19 October Saturday

പരീക്ഷ നന്നായി പ്ളാന്‍ ചെയ്യണം

പി ഡി ശങ്കരനാരായണന്‍Updated: Monday Jul 31, 2017

അക്കാദമിക് പരീക്ഷകളില്‍ നല്ല വിജയം നേടുന്നവരില്‍ പലരും ബാങ്ക് പരീക്ഷയില്‍ പരാജയപ്പെടാറുണ്ട്. ഇതിന് സാധാരണ കണ്ടുവരുന്ന കാരണം ഇനിപ്പറയുന്നവയാണ്:
ഒന്ന്. പരിശീലനക്കുറവ്. സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച് ഉത്തരങ്ങള്‍ കൃത്യമായി നല്‍കാന്‍ നിരന്തര പരിശീലനം വേണം. യഥാര്‍ഥ പരീക്ഷയാണെന്ന് സങ്കല്പിച്ച് അതേ ഗൌരവത്തോടെ മാതൃകാചോദ്യപേപ്പറുകള്‍ക്ക് ഉത്തരം നല്‍കണം. തുടര്‍ന്ന്, അവ എത്രയെണ്ണം സമയത്ത് ചെയ്തു എന്നും എത്രയെണ്ണം ശരിയായി എന്നും എത്രയെണ്ണം വിട്ടുപോയി എന്നും എത്ര ഉത്തരം തെറ്റായി എന്നും നോക്കി വിലയിരുത്തണം. ഇത് നിരന്തരമായി ചെയ്താല്‍ കൃത്യതയും വേഗവും കൈവരും. കഠിനപരിശ്രമമില്ലാതെ ഈ മത്സരപ്പരീക്ഷയില്‍ മുന്നിലെത്താനാവില്ല.
രണ്ട്. പൊതുവിജ്ഞാനക്കുറവ്. പിഎസ്സി പരീക്ഷയ്ക്ക് പഠിക്കുന്നതുപോലെയല്ല, ബാങ്ക് ടെസ്റ്റിന് തയ്യാറെടുക്കേണ്ടത്. സ്ഥിരമായി രണ്ട് പത്രം, പ്രത്യേകിച്ച് മുഖപ്രസംഗ പേജ്, വാണിജ്യ പേജ്, ദേശീയ പേജ്, വിദേശപ്പേജ് എന്നിവ വായിക്കുന്നവര്‍ക്ക് ഈ വിഷയം എളുപ്പമാവും. രണ്ടില്‍ ഒന്ന്, മലയാളത്തില്‍തന്നെയുള്ള സാമ്പത്തിക പത്രമായാല്‍ കൂടുതല്‍ നന്ന്.
മൂന്ന്. ഇംഗ്ളീഷ് പരിജ്ഞാനക്കുറവ്. തെറ്റുകൂടാതെ ഇംഗ്ളീഷ് എഴുതാന്‍ വ്യാകരണവും വാക്ക്പരിചയവും കൂടിയേ തീരൂ. സ്ഥിരമായി രണ്ട് ഇംഗ്ളീഷ് പത്രങ്ങള്‍ വായിക്കണം. ഇത് സാമ്പത്തിക പത്രങ്ങള്‍തന്നെയാവണം. ഇവയില്‍ മുഖപ്രസംഗപേജിലും മറ്റ് പേജുകളിലും വരുന്ന ലേഖനങ്ങള്‍ക്ക് പുറമേ, വിവിധമേഖലകളിലെ പ്രമുഖരുമായി നടത്തുന്ന അഭിമുഖങ്ങളും അര്‍ഥം മനസ്സിലാക്കി വായിക്കണം. അപ്പോള്‍, ഭാഷയുടെ ലളിതവും മനോഹരവുമായ ഉപയുക്തത സ്വായത്തമാവും; ചില സാമ്പത്തികപദഅര്‍ത്ഥപ്രയോഗങ്ങളും.
നാല്. ഏതെങ്കിലും ഒരു വിഷയത്തില്‍ പിന്നോട്ട് നില്‍ക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും കട്ട്ഓഫ് മാര്‍ക്കുണ്ട്. ഇത് അതത് വര്‍ഷങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ പ്രകടനം മൊത്തത്തില്‍ സ്വയം വിലയിരുത്തി തീരുമാനിക്കുന്നതാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ കട്ട്ഓഫ് മാര്‍ക്കിന് താഴെയായാല്‍ മറ്റു വിഷയങ്ങള്‍ക്ക് നൂറ് ശതമാനം മാര്‍ക്ക് കിട്ടിയാലും വിജയിക്കില്ല. ആയതിനാല്‍, എല്ലാ വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയും ക്ഷീണമുള്ള വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും വേണം.
കഠിനാധ്വാനമാണ് ബാങ്ക് പരീക്ഷ ജയിക്കാന്‍ ആകെ വേണ്ട കൈമുതല്‍. ബാഹ്യ ഇടപെടലുകളൊന്നും ബാങ്ക് പരീക്ഷ ജയിക്കാനോ, അഭിമുഖത്തിലും കൂട്ട് ചര്‍ച്ചകളില്‍ മുന്നിലെത്താനോ സഹായിക്കില്ല. ലക്ഷങ്ങള്‍ കൊടുത്ത് പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ബാങ്ക് ജോലി വാങ്ങാനാവില്ല. അതിനുവേണ്ടത് അക്ഷീണ പരിശ്രമമാണ്.
പരീക്ഷക്ക് വേണ്ട ആദ്യത്തെ മുന്നൊരുക്കം, പഠനം ശരിയായി പ്ളാന്‍ ചെയ്യുക എന്നതാണ്. എത്ര ആഴ്ച പഠിക്കാന്‍ സമയം കിട്ടും, അതില്‍ ഓരോ വിഷയവും എത്ര ആഴ്ച കൊണ്ട് പരിശീലിച്ച് തീര്‍ക്കാനാവും, ഏതെല്ലാം വിഷയങ്ങളിലാണ് പിറകോട്ട് നില്‍ക്കുന്നത്, അത് എങ്ങനെ നന്നാക്കി എടുക്കാനാവും എന്നെല്ലാമുള്ള കാര്യങ്ങളില്‍ വ്യക്തമായ പദ്ധതി രൂപപ്പെടുത്തണം.
മുന്‍പ് പറഞ്ഞപോലെ പത്രവായന നിര്‍ബന്ധമാണ്. ആദ്യം പൊതുദിനപത്രം വായിച്ച ശേഷം മലയാളം സാമ്പത്തിക പത്രം വായിക്കണം. മിക്കവാറും അതേ വാര്‍ത്തകള്‍ ഇംഗ്ളീഷ് സാമ്പത്തിക പത്രങ്ങളില്‍ ഉണ്ടാവും. ആദ്യം മലയാളത്തില്‍ വായിച്ച് കാര്യം ഗ്രഹിക്കുന്നത്, ഇംഗ്ളീഷില്‍ അവ മനസ്സിലാക്കാന്‍ സഹായകരമാവും. അതേ സമയം ഓരോ പദത്തിനുമുള്ള കൃത്യമായ ഇംഗ്ളീഷ് പരിഭാഷയും ഭാഷാപ്രയോഗങ്ങളും ഹൃദിസ്ഥമാവും.
അതോടൊപ്പം സാമ്പത്തിക വാര്‍ത്തകള്‍ വരുന്ന ടെലിവിഷന്‍ വാര്‍ത്തകള്‍ കാണാന്‍ ദിവസവും ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം. ഇവിടെ ഓരോരുത്തരും അവരവരുടെ വാദഗതികള്‍ അവതരിപ്പിക്കുന്നതിലെ ചാതുര്യം മനസ്സിലാവും. ഭാഷാപ്രയോഗങ്ങളും ശ്രദ്ധിക്കണം. മനസ്സിലാകാത്തവ എഴുതി വച്ച് അറിവുള്ളവരുമായി സംസാരിച്ച് സംശയനിവൃത്തി വരുത്തണം.
പൊതുവിജ്ഞാനം ഒരു ആയുധമാക്കി ഉപയോഗിക്കാം. മൊത്തം പരീക്ഷാഫലത്തില്‍ നിര്‍ണായക ഘടകം പൊതുവിജ്ഞാനത്തിലെ മാര്‍ക്കാണ്. കാരണം, മറ്റ് വിഷയങ്ങളില്‍ ഒരുവിധം എല്ലാവരുടെയും പ്രകടനം മിക്കവാറും ഒരേ നിലയിലായിരിക്കും. അതായത്, മത്സരത്തില്‍ മുന്നിലെത്താന്‍ പൊതുവിജ്ഞാനത്തിലെ മാര്‍ക്കാണ് സഹായിക്കുന്നത്. ഇതിന് പരന്ന വായന വേണം.
 

പ്രധാന വാർത്തകൾ
 Top