14 August Friday

കരിയര്‍ ഗൈഡന്‍സും കേരളത്തിന്റെ പ്രത്യേക സാഹചര്യവും

പി രാജീവന്‍Updated: Monday Aug 21, 2017

ഉന്നത വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായ മലയാളികളുടെ തൊഴില്‍ മനോഭാവവും പലപ്പോഴും തടസ്സമായി വരാറുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാധ്യത മനുഷ്യ വിഭവശേഷിയാണ്്. ലോകത്തിലെ ഏത് തൊഴില്‍ കമ്പോളത്തിലും സ്വീകാര്യമായ നിലയില്‍ നമ്മുടെ മനുഷ്യവിഭവശേഷി രൂപപ്പെടുത്തിയാല്‍ കേരളത്തിന്റെ വികസനത്തിന് മറ്റ് വഴികള്‍ ആരായേണ്ടി വരില്ല.
മനുഷ്യ വിഭവശേഷിയുടെ സമഗ്രമായ വികസനത്തിന്റെ അടിസ്ഥാന ചിന്തകള്‍ ചെന്നെത്തുക കരിയര്‍ ഗൈഡന്‍സിന്റെ വിശാലലോകത്തായിരിക്കും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സങ്കല്‍പ്പമനുസരിച്ച് കരിയര്‍ ഗൈഡന്‍സ് എന്നാല്‍ ' ഒരു വ്യക്തിയുടെ കരിയര്‍ ലക്ഷ്യം രൂപപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ, പരിശീലന, തൊഴില്‍ മേഖലകളിലുള്ള വൈവിധ്യമാര്‍ന്ന സാധ്യതകളെ ജീവിതത്തിലുടനീളം, (ഏത്  പ്രായത്തിലും ഘട്ടത്തിലും) പ്രയോജനപ്പെടുത്താനുതകുംവിധം നല്‍കുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളുമാണ്'.   

കരിയര്‍ മേഖലയും എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളും
വൊക്കേഷണല്‍ ഗൈന്‍സ് രംഗത്ത് 60 വര്‍ഷത്തെ പാരമ്പര്യമാണ് നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് വകുപ്പിന് ഉള്ളത്.  ഡല്‍ഹിയിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ളോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Cetnral Institute for Research and Training in Employment Service (CIRTES)  എന്ന ഗവേഷണ സ്ഥാപനമാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്ക് ആവശ്യമായ കരിയര്‍ സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നത്.
വൊക്കേഷണല്‍ ഗൈഡന്‍സ് രംഗത്തെ സുദീര്‍ഘമായ പാരമ്പര്യവും കരിയര്‍ മാനേജ്മെന്റ് രംഗത്ത് ലോകത്തുണ്ടാകുന്ന പുതിയ പഠനങ്ങളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടാണ് കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ വികസിപ്പിച്ചത്.
ജനങ്ങളുടെയും സമഗ്രമായ വികസനമാണ് കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ദീര്‍ഘകാല ലക്ഷ്യം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍,  വിദ്യാഭ്യാസ മേഖല,  സന്നദ്ധ സംഘടനകള്‍, ലൈബ്രറികള്‍,  മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം കൂട്ടായ്മയിലൂടെയാണ് പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കുക. വികസിത രാഷ്ട്രങ്ങളിലുള്ളതുപോലെ  കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ കരിയര്‍ സംബന്ധമായ ഏത് ആവശ്യങ്ങള്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന കേന്ദ്രമായി കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വികസിക്കാന്‍ പോകുകയാണ്. തൊഴില്‍ വകുപ്പിനുകീഴില്‍ സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന KASE(KERALA ACADEMY FOR SKILL EXCELLANCE) ആണ് കരിയര്‍ ഡെവലപ്മെന്റ് സെന്ററിനു ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്.

ആറുമാസത്തിനുശേഷം
ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരത്തിലധികംപേര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കരിയര്‍ ഇന്‍ഫര്‍മേഷന്‍, ഇന്റിവിജ്വല്‍ ഗൈഡന്‍സ്, കൌണ്‍സലിങ്, റസ്യൂമെ പ്രിപ്പറേഷന്‍, മോട്ടിവേഷന്‍ ക്ളാസുകള്‍, മോക്ക് ഇന്റര്‍വ്യൂ മുതലായ സേവനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്.
തികച്ചും ഗ്രാമീണമേഖലയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചക്കിട്ടപ്പാറ, നൊച്ചാട് എന്നീ പഞ്ചായത്തുകളിലെ നാലു മിടുക്കരായ വിദ്യാര്‍ഥികളെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നത് സിഡിസിയുടെ സുപ്രധാന നേട്ടമാണ്. സിഡിസിയിലെ നിര്‍ദേശമനുസരിച്ച് അപേക്ഷ നല്‍കുകയും പ്രവേശനപരീക്ഷയില്‍ വിജയിക്കുകയും ചെയ്ത നിരവധി വിദ്യാര്‍ഥികള്‍ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടി. തൊഴില്‍രഹിതരായ ധാരാളം എന്‍ജിനിയറിങ് ബിരുദധാരികള്‍ അഭിമുഖങ്ങളില്‍ വിജയം വരിക്കാനും ജോലി നേടാനും തുടങ്ങി. സിഡിസിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ ഇഷ്ട വിഷയത്തില്‍ തുടര്‍പഠനം നടത്താന്‍ കഴിയുന്ന മികച്ച സ്ഥാപനം കണ്ടെത്തി നല്‍കുകയും പ്രവേശന വഴികള്‍ ധരിപ്പിക്കുകയും ചെയ്തു. സിഡിസിയുടെ സഹായത്തോടെയുള്ള വിദ്യാര്‍ഥികളുടെ പരിശ്രമം വിജയിച്ചാല്‍ ഇവരുടെ ഭാവി ശോഭനമായിരിക്കും; രാഷ്ട്രത്തിന്റെയും.

(പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ്
സെന്ററിലെ മാനേജറാണ് ലേഖകന്‍)
0496 2615500
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top