26 March Sunday

സ്റ്റാർട്ടപ്പുകളുടെ മാലാഖമാർ

റെജി ടി തോമസ്‌Updated: Monday Feb 19, 2018

ദീർഘകാല വളർച്ചാശേഷിയുണ്ടെന്ന് തോന്നുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്കും ചെറുകിട ബിസിനസ്സുകൾക്കും സമ്പന്നരായ നിക്ഷേപകരും നിക്ഷേപക ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന മൂലധനമാണ് വെഞ്ച്വർ ക്യാപ്പിറ്റൽ. വളർച്ചാശേഷിയുള്ള സംരംഭങ്ങളിൽ ഇക്വിറ്റി (ഓഹരി) യായാണ് ഇതു നിക്ഷേപിക്കുക. ആദ്യവർഷങ്ങളിലെ പ്രവർത്തകരുടെ എണ്ണത്തിലോ വാർഷിക വരുമാനത്തിലോ ഇവ രണ്ടിലുമോ ഉള്ള വളർച്ച നോക്കിയും ഉപയോഗിക്കുന്ന പുത്തൻ സാങ്കേതികവിദ്യ നോക്കിയുമെല്ലാം വളർച്ചാശേഷി കണക്കുകൂട്ടും.
വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകാർ സംരംഭങ്ങളുടെ പിൽക്കാല വളർച്ചാഘട്ടത്തിലും നിക്ഷേപം ആരംഭിക്കാറുണ്ട്. പുതിയ സ്റ്റാർട്ടപ്പുകളുടെ തുടക്കത്തിലെ മൂലധനസഹായത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് എയ്ഞ്ചൽ ഫണ്ടുകാർ. ബിസിനസ് എയ്ഞ്ചൽ, സീഡ് ഇൻവസ്റ്റർ എന്നിങ്ങനെയും ഇവരെ വിളിക്കും. മൂലധനമില്ലാതെ വിഷമിക്കുന്ന സംരംഭകർക്ക് ഇവർ മാലാഖമാരാണ്.
ഇന്റർനെറ്റിലെ വമ്പന്മാരായിത്തീർന്ന ഗൂഗിളിന്റെ തുടക്കം ഓർക്കുന്നില്ലേ? 1990കളുടെ മധ്യത്തിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലിരുന്ന് പണമൊന്നും മോഹിക്കാതെ അന്നത്തെ പ്രാകൃത ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡിങ് നടത്തി വെബ് ലിങ്കുകൾ വിശകലനം ചെയ്തിരുന്ന രണ്ടു ഗവേഷണ വിദ്യാർഥികൾ ‐ സെർജി ബ്രിന്നും ലാറി പേജും. വെബ്പേജുകൾക്ക് റാങ്ക് നിർണയിക്കുന്ന പേജ്ലിങ്ക് എന്ന അൽഗരിതത്തിൽ (ഒരുകൂട്ടം കംപ്യൂട്ടർ സൂത്രവാക്യങ്ങൾ) അവരെത്തി. അതുവച്ച് 1997ൽ അവർ “ബാക്റബ്’ എന്നൊരു പ്രാകൃത സർച്ച് എൻജിൻ ഉണ്ടാക്കി. ഏതാനും മാസങ്ങൾക്കുള്ളിൽ അത് മെച്ചപ്പെടുത്തിയാണ് “ഗൂഗിൾ’ ആയത്. ആദ്യം ആ സർച്ച് എൻജിൻ സർവകലാശാലയിലെ സഹപാഠികളുടെയും അധ്യാപകരുടെയും ഉപയോഗത്തിന് കൊടുത്തു. സർവകലാശാലയുടെ സാങ്കേതികവിദ്യ ലൈസൻസിങ് വിഭാഗം പേറ്റന്റിന് അപേക്ഷിച്ചു. അന്നത്തെ “മികച്ച’സർച്ച് എൻജിനുകളായിരുന്ന ആൾട്ടാവിസ്റ്റയ്ക്കോ യാഹുവിനോ എക്സൈറ്റിനോ തങ്ങളുടെ പേജ് റാങ്ക് സംവിധാനം വിലയ്ക്കു കൊടുത്തേക്കാമെന്ന് സെർജിയും ലാറിയും കരുതിയെങ്കിലും ആരും വാങ്ങാൻ തയ്യാറായില്ല. അവർ നിരാശപ്പെട്ടില്ല. ഗൂഗിളിനെക്കുറിച്ചു പരമാവധി പേരെ അറിയിക്കാൻ 1998ൽ ഇ‐മെയിൽ ന്യൂസ് ലെറ്ററുകളയച്ച് സുഹൃത്തുക്കളോട് അഭ്യർഥിച്ചു. പ്രചാരം വർധിച്ചു. അപ്പോഴും ഇരുവരും സർച്ച് ഫലങ്ങൾ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഏറ്റവും ചെലവുകുറഞ്ഞ രീതിയിലായിരുന്നു അവർ പരിശ്രമിച്ചത്. എന്നിട്ടും പോക്കറ്റ് കാലിയായി. അപ്പോഴാണ് സൺ മൈക്രോ സിസ്റ്റംസിന്റെ സഹസ്ഥാപകൻകൂടിയായ സിലിക്കൺ വാലിയിലെ എയ്ഞ്ചൽ നിക്ഷേപകൻ വരുന്നത്. ഈ വർഷങ്ങളിൽ ഞാൻ കണ്ടുമുട്ടാൻ ഇടവന്ന ഏറ്റവും മികച്ച ആശയം. എനിക്ക് ഇതിന്റെ ഭാഗമാകണം‐ ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
ഫൈനാൻസിങ്, ഓഹരി, മൂല്യനിർണയം‐ ഒന്നും സെർജിക്കും ലാറിക്കും അറിയാമായിരുന്നില്ല. സൺ മൈക്രോസിസ്റ്റംസ് തുടങ്ങാൻ കൊതിച്ച നേരത്ത് ഒരു പ്രാരംഭ‘ നിക്ഷേപകൻ ആദ്യവർത്തമാനത്തിൽ തൽക്ഷണം എഴുതിത്തന്ന വിലമതിക്കാനാവാത്ത ചെക്കിന്റെ ഓർമയിൽ, ഗൂഗിൾ ഇൻകോർപറേറ്റഡിന്”ബെക്തോൾഷീം ഒരുലക്ഷം ഡോളറിന്റെ ചെക്ക് അവിടെവച്ച് എഴുതിക്കൊടുത്തു. ജോലി ചെയ്യാൻ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കമ്പനികളിൽ ഒന്നാമത്തേതായി ഇപ്പോൾ തുടർച്ചയായി ആറാംവർഷവും ഫോർച്യൂൺ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന 7500 കോടി ഡോളറിന്റെ ഗൂഗിൾ ഡോട്കോം അങ്ങനെ തുടങ്ങിയതാണ്.
സിലിക്കൺവാലിയിലല്ല, നമ്മുടെ കേരളത്തിലും വെഞ്ച്വർ ക്യാപ്പിറ്റലിന്റെയും എയ്ഞ്ചൽ ഫണ്ടുകളുടെയും നിക്ഷേപം നല്ല ആശയവും അർപ്പണബുദ്ധിയുമുള്ള ചെറുപ്പക്കാർക്ക് വലിയ കൈത്താങ്ങാകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top