07 December Tuesday

1031 പുതിയ തസ്തികകൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി 1031 പുതി തസ്തികകള്‍കൂടി സൃഷ്ടിച്ചു. ആരോഗ്യവകുപ്പില്‍ ആര്‍ദ്രം ദൌത്യത്തിന്റെ ഭാഗമായി 610 തസ്തികയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 63 തസ്തികയും സൃഷ്ടിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒമ്പത്, കെമിക്കല്‍ ലാബില്‍ അഞ്ച് എന്നിവയും ഏഴ് പുതിയ പൊലീസ് സ്റ്റേഷനിലായി 320 തസ്തികയും പുതിയ മൂന്ന് ഐടിഐക്കായി 24 തസ്തികയുമാണ് സൃഷ്ടിച്ചത്.

എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍
പുതുക്കല്‍ 31 വരെ
വിവിധ കാരണങ്ങളാല്‍ കൃത്യസമയത്ത് പുതുക്കാന്‍ സാധിക്കാതെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായിപ്പോയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെ പുതുക്കാം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലൈ 31 വരെയുള്ള കാലയളവില്‍ എംപ്ളോയ്മെന്റ്  എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍ അര്‍ധ-സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലിചെയ്ത് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുള്ളില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍, നിശ്ചിതസമയ പരിധികഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍, ആരോഗ്യ കാരണങ്ങളാലും ഉപരിപഠനാര്‍ഥവും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍നിന്ന് വിടുതല്‍ ചെയ്ത/രാജിവച്ചവര്‍ എന്നിവര്‍ക്ക് ആനുകൂല്യം ലഭിക്കും.  www.employment.kerala.gov.in www.employment.kerala.gov.in മുഖേനയാണ് പുതുക്കേണ്ടത്.

കലിക്കറ്റ് അസിസ്റ്റന്റ് ഗ്രേഡ്
റാങ്ക്ലിസ്റ്റ് റദ്ദാക്കി
 അസിസ്റ്റന്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് റദ്ദാക്കാന്‍ കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. നിയമനം പിഎസ്സിക്ക് വിടുകയും പിഎസ്സി റാങ്ക്ലിസ്റ്റ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനി സര്‍വകലാശാല തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കെഎസ്ഇബി 580 കാഷ്യര്‍
ഒഴിവ്കൂടി റിപ്പോര്‍ട്ട് ചെയ്തു
സെപ്തംബര്‍ 21 ന് കാലാവധി അവസാനിക്കുന്ന കാഷ്യര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനത്തിനായി 580 ഒഴിവുകള്‍ കൂടി കെഎസ്ഇബി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധിക്ക് വിധേയമായായിരിക്കും തുടര്‍നടപടികള്‍. പിഎസ്സി അഡ്വൈസ് മെമ്മോ അയക്കുന്നതും വിധിവന്ന ശേഷമായിരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ഈ ലിസ്റ്റില്‍നിന്ന് നിയമനം ത്വരിതപ്പെട്ടത്. ഇന്‍ സര്‍വീസ് ക്വോട്ടയില്‍ 125 പേരെ കാഷ്യര്‍ തസ്തികയില്‍ നിയമിക്കാനും കെഎസ്ഇബി തീരുമാനിച്ചു. മൂന്നുവര്‍ഷം മുമ്പാണ് പൊതുമേഖലാ ബോര്‍ഡ്, കോര്‍പറേഷന്‍, അസിസ്റ്റന്റ് കാഷ്യര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top