27 June Monday

നൈപുണ്യവികസനം ജീവിതവിജയത്തിന്

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

ഉമേഷിന് ബിടെക്കിന് 85 ശതമാനം മാര്‍ക്ക്. പക്ഷേ അവന്‍ നിരാശനാണ്. ഒന്നിനും കൊള്ളരുതാത്തവനാണെന്നും ഇങ്ങനെ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും  തോന്നുന്നു. മാര്‍ക്ക് കുറഞ്ഞ പലരും ഇന്റര്‍വ്യൂ പാസായി നല്ല ജോലിയില്‍ പ്രവേശിച്ചു. താന്‍ പങ്കെടുത്ത അഞ്ച് ഇന്റര്‍വ്യുകളും ഉമേഷിന് വിജയിക്കാന്‍ പറ്റിയില്ല. വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഉമേഷിനെ കൂടുതല്‍ നിരാശനാക്കി.
കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത്, സഭാകമ്പവും ആത്മവിശ്വാസക്കുറവും കാരണം ഉമേഷിന് തന്റെ അറിവ്, ഇന്റര്‍വ്യൂകളിലും മറ്റു മത്സരകടമ്പകളിലും പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല എന്നാണ്. കുട്ടിക്കാലം മുതലേ, ഉമേഷിന്റെ രക്ഷിതാക്കള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവന് അനുമതി നല്‍കിയിരുന്നില്ല. കാണാതെ പഠിച്ച് മാര്‍ക്ക് വാങ്ങുന്നതിലുപരി വ്യക്തിത്വ വികസനത്തിന് ഒരവസരവും അവന് ലഭിച്ചിരുന്നില്ല.
അതിന്റെ ഫലം, വലുതായപ്പോള്‍ ഉമേഷിന് മാര്‍ക്ക് ഉണ്ടായിട്ടും തന്റെ അറിവ് വേണ്ട രീതിയില്‍ പ്രകടിപ്പിക്കാനുള്ള നൈപുണ്യമോ (skill) ആത്മവിശ്വാസമോ ഇല്ലാതായി എന്നതാണ്. ആത്മവിശ്വാസക്കുറവും  ഭയവും അതിന്റെ കൂടെ കുറ്റപ്പെടുത്തലുംകൂടി ആയപ്പോള്‍ ഉമേഷ് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചുതുടങ്ങി.
ഉമേഷിനെപ്പോലെ നിരവധി യുവതീയുവാക്കളുണ്ട്. എന്തുകൊണ്ടാണിത്. നമ്മള്‍ ഓരോരുത്തരും കാരണക്കാരല്ലേ? രാജ്യത്ത്, അവസരങ്ങള്‍  (opportunities) പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത് പ്രയോജനപ്പെടുത്താനുള്ള മത്സരബുദ്ധിയും വര്‍ധിച്ചുവന്നിട്ടുണ്ട്. ബ്രിട്ടീഷ് തത്ത്വചിന്തകന്‍ 'ഹേര്‍ബെര്‍ട്ട് സ്പെന്‍സര്‍' പറഞ്ഞതുപോലെ ഇത് 'സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്' യുഗമാണ്. വ്യക്തികളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും അതിന് ഫലം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇതിന് അറിവിനോടൊപ്പം ( knowledge) നൈപുണ്യത്തിനും (skill)  മനോഭാവത്തിനും (attitude) വളരെ വലിയ പങ്കാണുള്ളത്.
വിദ്യാഭ്യാസം ഒരു വ്യക്തിയെ പ്രാപ്തിയും ആത്മവിശ്വാസവും ഉള്ളവനാക്കി തീര്‍ക്കേണ്ടതാണ്. ഇതിന് അടിത്തറയായ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും ശുഭാപ്തി വിശ്വാസത്തോടെയുള്ള മനോഭാവവും അറിവും നൈപുണ്യവും അവിഭാജ്യ ഘടകങ്ങളാണ്.
ലോകം മുഴുവന്‍ നൈപുണ്യ (skill development) വികസനത്തിനെ പറ്റി ചിന്തിക്കുന്ന കാലഘട്ടത്തില്‍ നൈപുണ്യത്തിനെപറ്റി കൂടുതല്‍ അറിയാന്‍ നാം ഏവര്‍ക്കും താല്‍പര്യം ഉണ്ടാകുമല്ലോ അല്ലേ?
നൈപുണ്യം (skill) എന്നതിനെ നമുക്ക് പ്രധാനമായും രണ്ടായി തിരിക്കാം. ഔദ്യോഗിക കര്‍ത്തവ്യത്തിന് ആവശ്യമായ നൈപുണ്യ ഘടകങ്ങളെ നമുക്ക് 'ഹാര്‍ഡ് സ്കില്‍സ്' എന്നും ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യഘടകങ്ങളെ 'സോഫ്റ്റ് സികില്‍സ്' എന്നും വിളിക്കാം.
ഹാര്‍ഡ് സ്കില്‍സും സോഫ്റ്റ് സ്കില്‍സും വളരെ പ്രാധാന്യമുള്ളതാണെങ്കില്‍ തന്നെയും വ്യക്തിത്വ വികസനവുമായി ( ) ബന്ധപ്പെട്ട സോഫ്റ്റ് സ്കില്‍സ് ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
(അടുത്തലക്കത്തില്‍
വ്യക്തിത്വവികസനത്തിന്റെ വഴികള്‍)

(ലേഖകന്‍ തിരുവനന്തപുരം  നൈപുണ്യ വികസന പരിശീലന സ്ഥാപനമായ 'കണ്‍സോര്‍ഷ്യം ഓഫ് എക്സ്പര്‍ട്സ് (കോക്സ്) സൊല്യൂഷന്‍സിന്റെ സിഇഒയും മാനവവിഭവ ശേഷി എന്ന വിഷയത്തില്‍ വിവിധ കലാലയങ്ങളില്‍ വിസിറ്റിങ് പ്രൊഫസറുമാണ്).


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top