28 May Sunday

ആക്ഷേപിച്ചാലും കുലുങ്ങരുത്

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ആശയവിനിമയത്തിനായി രണ്ടോ അതിലധികമോ വ്യക്തികള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നതാണ് ഇന്റര്‍വ്യൂവിന്റെ നിഘണ്ഡുനിര്‍വചനം. ഉദ്യോഗദാതാക്കള്‍ മെച്ചപ്പെട്ട ജീവനക്കാരെ ലഭിക്കാന്‍വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇന്‍ര്‍വ്യൂ. ഉദ്യോഗാര്‍ഥികളുടെ പൊതു അവബോധവും ജ്ഞാനവും പരിശോധിക്കാനുള്ളതാണ് എഴുത്തുപരീക്ഷ. ഈ അരിപ്പയിലൂടെ തയ്യാറാക്കപ്പെടുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ സാധാരണ നിലയില്‍ ശരാശരി നിലവാരത്തിന് മുകളിലുള്ളവര്‍ ആയിരിക്കും. പ്രാപ്തിയും മികവുമുള്ളവരുടെ കൂട്ടത്തില്‍നിന്ന് ഏറ്റവും മികച്ചവരെ കണ്ടെത്തുന്നതിനുള്ള 'ടൂള്‍' ആണ് ഇന്റര്‍വ്യൂ. പരീക്ഷയേക്കാളും കടുത്ത മത്സരം ഉദ്യോഗാര്‍ഥി നേരിടുന്നതും അഭിമുഖത്തിലാണ്.
തൊഴിലിനായി ആളുകളെ തെരഞ്ഞെടുക്കുന്നതിന് മാത്രമല്ല ഇന്റര്‍വ്യു നടത്തുന്നത്. ആവശ്യത്തിനനുസരിച്ച് ചില വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായി എല്ലാം ഇന്റര്‍വ്യൂവിനും ചില പൊതുസ്വഭാവങ്ങളുണ്ട്. എന്നാല്‍ ഒരോ ഇന്റര്‍വ്യുവിന്റെയും വ്യത്യാസമറിഞ്ഞ് പ്രതികരിക്കാന്‍ കഴിയുന്നതിലാണ്  ഉദ്യോഗാര്‍ഥിയുടെ വിജയം. അഭിമുഖങ്ങളെ പൊതുവില്‍ താഴെപറയും വിധം വര്‍ഗീകരിക്കാം.
പ്രാഥമിക സ്ക്രീനിങ്: ഇന്റര്‍വ്യുവിന് എത്തുന്ന മുഴുവനാളുകളേയും എല്ലാ കഴിവുകളും ആദ്യാവസാനം വിലയിരുത്താന്‍ ബോര്‍ഡിന് സാധിക്കില്ല. ഉദ്യോഗാര്‍ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു ടീമിനെ നിയോഗിക്കുന്നത് സ്വാഭാവികമാണ്. ഇന്റര്‍വ്യു മാത്രമുള്ള തെരഞ്ഞെടുപ്പില്‍ പ്രാഥമിക പരിശോധനയിലൂടെ കുറേ പേരെ ഒഴിവാക്കാറുമുണ്ട്. ഇത്തരത്തില്‍ നിശ്ചയിക്കപ്പെടുന്ന ചുരുക്കം പേരോ, അല്ലെങ്കില്‍ നേരത്തെ  തീരുമാനിക്കപ്പെട്ട നിശ്ചിത എണ്ണം പേരെ അടിസ്ഥാന യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചോ ആയിരിക്കും മെയിന്‍ ഇന്റര്‍വ്യു ബോര്‍ഡിന് മുന്നിലേക്ക് വിടുന്നത്.
പാനല്‍ ഇന്റര്‍വ്യൂ: ഒന്നിലേറെ ബോര്‍ഡ് അംഗങ്ങള്‍ ഒരു ഉദ്യോഗാര്‍ഥിയേയോ, ഒന്നിലേറെ ഉദ്യോഗാര്‍ഥികളെ കൂട്ടമായിരുത്തി ചര്‍ച്ചാരൂപത്തിലോ വിലയിരുത്തല്‍  നടത്തുന്ന രീതിയാണ് പാനല്‍ അഭിമുഖം. സീനിയര്‍, സൂപ്പര്‍വൈസറി പോസ്റ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് തൊഴിലുടമയോ, എച്ച് ആര്‍ ഡിപ്പാര്‍ടുമെന്റിലെ ഉന്നതരോ അടങ്ങുന്ന പനാലയിരിക്കും ഇത്തരം ഇന്റര്‍വ്യുകള്‍ നടത്തുക.
സ്ട്രെസ് ഇന്റര്‍വ്യു: ഈയ്യിടെ നവമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ഇന്റര്‍വ്യു ക്ളിപ്പിങ്ങ് സ്ട്രെസ് ഇന്റര്‍വ്യുവിന് ഏറ്റവും നല്ല ഉദാഹരണമാണ്. ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ട് ഉത്തരംപറഞ്ഞ യുവതിയെ ബോര്‍ഡംഗം ശരിക്കും അടിച്ചിരുത്തുകയായിരുന്നു. ചിരിക്കാന്‍ ഇവിടെ ആരെങ്കിലും തമാശ പറഞ്ഞോ എന്ന രീതരിയിലായിരുന്നു പ്രതികരണം. നിങ്ങളുടെ മനക്കരുത്തിനെ പരീക്ഷിക്കത്തക്കവിധം കടുത്ത ആക്ഷേപമോ ശകാരമോ ബോര്‍ഡില്‍നിന്ന് പ്രതീക്ഷിക്കണം. എത്ര കടുത്ത പ്രകോപനം ഉണ്ടായാലും സമചിത്തത കൈവിടാതിരിക്കുക എന്നതാണ് ഇവിടുത്തെ പ്രഥമിക പാഠം. തുടരെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരത്തിന് പോലും അവസരം നല്‍കാതിരിക്കുന്ന രീതിയും ഇത്തരം അഭിമുഖങ്ങളില്‍ കാണാം. കടുത്ത മാനസിക സമ്മര്‍ങ്ങളെ അതിജീവിച്ചു ചെയ്യേണ്ട ജോലികളുടെ തെരഞ്ഞെടുപ്പിലാണ് ഈ രീതി ഉപയോഗിക്കാറുള്ളത്.
സ്ട്രക്ചേര്‍ഡ് ഇന്റര്‍വ്യൂ: ഇത്തരം അഭിമുഖങ്ങളില്‍ എല്ലാം ചിട്ടപ്രകാരമായിരിക്കും. എഴുതിതയ്യാറാക്കിയ ചോദ്യങ്ങളും നിങ്ങളുടെ ഉത്തരങ്ങള്‍ എഴുതിയെടുക്കുന്ന രീതിയും ഉണ്ടാകാം. ചോദ്യങ്ങള്‍ നല്‍കി ഉത്തരം എഴുതി നല്‍കാന്‍ പറയുന്ന രീതിയും അവലംബലിക്കാറുണ്ട്. നിശ്ചിത ചോദ്യങ്ങള്‍ക്ക് പുറമെ പ്രത്യേകമായെന്തങ്കിലും പറയണമെങ്കിലും  അവസരമുണ്ടാകും.
റിയാലിറ്റി ഇന്റര്‍വ്യൂ: ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട്  അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ച്, എങ്ങനെ നിങ്ങള്‍ ആ സന്ദര്‍ഭത്തെ കൈകാര്യം ചെയ്യും എന്നതായിരിക്കും ബോര്‍ഡിന്റെ ചോദ്യം. നിങ്ങളുടെ മുന്‍കാല പരിചയത്തെ ആസ്പദമാക്കിയും ഇതേ രീതിയില്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടേക്കാം.
ഡിസ്ഓര്‍ഗനൈസ്ഡ് ഇന്റര്‍വ്യു: ബോര്‍ഡിന്റെ ഭാഗത്ത് വേണ്ടത്ര തയ്യാറെടുപ്പോ ചിട്ടയോ ഇല്ലാതെ നടത്തുന്ന അഭിമുഖങ്ങളെ ഈ ഗണത്തില്‍പെടുത്താം. ബോര്‍ഡ് അംഗങ്ങളുടെ പരിശീനലക്കുറവും ഇതിന് കാരണമാകാം. ഇത്തരം ഘട്ടങ്ങളില്‍  യഥാര്‍ഥ കഴിവുകള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാകുന്നത് ഉദ്യോഗാര്‍ഥിയായിരിക്കും..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top