ഇന്റര്‍വ്യൂവിനെ അഭിമുഖീകരിക്കുന്നവരെ സംബന്ധിച്ചെടുത്തോളം എങ്ങനെ സ്വയം പ്രസന്റ് ചെയ്യപ്പെടുന്നുവെന്നത് പരമപ്രധാനമാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ബോഡി ലാംഗ്വേജ് എന്നൊരു ആശയംതന്നെ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. മനസ്സിലെ ശങ്കകളും ആത്മവിശ്വാസവും സന്തുലിതാവസ്ഥയില്‍ എത്തുന്ന പോയിന്റില്‍ ആയിരിക്കും ഒരാള്‍ ഏറ്റവും നന്നായി ഇന്റര്‍വ്യുവിനെ നേരിടുന്നത്. അമിതമായ ആശങ്കയോ അതിരുകടന്ന ആത്മവിശ്വാസമോ അഭിമുഖത്തില്‍ ഒരാള്‍ക്ക് തുണയായിരിക്കില്ല. ഇതുരണ്ടും ശരീരഭാഷയില്‍ നന്നായി പ്രതിഫലിക്കുകയും ബോര്‍ഡിന് ഉദ്യോഗാര്‍ഥിയെ ഏളുപ്പത്തില്‍ വിലയിരുത്താന്‍ സഹായകമാവുകയും ചെയ്യുന്നു.
അഭിമുഖത്തെ വളരെ ക്രിയാത്മക സമീപനത്തോടെ നേരിടുന്നവരെ സംബന്ധിച്ച് രണ്ട് നേട്ടങ്ങള്‍ സ്വായത്തമാക്കാനാവും. ഒന്ന് ഇതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസം വഴി നല്ല ശരീരഭാഷയും ശരിയായ പ്രസന്റേഷനും സാധ്യമാകും. ഇതുവഴി ജോലിയും ഉറപ്പാക്കാനാവും . ഇനി ജോലി ലഭിച്ചിട്ടില്ലെങ്കില്‍തന്നെ തുടര്‍ന്ന വരുന്ന അഭിമുഖങ്ങളില്‍ വിജയിക്കാന്‍ ഉതകുന്ന വിലപ്പെട്ട അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.
ആത്മവിശ്വാസവും മെച്ചപ്പെട്ട ശരീരഭാഷയും എങ്ങനെ നേടാമെന്ന് നോക്കാം. അക്കാദമിക് പാഠങ്ങള്‍ സംഗ്രഹിച്ച് തയ്യാറാക്കിയ കുറിപ്പുകള്‍ ആവര്‍ത്തിച്ച് വായിക്കണം. അതുപോലെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ക്രോഡീകരിച്ച് തയ്യാറാക്കി വര്‍ക്കു ഷീറ്റുകള്‍ തുടര്‍ച്ചയായി റിവ്യു ചെയ്യണം . ഇത്രയും ചെയ്താല്‍ അറിവിലൂടെ ആത്മവിശ്വാസമാര്‍ജിച്ച് ഇന്റര്‍വ്യുപേടിയെ അകറ്റി നിര്‍ത്താം.
അറിവിന്റെ കാര്യം ഉറപ്പാക്കിയാല്‍ അടുത്തഘട്ടം ആകാരത്തിന്റേതാണ്. സ്വന്തംരൂപത്തെക്കുറിച്ച് അവനവനുതന്നെയുള്ള മതിപ്പ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ്. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയവരില്‍ ഭൂരിപക്ഷവും സിനിമാതാരങ്ങളെ പോലെ ആകാര സൌഭാഗ്യമുള്ളവരല്ലെന്ന് കാണാനാകും. രൂപമല്ല യഥാര്‍ഥ പ്രശ്നം. അതേകുറിച്ചുള്ള അധമചിന്തയും അപകര്‍ഷവുമാണ്. സ്വന്തം രുപം എങ്ങനെയായാലും യോജിച്ചതും വൃത്തിയുള്ളതുമായ വസ്ത്രം ധരിച്ച്, ഇതാണ് ഞാന്‍ എന്ന് സ്വയംബോധ്യപ്പെടുകയാണ് വേണ്ടത്.
മുന്‍വിധികളോ താരതമ്യമോ അരുത്. അക്കാദമിക് കഴിവുകളിലെന്ന പോലെ ആകാരത്തിലും ഒരാള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായിരിക്കും. ഒരു അപരിചിതനായി മാറിനിന്ന് നിങ്ങളെ സ്വയംവിലയിരുത്തുക. ഇതില്‍ നിങ്ങളുടെ മികവ് എന്തൊക്കെ ? പോരായ്മകള്‍ എന്തൊക്കെയെന്ന് വിവേചിച്ചറിയുക. മികവിനെ പുഷ്ടിപ്പെടുത്തുക. പോരായ്മകള്‍ പരിഹരിക്കുക.
ഒരു കണ്ണാടിക്കു മുന്നില്‍ നിങ്ങളെ സ്വയം നിരീക്ഷിക്കാന്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കാം.
1. നില്‍പ്പുംനടപ്പും. 2. ഹെയര്‍ സ്റ്റൈല്‍. 3. വസ്ത്രധാരണം. 4. വാച്ച്, പേന , ടൈ തുടങ്ങിയ എക്സട്രാ ഫിറ്റിങ്സ.്
ഇനി ഇന്റര്‍വ്യു സമയംകാത്ത് പുറത്തു വെയിറ്റ് ചെയ്യുമ്പോള്‍ പരിഭ്രമമകറ്റാനുള്ള പൊടിക്കൈകള്‍:
1. ദീര്‍ഘമായി ശ്വാസോച്ഛ്വാസംചെയ്യുക. 2. പുഞ്ചിരിക്കുക. 3. ഇരുന്നു ചെയ്യാവുന്ന ലഘു സ്ട്രെച്ചിങ് എക്സൈസുകള്‍. 4. കണ്ണുകളടച്ച് കഴുത്ത് ഇരുവശങ്ങളിലേക്കും കറക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..