09 November Saturday

പ്ലസ്‍ടു യോഗ്യത: പ്രവേശന പരീക്ഷകൾ നിരവധി

പി കെ അൻവർ മുട്ടാഞ്ചേരിUpdated: Wednesday Oct 23, 2024

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഉപരി പഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾ എഴുതേണ്ട വിവിധ പ്രവേശന പരീക്ഷകളുടെ വിജ്ഞാപനങ്ങൾ വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം. പ്ലസ്‍ടുവിൽ എത് സ്ട്രീമെടുത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.

സിയുഇടി യുജി  

ഇന്ത്യയിലെ വിവിധ കേന്ദ്ര, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ്‌ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (CUET UG). പ്ലസ്‌ടുവാണ്‌ യോഗ്യത. വിവരങ്ങൾക്ക്‌ : exams.nta.ac.in/CUET-UG

ക്ലാറ്റ്‌ 

കൊച്ചിയിലെ നുവാൽസ് (NUALS) ഉൾപ്പെടെ രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT). 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. ഡിസംബർ ഒന്നിന് പരീക്ഷ നടക്കും. വിവരങ്ങൾക്ക്‌: consortiumofnlus. ac.in

ഓൾ ഇന്ത്യ ലോ എൻട്രസ് ടെസ്റ്റ്

ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ്‌ ഓൾ ഇന്ത്യാ ലോ എൻട്രസ് ടെസ്റ്റ് (AILET). 45 ശതമാനം മാർക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത. നവംബർ 18 വരെ അപേക്ഷിക്കാം ഡിസംബർ എട്ടിനാണ് പരീക്ഷ. വിവരങ്ങൾക്ക്‌: www.nludelhi.ac.in

കേരള നിയമ പ്രവേശന പരീക്ഷ

കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. വിവരങ്ങൾക്ക്‌: www.cee.kerala.gov.in
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, അലിഗഢ് മുസ്ലിം സർവകലാശാല, ജിൻഡാൽ ലോ സ്‌കൂൾ, സിംബയോസിസ് ലോ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകൾ വഴി പഞ്ചവത്സര നിയമ പഠനത്തിന് അവസരമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

ഡിസൈൻ മേഖലയിൽ ശ്രദ്ധേയ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ ക്യാമ്പസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID DAT). പ്ലസ്ടു വിജയമാണ് യോഗ്യത. പ്രധാന ക്യാമ്പസായ അഹമ്മദാബാദിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിലും വിവിധ ഡിസൈൻ പ്രോഗ്രാമുകൾ പഠിക്കാം. പ്രിലിംസ് പരീക്ഷ ജനുവരി അഞ്ചിന് നടക്കും. ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ഇപ്പോൾ പ്ലസ്‌ടുവിന്‌ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: admissions.nid.edu.

യുസിഡ്‌

മുംബൈ, ഹൈദരാബാദ്, ഡൽഹി, ഗുവാഹട്ടി, റൂർക്കി ഐഐടികൾ, ഐഐടിഡിഎം ജബൽപുർ എന്നീ സ്ഥാപനങ്ങളിലെ നാല് വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ്‌ യുജി കോമൺ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ഡിസൈൻ (UCEED). പ്ലസ്ടു വിജയമാണ് യോഗ്യത. ഗുവാഹത്തി, റൂർക്കി ഐഐടികളിലും ഐഐടി ഡിഎം ജബൽപുരിലും സയൻസ് സ്ട്രീമുകാർക്ക് മാത്രമേ പ്രവേശനമുള്ളൂ. പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് യുസീഡ് സ്കോർ പരിഗണിക്കാറുണ്ട്. വിവരങ്ങൾക്ക്‌: www. uceed.iitb.ac.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ

കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി നടത്തുന്ന വിവിധ ബിരുദ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌ നിഫ്‌റ്റ്‌. കണ്ണൂരിലടക്കം 18 ക്യാമ്പസുകളിൽ വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനോട് കൂടിയ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാമുകൾ ലഭ്യമാണ്. പ്ലസ്ടുവാണ് യോഗ്യത. വിവരങ്ങൾക്ക്‌: www.nift.ac.in

മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

മാനേജ്‌മെന്റ് മേഖലയിൽ പഞ്ചവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് രാജ്യത്തെ മുൻനിര മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐഐഎം ഇൻഡോറും ഐഐഎം റോത്തക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT) എന്ന പേരിൽ വ്യത്യസ്ത പ്രവേശന പരീക്ഷകൾ നടത്തുന്നുണ്ട്. പരീക്ഷാ പാറ്റേണിൽ വ്യത്യാസമുണ്ട്. പ്ലസ്ടുതലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. വിവരങ്ങൾക്ക്‌ : www.iimidr.ac.in, www.iimrohtak.ac.in. ഐഐഎം. റാഞ്ചിയിലെ പഞ്ചവർഷ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിനും ഈ പരീക്ഷാ സ്‌കോർ പരിഗണിക്കാറുണ്ട്. വിവരങ്ങൾക്ക്‌ : www.iimranchi.ac.in

ജിപ്‌മാറ്റ്‌

ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (JIPMAT), ജമ്മു, ബോധ്ഗയ ഐഐഎം ക്യാമ്പസുകളിലെ പഞ്ചവർഷ മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌. 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. വിവരങ്ങൾക്ക്‌: www.jipmat.ac.in

ഹോട്ടൽ മാനേജ്‌മെന്റ്

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ്‌ കാറ്ററിങ് ടെക്‌നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളിൽ ത്രിവത്സര ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ്‌ ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയാണ്‌ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (NCHM JEE). പ്ലസ്ടു വിജയമാണ് യോഗ്യത. വിവരങ്ങൾക്ക്‌ : exams.nta ac.in/NCHM

നാഷണൽ കോമൺ എൻട്രൻസ്

നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ കീഴിലുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐടി ഇപി ) പ്രവേശന പരീക്ഷയാണ്‌. റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകൾ തുടങ്ങിയവയിൽ ബിഎ -ബിഎഡ്, ബികോം -ബിഎഡ് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്‌: ncet.samarth.ac.in

മറ്റ് പരീക്ഷകൾ

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ്‌ എക്കണോമിക്സിൽ ബിഎസ്‌സി എക്കണോമിക്സ് (www.gipe.ac.in), ജയ്‌പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ്‌ ഡിസൈനിലെ വിവിധ ഡിസൈൻ പ്രോഗ്രാമുകൾ (www.iicd.ac.in), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബി വോക് പ്രോഗ്രാം (www.cusat.ac.in), നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വിവിധ ബിരുദ പ്രോഗ്രാമുകൾ (www.nsu.ac.in), ലക്ഷ്മി ബായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്വാളിയോറിൽ ഇന്റഗ്രേറ്റഡ് ബിപിഎഡ് പ്രോഗ്രാം (www.lnipe.edu.in)

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ്‌ ആർട്സിൽ വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾ (www.krnnivsa.com), വിവിധ സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പ്രോഗ്രാമുകൾ തുടങ്ങിയവയുടെ പ്രവേശനവും വിവിധ പരീക്ഷകൾ വഴിയാണ്. കലിക്കറ്റ് സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനവും പ്രത്യേക പരീക്ഷ വഴിയാണ് (admission
.uoc.ac.in).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top