26 October Monday
കരിയര്‍ ഡവലപ്മെന്റ് സെന്റര്‍

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ പുതിയ മുഖം

പി രാജീവന്‍Updated: Monday Aug 14, 2017

കരിയര്‍ ഗൈഡന്‍സ് മലയാളിക്ക് പുതിയ അനുഭവമായി മാറുകയാണ്. വ്യക്തിയെയും കുടുംബത്തെയും ആഴത്തില്‍ അറിഞ്ഞുകൊണ്ട് ജീവിതവിജയം സാധ്യമാവുന്ന വഴികള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള കേന്ദ്രങ്ങള്‍ ഗ്രാമീണ മേഖലയില്‍ യാഥാര്‍ഥ്യമാവുകയാണ്. പരിചയസമ്പന്നനായ എംപ്ളോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ മനഃശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ള കരിയര്‍ കൌണ്‍സലറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മികവ് പുലര്‍ത്തുന്ന ഐടി  ഓഫീസറും അടങ്ങുന്നതായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കരിയര്‍ ഡവലപ്മെന്റ് സെന്റര്‍.
 2017 ഫിബ്രവരി നാലിന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ഇന്ത്യയിലെ ആദ്യത്തെ കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ ആരംഭിച്ചത്. എല്ലാ ജില്ലയിലും ഒരു കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ ഗ്രാമീണ മേഖലയില്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.  കരിയര്‍ സംബന്ധമായ ഏത് പ്രശ്നത്തിനും പരിഹാരം നല്‍കുന്ന കേന്ദ്രമായിരിക്കും കരിയര്‍ ഡവലപ്മെന്റ് സെന്റര്‍. ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുകളുടെ എക്സ്റ്റന്‍ഷന്‍ സെന്ററുകളായാണ് സിഡിസികള്‍ പ്രവര്‍ത്തിക്കുന്നത്.
കരിയര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ സൂചനകൂടിയാണിത്. കരിയര്‍ ഗൈഡന്‍സ് രംഗത്ത് ധാരാളം ചൂഷണങ്ങളും തെറ്റായ പ്രവണതകളും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ അപ്രമാധിത്വം ഈ മേഖലയില്‍ ദൃശ്യമാണ്. ശരിയായ കരിയര്‍ വിജ്ഞാനം യഥാസമയത്ത് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കിയാലേ നിശ്ചിത പ്രായപരിധിക്കകം അവര്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുകയുള്ളൂ. കരിയര്‍ ഗൈഡന്‍സ് നല്‍കുന്ന വ്യക്തിയുടെ അറിവ്, വൈകാരികമായ പക്വത, ഈ മേഖലയിലെ ആഴത്തിലുള്ള പഠനം എന്നിവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്.
സെന്ററിനകത്ത്
പ്രായഭേദമില്ലാതെ ആര്‍ക്കും ഇവിടെ രജിസ്ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്വെയറില്‍ സൂക്ഷിക്കും. കരിയര്‍ സംബന്ധമായ ഏത് സംശയവും നിവാരണം ചെയ്യുന്നതിന് ഇവിടെ സംവിധാനം ഉണ്ടാവും. കൌണ്‍സലറുടെ സേവനവും ലഭ്യമാണ്. വ്യക്തിയുടെ പഠന നിലവാരം, സാമ്പത്തിക സ്ഥിതി, സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം മുതലായവ എല്ലാം വിശദമായി പരിശോധിച്ച് കോഴ്സുകള്‍, തൊഴില്‍ മേഖലകള്‍, പരിശീലന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ കൌണ്‍സലര്‍ നല്‍കുന്നതായിരിക്കും. എടുത്ത തീരുമാനത്തില്‍ വ്യക്തി എത്രമാത്രം മുന്നോട്ട് പോയെന്ന് സമയബന്ധിതമായി പരിശോധിക്കാനും സംവിധാനം ഉണ്ടാകും.
കോഴ്സുകള്‍ പൂര്‍ത്തീകരിച്ചശേഷം തൊഴില്‍ ലഭിക്കാതിരിക്കുന്നുവെങ്കില്‍ ആവശ്യമായ പരിശീലനവും പ്രചോദനവും സെന്ററില്‍നിന്ന് നല്‍കുന്നതായിരിക്കും. റെസ്യൂമെ പ്രിപ്പറേഷന്‍, പ്രി ഇന്റര്‍വ്യൂ പരിശീലനം, മൃദു നൈപുണ്യ പരിശീലനങ്ങള്‍ എന്നിവയിലൂടെയെല്ലാം വ്യക്തിയുടെ പ്രൊഫഷണല്‍ മികവ് ഉയര്‍ത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ലഭ്യമാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാവിധ നിര്‍ദേശങ്ങളും സെന്ററില്‍നിന്ന് ലഭിക്കും. സെന്ററില്‍ വിപുലമായ കരിയര്‍ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മത്സരപരീക്ഷകള്‍ക്ക് പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കരിയര്‍ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. സെല്‍ഫ് ഹെല്‍പ്പ് വിഭാഗത്തില്‍പെട്ട മികച്ച ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്.
ഇന്റര്‍നെറ്റ് കണക്ഷനുള്ള കംപ്യൂട്ടര്‍ ലാബ് കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ ലൈന്‍ അപേക്ഷകള്‍ നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന സംശയങ്ങള്‍ ഐടി ഓഫീസറുടെ സേവനം ഉപയോഗിച്ച് പരിഹരിക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും. കരിയര്‍ സംബന്ധമായ ഏത് കാര്യത്തിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല.
ഇന്റര്‍വ്യൂവിന് മുന്നോടിയായി ഉദ്യോഗാര്‍ഥികളെ മോക്ക് ഇന്റര്‍വ്യൂവിലൂടെയും ക്ളാസുകളിലൂടെയും പൂര്‍ണമായും സജ്ജരാക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ തൊഴില്‍ തേടുന്നതിനും മറ്റൊരു ജോലിയിലേക്ക് മാറുന്നതിനും നിലവിലുള്ള ജോലിയില്‍ ഉയര്‍ച്ച നേടുന്നതിനും ആവശ്യമായ എല്ലാ ഉപദേശനിര്‍ദേശങ്ങളും സെന്ററില്‍നിന്ന് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top