23 March Thursday

തൊഴില്‍ തേടലല്ല, കണ്ടുപിടിക്കല്‍

റെജി ടി തോമസ്Updated: Monday Dec 18, 2017

മനസ്സിനിണങ്ങിയതും മതിയായ വരുമാനം ലഭിക്കുന്നതുമായ ഒരു ജോലിയിലെത്തുന്നതിനുമുമ്പ് ഏറെ അലഞ്ഞവരുണ്ടാവും. പഠിത്തം തീരുംമുമ്പെ പണി നേടിയവരുമുണ്ടാവും. രണ്ടും സാധ്യതയാണ്. സാധ്യതകളുടെ ഈലോകത്ത് ഏറെ അലയാനിടവരാതിരിക്കുന്നതിന് എന്തുവഴി?
ആദ്യമേ, നിങ്ങള്‍ വെറുമൊരു  'ഉദ്യോഗാര്‍ത്ഥി' അല്ലെന്നു മനസ്സില്‍ പറയണം. നിങ്ങള്‍ തൊഴില്‍രഹിതനല്ല, ഒന്നും ചെയ്യാതെ തൊഴില്‍ തേടിനടക്കുന്ന ആളല്ല, നിങ്ങളെ തേടിവരുന്ന നിങ്ങളര്‍ഹിക്കുന്ന തൊഴിലിന് നിങ്ങള്‍ക്കുള്ള അവകാശം (Employability) തെളിയിക്കാന്‍ ഇറങ്ങിയിരിക്കുന്ന ആളാണെന്ന് നിങ്ങളോടുതന്നെ പറയുക. മടുപ്പിക്കുന്ന അന്വേഷണത്തിന്റെ അലച്ചിലല്ല, കണ്ടെത്തലിന്റെ ചാരിതാര്‍ഥ്യത്തിലേക്ക് എളുപ്പം കടക്കാനുള്ള പോസിറ്റീവ് ഊര്‍ജമാണ് അതു തരിക.
'ഞാനാര്' എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജീവിതത്തില്‍ ഏറ്റവും വിഷമമനുഭവിക്കാവുന്ന കാലമാണ് തൊഴില്‍രഹിതനെന്നു വിളിക്കപ്പെടുന്ന കാലം. തൊഴിലിനൊരുങ്ങുന്നവരെന്നോ ഔപചാരികപഠനം കഴിഞ്ഞ് തൊഴില്‍കണ്ടെത്തലിന് അധികം വേണ്ട പഠനപരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നവരെന്നോ ഉള്ള പരിഗണന ബന്ധുമിത്രാദികള്‍ നിങ്ങള്‍ക്ക് നല്‍കണമെന്നില്ല.
തൊഴില്‍രഹിതന്‍, പണിയില്ലാത്തവന്‍, പണികിട്ടാത്തവന്‍ എന്നൊക്കെ അവര്‍ നിങ്ങളെക്കുറിച്ചു പറയുമ്പോള്‍, നിങ്ങള്‍ കണ്ടെത്താന്‍ പോവുന്ന പണിയെക്കുറിച്ച് അവര്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് ഉള്ളില്‍ പറയുക.
നിങ്ങള്‍ 'ജോബ് സീക്കര്‍' (Job-seeker) അല്ല; 'ജോബ് ഫൈന്‍ഡര്‍' (Job-finder) ആണ് - പണി കണ്ടുപിടിക്കുന്നവന്‍/കണ്ടുപിടിക്കുന്നവള്‍.
'തൊഴിലന്വേഷണം' എന്ന വിചാരമാതൃക വിട്ട്, 'തൊഴില്‍ കണ്ടുപിടുത്തം' എന്ന കണ്ണട വച്ചുനോക്കൂ. അപ്പോള്‍ ഗവേഷകര്‍ക്കു തുല്യമായ സമര്‍പ്പണബുദ്ധിയോടെ, സൂക്ഷ്മനേത്രത്തോടെ, തൊഴിലവസരങ്ങളുടെ ലോകത്തേക്കു നോക്കുവാന്‍ കഴിയും; കണ്ടെത്താനുണ്ടായിരുന്നത് യഥാസമയം കണ്ടെത്താനും കഴിയും.
ഇതിനിടയിലുള്ള ക്ളേശം നല്ല ഗവേഷകര്‍ക്ക് ഒരു ക്ളേശമായി തോന്നില്ല. നിങ്ങള്‍ തൊഴിലന്വേഷണത്തിനു പകരം തൊഴില്‍ കണ്ടുപിടുത്തത്തിനു മുതിരുമ്പോഴും അങ്ങനെയാണ്. അതൊരു ഗെയിമിന്റെ ആവേശമായി, ലഹരിയായി മാറും.
എനിക്കു പറ്റിയ പണി ഉണ്ടായിക്കൊണ്ടിരിക്കുന്നത് എവിടെ, അത് ഉണ്ടാകാന്‍ പോകുന്നത് എവിടെയെന്ന് കണ്ടെത്തുന്നതാണ് തൊഴില്‍ കണ്ടുപിടുത്തം. പ്രൊഫഷണല്‍/വൊക്കേഷണല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് സ്വന്തം പ്രൊഫഷണലിലേക്ക് നേരേ അപേക്ഷിച്ചാല്‍ മതി. മറ്റു കോഴ്സുകള്‍ പഠിച്ചവരുടെ മുന്നില്‍ ഒട്ടേറെ തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാവും. ഇതില്‍ ഏതുതരം തൊഴിലുകളാണ് തനിക്കു പറ്റിയ പണിയെന്ന് തീര്‍ച്ചയില്ലാത്തവരാണ്, തലങ്ങും വിലങ്ങും ഓടി മനസ്സിടിഞ്ഞവരാവുന്നത്.
പറ്റിയ പണി തീര്‍ച്ചപ്പെടുത്തിയാല്‍, ഇപ്പോഴോ സമീപഭാവിയിലോ ആ പണിക്ക് അവസരമുണ്ടാകുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, സ്ഥലങ്ങള്‍, രാജ്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിവരം ശേഖരിക്കണം. ആ വിവരശേഖരണമാണ് 'തൊഴില്‍ കണ്ടുപിടുത്തം' എന്ന തൊഴില്‍ ഗവേഷണത്തിലെ  പ്രധാന പ്രവര്‍ത്തനം. അതിനുള്ള സ്മാര്‍ട് വഴികളെക്കുറിച്ചും ഈ പംക്തിയില്‍ എഴുതാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top