28 September Thursday

ക്ഷമിക്കൂ ഒരു നിമിഷം നേടാനൊരു ലോകം

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

ലോകത്തിലെ മഹദ്വ്യക്തികളില്‍ പലരും സഹനത്തിന്റെ പ്രതീകങ്ങളാണ്. മഹാത്മഗാന്ധിയും ബെഞ്ചമിന്‍ ഫ്രാങ്ക്ളിനും മദര്‍ തെരേസയും  സമകാലികരായ ഫ്രാന്‍സിസ് മാര്‍പാപ്പയും  ഏഞ്ചലോമെര്‍ക്കലുമൊക്കെ സഹനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയവരാണ്. ക്ഷമ കാര്യക്ഷമതയിലേക്ക് നയിക്കുമെന്ന് ഇവരിലൂടെ നാം മനസിലാക്കുന്നു.
സാങ്കേതികവിദ്യയുടെ സഹായത്താല്‍ ‘ഞൊടിയിടെ എല്ലാം കൈപ്പിടിയിലാകുന്ന ഇന്നത്തെ കാലത്ത് ക്ഷമക്കും സഹനത്തിനും പ്രാധാന്യമേറെയാണ്. തടസ്സങ്ങളെയും കാലതാമസത്തെയും നിരാശയെയും  കൈകാര്യം ചെയ്യാനുള്ള കഴിവിനെ നമുക്ക് സഹനശക്തി (patience) എന്ന് വിളിക്കാം. വികാരങ്ങളെ നിയന്ത്രിച്ച് പ്രതികരിച്ചാലേ ഈകഴിവ് വികസിപ്പിക്കാന്‍ സാധിക്കൂ.
ഇന്റര്‍വ്യുകളില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സഹനശക്തി പരീക്ഷിക്കാന്‍ മാനസികപിരിമുറുക്കമുണ്ടാക്കുന്ന ചോദ്യങ്ങള്‍ വിധികര്‍ത്താക്കള്‍ ഉന്നയിക്കാറുണ്ട്. ഉദാഹരണത്തിന് കര്‍ഷകന്റെ മകനായ ഉന്നതവിദ്യാഭ്യാസം നേടിയ ഉദ്യോഗാര്‍ഥിയോട് താങ്കള്‍ക്കും കൃഷിപ്പണിക്ക് പോകാമായിരുന്നില്ലേ എന്ന ചോദ്യത്തിന് 'അത് എന്റെ ഇഷ്ടമാണെന്നും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് വ്യക്തിഹത്യ’ നടത്തരുതെ'ന്നും പറയുന്നവരുണ്ട്. ഒരു നിമിഷത്തെ  വികാരത്തെ അടക്കിനിര്‍ത്താന്‍ സാധിക്കാത്ത ഇത്തരക്കാര്‍ ആ ഒരു ഉത്തരംകൊണ്ട് തിരസ്കരിക്കപ്പെടുന്നു. ഇതേ ചോദ്യത്തിന് ‘അധ്വാനശീലനായ കര്‍ഷകന്റെ നല്ല ഗുണങ്ങള്‍ പിതാവില്‍നിന്ന് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അത് പ്രാവര്‍ത്തികമാക്കി മേന്മ ഉണ്ടാക്കാനുമാണ് എന്റെ ശ്രമമെന്ന് പുഞ്ചിരിയോടെ മറുപടി നല്‍കിയാലോ?
തൊഴിലിടങ്ങളില്‍ വിവിധ സ്വഭാവ രീതികളുള്ള ആളുകളുമായി ഇടപെടേണ്ടതുണ്ട്. എല്ലാ രീതികളും നമുക്ക് ഇഷ്ടപ്പെടണമെന്നില്ല.
(1) സഹജീവനക്കാരന് ജോലി ചെയ്യേണ്ട രീതി പലതവണ പറഞ്ഞുകൊടുത്തിട്ടും മനസ്സിലാകുന്നില്ല.
(2) ഉപഭോക്താവ് അപ്രസക്തമായ ചോദ്യങ്ങളിലൂടെ നിങ്ങളുടെ സമയം കളയുന്നു.
(3) മേലധികാരിയായ നിങ്ങള്‍ നല്‍കുന്ന ജോലി കീഴ്ജീവനക്കാര്‍ സമയത്ത് ചെയ്ത് തീര്‍ക്കാറില്ല
ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹനശക്തി ഇല്ലെങ്കില്‍ ദേഷ്യം വരികയും അസ്വസ്ഥനാകുകയും പൊട്ടിത്തെറിച്ച് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുകയും ചെയ്യുന്നു.  ആ നിമിഷങ്ങളിലെ വികാരം സ്വയം നിയന്ത്രിച്ചാല്‍ പറയാനുള്ള കാര്യം മറ്റുള്ളവരെ വെറുപ്പിക്കാതെ ധരിപ്പിക്കാന്‍ സാധിക്കും. നിര്‍ണായകമായ ഒന്നോ രണ്ടോ നിമിഷങ്ങളില്‍ കാണിക്കുന്ന ക്ഷമാശീലം നമ്മുടെ പ്രവൃത്തിയില്‍ ഗുണകരമായ ഒരുപാട് ഫലങ്ങള്‍ ഉണ്ടാകുന്നു.
1. മാനസിക ഭാരം കുറയ്ക്കാം
2. നല്ല തീരുമാനങ്ങള്‍ ആലോചിച്ചെടുക്കാം
3. സഹാനുഭൂതിയും കരുണയും കൈവരുത്താം
4. നന്മയെയും വളര്‍ച്ചയെയും അംഗീകരിക്കാം
5. സന്തോഷവും സമാധാനവും നേടാം
ക്ഷമയെയും സഹനത്തെയും പറയുമ്പോള്‍ ചൈനീസ് ബാംബുമരത്തിന്റെ കഥ ഓര്‍ക്കണം. ഒരു ചെറുപ്പക്കാരന്‍ ചൈനീസ് ബാംബൂമരത്തിന്റെ വിത്തുപാകി ഒന്നാം വര്‍ഷം വളവും വെള്ളവും നല്‍കി പരിപാലിച്ചിട്ടും വര്‍ഷാവസാനം ഒരു വളര്‍ച്ചയും കണ്ടില്ല. രണ്ടാം വര്‍ഷവും അയാള്‍ അധ്വാനിച്ചു, മണ്ണിന് മുകളില്‍ ഒന്നും കണ്ടില്ല. മൂന്നാം വര്‍ഷവും നാലാം വര്‍ഷവും അയാള്‍ നല്ലതുപോലെ വളവും വെള്ളവും നല്‍കിയെങ്കിലും ഒരു വളര്‍ച്ചയും കാണാന്‍ സാധിച്ചില്ല. അഞ്ചാം വര്‍ഷം അസാധാരണമായ ഒരു കാര്യം സംഭവിച്ചു. ആ വര്‍ഷം മരം 80 അടി വളര്‍ന്നു. ഒറ്റവര്‍ഷം കൊണ്ട് ഇത്രയും വളര്‍ച്ചയോ? അതെങ്ങനെ?, യഥാര്‍ത്ഥത്തില്‍ ഈ അഞ്ചുവര്‍ഷവും മരം  വളരുകയായിരുന്നു.  നാലു വര്‍ഷം ശക്തമായ വേരുകളുടെ അടിസ്ഥാനമുണ്ടാക്കുകയായിരുന്നു. മണ്ണിനടിയിലുള്ള നാലു വര്‍ഷത്തെ വളര്‍ച്ച കാണാന്‍ അയാള്‍ക്ക് സാധിച്ചില്ലെങ്കിലും  അഞ്ചാം വര്‍ഷം പ്രത്യക്ഷമായ വളര്‍ച്ചക്ക്  അടിസ്ഥാനമായത് നാലുവര്‍ഷത്തെ പരിചരണംതന്നെ.
 സഹനശക്തിയും ഒറ്റരാത്രിയോ വര്‍ഷമോ  കൊണ്ട് വളരുകയില്ല. ഒരു കുട്ടി നിസ്സാരകാര്യങ്ങളില്‍ ദേഷ്യപ്പെടാതെ  ക്ഷമകാണിക്കുമ്പോള്‍ അത് സഹനശക്തിയെന്ന   വലിയ കഴിവിന്റെ അടിസ്ഥാനമാകുന്നു. ഈ അടിസ്ഥാനമുണ്ടാക്കാന്‍ രക്ഷിതാക്കളും   അധ്യാപകരും നല്ല രീതിയില്‍ പരിപാലനം നല്‍കണം. ഭാവിയില്‍ ഇത് സമ്പൂര്‍ണ വ്യക്തിത്വ വികസനത്തിനും  ഉന്നത തൊഴില്‍ നേടാനും സ്വന്തം ജോലിയില്‍ വലിയ വിജയങ്ങള്‍ നേടാനും സഹായകമാകുന്നു.
ദേഷ്യം വരുന്ന  ഒരു നിമിഷത്തില്‍ നിങ്ങള്‍ കാണിക്കുന്ന ക്ഷമ, നൂറ് ദുഃഖദിനങ്ങളിലേക്ക് തള്ളി വിടാതിരിക്കുന്നു’ എന്ന ചൈനീസ് പഴമൊഴി സമൂഹത്തിന്  മാര്‍ഗദര്‍ശകമാണ്.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top