28 March Tuesday

സര്‍ക്കാര്‍ ജോലിയും മത്സര പരീക്ഷകളും

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

സര്‍ക്കാര്‍ ജോലിതന്നെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷം പേരുടെയും ആകര്‍ഷകമായ തൊഴില്‍ മേഖല. മത്സര പരീക്ഷകളിലെ ഉന്നത വിജയമാണ് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പ്രവേശന മാര്‍ഗം. മിടുക്കന്മാരായ പലരും ഈ പരീക്ഷകളെ ഗൌരവമായി കാണുന്നില്ല. പഠനത്തോടൊപ്പം മത്സരപരീക്ഷാ പരിശീലനം എന്ന ആശയം ഫലപ്രദമായി നടപ്പാക്കിയാല്‍ 25 വയസ്സിന് മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ കഴിയും. ഈ കാര്യത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും കൂട്ടായിരുന്ന് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്.

അനിവാര്യമായ പരിശീലനം
ഓരോ ജോലിക്കും ആവശ്യമായ  പരിജ്ഞാനവും ബുദ്ധിശക്തിയും നൈപുണ്യവുമാണ് മത്സര പരീക്ഷയിലൂടെ പരിശോധിക്കുന്നത്. എല്ലാ പരീക്ഷയും ഒരുപോലെയല്ല നടത്തുന്നത്. പിഎസ്സിയുടെ എല്‍ഡി ക്ളര്‍ക്ക് പരീക്ഷയുടെ രീതിയല്ല ഐബിപിഎസ് നടത്തുന്ന ബാങ്ക് ക്ളര്‍ക്ക് പരീക്ഷയുടേത്.
ബുദ്ധിയും വിജ്ഞാനവും ആവശ്യത്തിനുണ്ടെങ്കിലും മത്സരപരീക്ഷയില്‍ ചിലര്‍ വിജയിക്കണമെന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കാനും രേഖപ്പെടുത്താനുമുള്ള മികച്ച  നൈപുണ്യംകൂടി ഉണ്ടായാലേ ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയൂ. നിരന്തര പരിശീലനത്തിലൂടെയേ ഇത് സാധ്യമാകൂ. നീന്തല്‍ അറിയാത്ത ആള്‍ പുഴയില്‍ വീണപോലിരിക്കും പരിശീലനമില്ലാതെ മത്സര പരീക്ഷയെ നേരിട്ടാല്‍.

ആസൂത്രണം രണ്ട് രീതിയില്‍
ഓരോ വ്യക്തിയുടെയും സ്വഭാവരീതിയും കുടുംബസാഹചര്യവും കണക്കിലെടുത്തുകൊണ്ടാകണം മത്സര പരീക്ഷാപരിശീലനപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്്. പഠനകാലയളവില്‍ പരിശീലനം ആരംഭിക്കുകയാണെങ്കില്‍ ഒഴിവു ദിവസങ്ങളില്‍ പരിശീലനം നല്‍കുന്ന കുറ്റമറ്റ കേന്ദ്രങ്ങള്‍ കണ്ടെത്തണം. അത്തരം സ്ഥാപനങ്ങളിലെ അനുഭവസമ്പന്നരായ അധ്യാപകരുടെ സഹായത്താല്‍ മുന്‍കാല ചോദ്യങ്ങള്‍ പരിചയിക്കാനും മോഡല്‍ ചോദ്യപേപ്പര്‍ ചെയ്ത് പഠിക്കാനും കഴിയും. പ്ളസ് ടു പഠനവേളയില്‍തന്നെ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന സുപ്രധാന പരിക്ഷകളായ മള്‍ട്ടി ടാസ്കിങ്് സ്റ്റാഫ് (എംടിഎസ്), ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തുടക്കം കുറിക്കുന്നത് നന്നാകും. അതുപോലെ ഡിഗ്രിപഠനകാലയളവില്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്കും പിഎസ്സിയുടെ എല്‍ഡി ക്ളര്‍ക്ക്പോലുള്ള പരീക്ഷകള്‍ക്കും തയ്യാറെടുക്കാവുന്നതാണ്. പഠനകാലയളവിലെ മത്സര പരീക്ഷാപരിശീലനം ദീര്‍ഘകാല പരിശീലനപദ്ധതിയാണ്. പഠനാനന്തരംമാത്രം മത്സരപരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പരീക്ഷവരെയുള്ള കാലയളവ് മാത്രമേ പരിശീലനത്തിന് ലഭിക്കൂ. ഇത്തരക്കാരുടെ പരീശീലനപരിപാടി ഹ്രസ്വ കാലയളവില്‍ ഉള്ളതായിരിക്കും. ഇവയ്ക്ക് വേണ്ടിയും കര്‍ക്കശമായ പരിശീലനതന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ശാസ്ത്രീയമായ ഒരു പരിശീലനപദ്ധതി എഴുതി തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉറക്കം, ഭക്ഷണം, വിനോദം, സൌഹൃദം, വ്യായാമം മുതലായ എല്ലാ വിഷയങ്ങള്‍ക്കും അവശ്യം വേണ്ട പരിഗണന നല്‍കിക്കൊണ്ട് മാത്രമേ പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ പാടുള്ളൂ. തയ്യാറാക്കിക്കഴിഞ്ഞ പദ്ധതിയില്‍നിന്ന് പിന്മാറാതിരിക്കാനും പോരായ്മകള്‍ സംഭവിക്കാതിരിക്കാനും കഠിനമായ പരിശ്രമം നടത്തണം. മത്സരപരിക്ഷാപരിശീലനപദ്ധതിയുടെ ആസൂത്രണത്തില്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ ആറു ഘടകങ്ങള്‍ ഇവയാണ്.
1)ഒബ്ജക്ടീവ്. 2)ടൂള്‍സ്. 3)ടൈം മാനേജ്മെന്റ് 4)മോണിറ്ററിങ്.5)പണിഷ്മെന്റ്, 6)റിവ്യൂ.
ഓരോ ഘട്ടത്തിന്റെയും വിശദാംശങ്ങളും പ്രാധാന്യവും തുടര്‍ന്നുള്ള ലക്കങ്ങളില്‍


സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ് ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top