതവും സ്തംഭിച്ചു. വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

അതേസമയം പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കുന്നതിന് നല്‍കിയ ഇളവ് തിങ്കളാഴ്ച വരെ ദീര്‍ഘിപ്പിച്ചു. വൈദ്യുതി ബില്‍, വെള്ളക്കരം,  പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മരുന്നുകടകള്‍, റെയില്‍– വിമാന ബുക്കിങ്, മെട്രോ റെയില്‍, സര്‍ക്കാര്‍ ബസുകള്‍, പാല്‍ ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ചവരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം. തിങ്കളാഴ്ച വരെ ടോള്‍ നിരക്കില്ല. തിങ്കളാഴ്ച വരെ കോര്‍ട് ഫീ ആയി പഴയ കറന്‍സികള്‍ ഉപയോഗിക്കാം. നേരത്തെ വെള്ളിയാഴ്ചത്തേക്ക് വരെ മാത്രമായിരുന്നു  ഇളവ്. ഇത് ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

ഭര്‍ത്താവിന്റെ ചികിത്സക്ക് ഭൂമിവിറ്റ 55കാരി ആത്മഹത്യചെയ്തു
ന്യൂഡല്‍ഹി > തെലങ്കാനയില്‍ ഭൂമി വിറ്റുലഭിച്ച 54 ലക്ഷം രൂപ ഇനി മാറാനാകില്ലെന്ന ഭയത്തില്‍ 55 വയസ്സുകാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മെഹബൂബാദ് ജില്ലയില്‍ കെ വിനോദയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനാണ് 12 ഏക്കര്‍ ഭൂമി ഇവര്‍ വിറ്റത്. പണംമാറാന്‍ ക്യൂ നില്‍ക്കുന്നതിനിടെ മുംബൈയില്‍ ് ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top